എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സിങ്കപ്പുരിനെതിരേ ഇന്ത്യയ്ക്ക് തോല്‍വി; ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്

മഡ്ഗാവ്: ഏഷ്യാകപ്പ് ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ അസ്തമിച്ചു. സിങ്കപ്പുരിനെതിരായ നിര്‍ണായകമായ ഹോം മത്സരത്തില്‍ ലീഡെടുത്ത ശേഷം ഇന്ത്യ തോറ്റു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. കഴിഞ്ഞയാഴ്ച സിങ്കപ്പുരില്‍ നടന്ന മത്സരത്തില്‍ സമനില പിടിച്ച ഇന്ത്യ ഇത്തവണ സ്വന്തം നാട്ടില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
മഡ്ഗാവിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ ലാല്‍ലിയന്‍സുവാല ചാങ്തെയിലൂടെ ഇന്ത്യ മുന്നിലെത്തി. 35 വാര അകലെ നിന്ന് ചാങ്തെ തൊടുത്ത ഒരു ബുള്ളറ്റ് ലോങ് റേഞ്ചര്‍ സിങ്കപ്പൂര്‍ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി. എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സോങ് യുയി-യങ്ങിലൂടെ സിങ്കപ്പുർ ഒപ്പമെത്തി. പിന്നാലെ 58-ാം മിനിറ്റില്‍ യങ്ങിലൂടെ സിങ്കപ്പുർ ലീഡെടുത്തതോടെ ഇന്ത്യ ഞെട്ടി. സമനില ഗോളിനായി മാറ്റങ്ങള്‍ വരുത്തി ഇന്ത്യ പൊരുതിയെങ്കിലും ഗോള്‍ അകന്നുനിന്നു.
തോല്‍വിയോടെ നാലു കളികളില്‍ നിന്ന് രണ്ട് പോയന്റു മാത്രമുള്ള ഇന്ത്യ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായി. നാല് കളികളില്‍ നിന്ന് എട്ടു പോയന്റുമായി സിങ്കപ്പുർ രണ്ടാമതെത്തി.
Content Highlights: India`s hopes for the AFC Asian Cup final round take a hit after a home defeat to Singapore. A lead was lost as India conceded two goals