ലോകകപ്പ് ജഴ്സിയിൽ ആരോണും ഇനാനും; U19 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ മലയാളിക്കരുത്ത്

ന്യൂഡൽഹി: അടുത്തവർഷം സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മാത്രെ ക്യാപ്റ്റനായ പതിനഞ്ചംഗ സ്‌ക്വാഡിൽ രണ്ട് മലയാളികളുമുണ്ട്. കോട്ടയം സ്വദേശി ആരോൺ ജോർജ്, തൃശ്ശൂർ സ്വദേശി മുഹമ്മദ് ഇനാൻ എന്നിവരാണ് ഉൾപ്പെട്ടത്. വിയാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചു. മാത്രെ, മൽഹോത്ര എന്നിവർ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുണ്ടാവില്ല. പകരം വൈഭവ് സൂര്യവംശി ക്യാപ്റ്റനും മലയാളിതാരം ആരോൺ ജോർജ് വൈസ്‌ക്യാപ്റ്റനുമാകും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജനുവരി മൂന്ന്, അഞ്ച്, ഏഴ് തീയതികളിലായി മൂന്ന് ഏകദിനങ്ങളാണുള്ളത്. ബെനോനിയിൽവെച്ചാണ് മൂന്ന് മത്സരങ്ങളും നടക്കുക. പരിക്കേറ്റ് ചികിത്സാർഥം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ ചേരുന്നതിന്റെ ഭാഗമായാണ് മാത്രെയും മൽഹോത്രയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. തുടർന്ന് ലോകകപ്പിനുള്ള ടീമിനോടൊപ്പം ചേരും. ഇരുവർക്കും വാരിയെല്ലിനാണ് പരിക്ക്.
ലോകകപ്പിൽ 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ സൂപ്പർ സിക്‌സ്, സെമി ഫൈനലുകൾ, ഫൈനൽ എന്നിങ്ങനെയായിരിക്കും മത്സരക്രമം. സിംബാബ്‌വെയിലെ ഹരാരെയിലാണ് ഫൈനൽ. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബി-യിൽ ന്യൂസീലൻഡ്, യുഎസ്എ, ബംഗ്ലാദേശ് ടീമുകൾക്കൊപ്പമാണ്. ജനുവരി 15-ന് യുഎസ്എയ്‌ക്കെതിരേ ആദ്യമത്സരം. 17-ന് ബംഗ്ലാദേശിനെതിരേയും 24-ന് ന്യൂസീലൻഡിനെതിരേയും മത്സരിക്കും.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), ആരോൺ ജോർജ് (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ എ. പാട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പാട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിങ്, ഉദവ് മോഹൻ, യുവരാജ് ഗോഹിൽ, രാഹുൽ കുമാർ.
അണ്ടർ 19 ലോകകപ്പ് ടീം: ആയൂഷ് മാത്രെ (ക്യാപ്റ്റൻ), വിയെൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ എ. പാട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പാട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിങ്, ഉദവ് മോഹൻ.