സ്റ്റിമാച്ച് പറഞ്ഞതുപോലെ 'മരിക്കാൻ' തയ്യാറായി വന്നവർ; വിവാദഗോളിൽ വഴിയടഞ്ഞെങ്കിലും തലയുയർത്തി മടക്കം

വേണ്ടിവന്നാല്‍ മരിക്കാന്‍ തയ്യാറായാണ് മൈതാനത്തിറങ്ങുന്നതെന്നായിരുന്നു ഖത്തറിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞുവെച്ചത്. ജയിച്ചുകയറിയാല്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഉറപ്പായും രേഖപ്പെടുത്തിവെച്ചേക്കാവുന്ന ഒരു 90-മിനിറ്റ്. സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയ ഇന്ത്യന്‍ ജനത. പരിശീലകന്റെ വാക്കുകള്‍ അന്വര്‍ഥമാക്കുംവിധം നീലക്കുപ്പായത്തിലിലറങ്ങിയ പതിനൊന്നുപേര്‍ ജീവന്‍കൊടുത്ത് പോരാടി. ഖത്തറിന്റെ യുവനിരയെ വിറപ്പിച്ചാണ് തുടങ്ങിയത്. ഒടുക്കം മുന്നിലുമെത്തി. കുറിയ പാസുകളുമായി സുന്ദരമായി പന്തുതട്ടുന്ന ഇന്ത്യന്‍ സംഘത്തെ ഒരു പക്ഷേ അടുത്തിടെയൊന്നും കണ്ടിട്ടില്ല. അതും സുനില്‍ ഛേത്രിയെന്ന ഇതിഹാസം ബൂട്ടഴിച്ചുവെച്ചതിന് ശേഷമുള്ള ആദ്യ മത്സരം. ഒരു പുതുയുഗത്തിന്റെ തുടക്കം. പക്ഷേ ദോഹയിലെ ജസിം ബിന്‍ അഹമ്മദ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായിരുന്നു. വെള്ളവരയും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്ത് ഇന്ത്യയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരര്‍ഥത്തില്‍ ഇന്ത്യ ചതിക്കപ്പെട്ടു. പുറത്തുപോയ പന്ത് ബാക്ക്ഹീലിലൂടെ കൈമാറിയ മൊഹി അല്‍ദിനും വലകുലുക്കി ആഘോഷത്തിലാറാടിയ ഐമനും കണക്കുപുസ്തകത്തിലെ വിജയശില്‍പ്പികളായിരിക്കും. എന്നാല്‍ കാല്‍പ്പന്തുകളിയുടെ മാന്യത പഠിക്കാത്ത ചതിയന്‍മാരായി അവര്‍ വിലയിരുത്തപ്പെടുമെന്നുറപ്പ്. ആ ചതിയില്‍ കാലിടറി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്തായി. എങ്കിലും തലയുയര്‍ത്തിയാണ് ഇന്ത്യന്‍ സംഘം മടങ്ങുന്നത്.
ഖത്തറിനെ വിറപ്പിച്ച ഇന്ത്യ; സ്വപ്നം തകര്‍ത്ത വിവാദ ഗോള്‍
വ്യക്തമായ പദ്ധതികളുമായാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിനെ കളത്തിലിറക്കിയത്. ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ച് ടീം മുന്നേറി. കുറിയ പാസുകളുമായി മൈതാനത്ത് നീലക്കുപ്പായക്കാര്‍ കളം വാണപ്പോള്‍ മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ഖത്തറും ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. 11-ാം മിനിറ്റില്‍ ഗോളെന്നുറച്ച ഖത്തര്‍ മുന്നേറ്റം ഗോള്‍വരയ്ക്കടുത്തുവെച്ച് മെഹ്താബ് സിങ് പ്രതിരോധിച്ചു. എന്നാല്‍ ആക്രമണം തുടര്‍ന്ന ഇന്ത്യ 32-ാം മിനിറ്റില്‍ ഗോളിനടുത്തെത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലക്ഷ്യം കാണാനുള്ള സുവര്‍ണാവസരം മന്‍വീര്‍ സിങ്ങിന് ലഭിച്ചെങ്കിലും ഖത്തര്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. നിരനിരയായി ഖത്തറിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതി കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ലാലിയന്‍സുവാല ചാങ്‌തെ വലയിലെത്തിച്ചു. ഇന്ത്യന്‍ ക്യാമ്പ് ആഘോഷത്തിമിര്‍പ്പിലായി. 39-ാം മിനിറ്റില്‍ മികച്ച സേവുമായി ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷക്കെത്തി. ആദ്യ പകുതി ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഖത്തര്‍ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. പന്ത് കൈവശം വെച്ച് മൈതാനത്ത് ആധിപത്യം പുലര്‍ത്താനും ഖത്തറിനായി. ഇന്ത്യന്‍ പ്രതിരോധം ഖത്തര്‍ മുന്നേറ്റം തടയാന്‍ നന്നായി വിയര്‍ത്തു. അതിനിടയില്‍ ഇന്ത്യയെ ഞെട്ടിച്ച് ഖത്തര്‍ മുന്നിലെത്തി. 73-ാം മിനിറ്റിലാണ് ഖത്തര്‍ യൂസഫ് ഐമനിലൂടെ സമനില പിടിച്ചത്. എന്നാല്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്നും ഗോള്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചു. പക്ഷേ ഫലമുണ്ടായില്ല. റിപ്ലേയില്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു. പുറത്തുപോയ പന്ത് ഖത്തര്‍ താരം മൊഹി അല്‍ദിന്‍ ബാക്ക് ഹീലിലൂടെ ഐമന് നല്‍കിയാണ് താരം വലകുലുക്കിയത്. റഫറി ഗോള്‍ അനുവദിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. 85-ാം മിനിറ്റില്‍ അഹ്‌മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ തീര്‍ത്തും പ്രതിസന്ധിയിലായി. പിന്നീട് തിരിച്ചടിക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ മത്സരം പരാജയപ്പെട്ട് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി.
കിരീടനേട്ടങ്ങള്‍ കരുത്തായി, റാങ്കിങ്ങില്‍ കുതിച്ച് പോട്ട് 2-വിലേക്ക്
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ടതിന് പിന്നാലെയാണ് ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയത്. ലെബനനെ കലാശപ്പോരില്‍ കീഴടക്കിയതാണ് നേട്ടമായത്. 4.24 പോയന്റ് വര്‍ധിച്ച ഇന്ത്യന്‍ ടീം ലെബനന്‍, ന്യൂസിലന്‍ഡ് ടീമുകളെ മറികടന്നാണ് നൂറിലെത്തിയത്. അതിന് പിന്നാലെ സാഫ് കപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ ലെബനനെ പരാജയപ്പെടുത്തി. കരുത്തരായ കുവൈത്തിനെ കലാശപ്പോരില്‍ കീഴടക്കിയതോടെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ട് പോയില്ല. ഈ റാങ്കിങ്ങിലെ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമായത്.
നാല് പോട്ടുകളായി ടീമുകളെ തിരിച്ചതിന് ശേഷമാണ് എഷ്യന്‍ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യത റൗണ്ടുകളുടെ ഗ്രൂപ്പുകള്‍ നറുക്കെടുത്തത്. റാങ്കിങ്ങില്‍ കുതിച്ച ഇന്ത്യന്‍ ടീം കരുത്തരായ ഉസ്‌ബെക്കിസ്താന്‍, ചൈന, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പം പോട്ട് 2-ല്‍ ഉള്‍പ്പെട്ടു. ഇതാണ് ടീമിന് മികച്ച സാധ്യത തുറന്നത്.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) ടീമുകളുടെ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഓരോ പോട്ടുകളിലും രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത്. ഫിഫ റാങ്കിങ്ങില്‍ മുന്‍പന്തിയിലുള്ള 27 ഏഷ്യന്‍ ടീമുകള്‍ ആദ്യത്തെ മൂന്ന് പോട്ടുകളിലാണ് ഉള്‍പ്പെടുന്നത്. ഏറ്റവും മികച്ച റാങ്കുള്ള ഒമ്പത് ടീമുകള്‍ പോട്ട് ഒന്നിലും പിന്നീടുള്ള ഒമ്പത് ടീമുകള്‍ പോട്ട് രണ്ടിലും ശേഷിക്കുന്ന ഒമ്പത് ടീമുകള്‍ പോട്ട് മൂന്നിലും വരുന്നു. 27-മുതല്‍ 46 വരെ റാങ്കുള്ള ടീമുകള്‍ക്ക് പോട്ട് നാലിലാണ് സ്ഥാനം.
2023 ജൂലായ് 20-ന് ടീമുകള്‍ കരസ്ഥമാക്കിയ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പോട്ടുകളിലെ ടീമുകളെ പരിഗണിച്ചത്. അതിനാല്‍ അന്ന് 100-ാം റാങ്കിലുള്‍പ്പെട്ട ഇന്ത്യ പോട്ട് രണ്ടില്‍ വന്നു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പിലും കിരീടം നേടിയതോടെ തൊട്ടുപിന്നിലുള്ള ലെബനന് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടക്കാനുമായില്ല.
പൊരുതി മുന്നേറിയ രണ്ടാം റൗണ്ട്; വിവാദ ഗോളില്‍ പുറത്തേക്ക്
ആദ്യ റൗണ്ടില്‍ 27-മുതല്‍ 46-വരെ റാങ്കുള്ള 20 ഏഷ്യന്‍ ടീമുകളാണ് മത്സരിച്ചത്. ആദ്യ 26-റാങ്കിനുള്ളില്‍ വരുന്ന ഏഷ്യന്‍ ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് നേരിട്ട് കടക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ആദ്യ റൗണ്ട് കളിക്കേണ്ടിവന്നില്ല. നേരിട്ട് രണ്ടാം റൗണ്ടിലേക്ക് കടന്നു.
രണ്ടാം റൗണ്ടില്‍ ഇന്ത്യയുള്‍പ്പെടെ 36 ടീമുകളാണ് മത്സരിച്ചത്. ആദ്യ മൂന്ന് പോട്ടുകളില്‍ ഉള്‍പ്പെടുന്ന 26 ടീമുകളും ആദ്യ റൗണ്ടില്‍ നിന്ന് യോഗ്യത നേടുന്ന പത്ത് ടീമുകളുമാണ് പോരടിച്ചത്. ഈ ടീമുകളെ നാല് വീതം ടീമുകളുള്ള ഒമ്പത് ഗ്രൂപ്പുകളിലായി തിരിച്ച് ഹോം-എവേ രീതിയിലായിരുന്നു മത്സരം.
ഓരോ പോട്ടില്‍ നിന്നും ഓരോ ടീമുകളെ നറുക്കെടുത്താണ് ഗ്രൂപ്പിന്റെ ക്രമീകരണം. അതിനാല്‍ രണ്ടാം പോട്ടില്‍ ഇന്ത്യ ഉള്‍പ്പെട്ടപ്പോള്‍ പോട്ടിലെ മറ്റു കരുത്തര്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടില്ല. ഇന്ത്യയേക്കാള്‍ മികച്ച റാങ്കുള്ള ഉസ്‌ബെക്കിസ്താന്‍, ചൈന, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ടീമുകളാണ് പോട്ട് രണ്ടിലുണ്ടായിരുന്നത്. ഈ ടീമുകളുമായി രണ്ടാം റൗണ്ടില്‍ ഇന്ത്യയ്ക്ക് ഏറ്റുമുട്ടേണ്ടി വന്നില്ല.
നറുക്കെടുപ്പിനൊടുക്കം രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എ യിലാണ് ഇന്ത്യ ഇടംപിടിച്ചത്. കരുത്തരായ ഖത്തര്‍, കുവൈത്ത് ടീമുകള്‍ക്കൊപ്പം അഫ്ഗാനിസ്താനുമാണ് ഗ്രൂപ്പില്‍ ഇന്ത്യയ്ക്കൊപ്പം ഉണ്ടായിരുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം റൗണ്ട് ആരംഭിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. എന്നാല്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ ഖത്തറിനോട് മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. അഫ്ഗാനിസ്താനെതിരേ ഹോം, എവേ മത്സരങ്ങളില്‍ ജയിച്ച് മുന്നേറാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു സ്റ്റിമാച്ച്. എന്നാല്‍ അത് പിഴച്ചു. അഫ്ഗാനെതിരായ ആദ്യ മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. രണ്ടാം മത്സരത്തില്‍ അഫ്ഗാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിയും വന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. കുവൈത്തിനെതിരേ ജയിച്ച് മൂന്നാം റൗണ്ട് ഉറപ്പിക്കാമെന്ന ലക്ഷ്യവും നടപ്പായില്ല. ഇതിഹാസതാരം സുനില്‍ ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു കുവൈത്തിനെതിരേ. മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
ഗ്രൂപ്പില്‍ എല്ലാ ടീമുകളും അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് പോയന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. നാല് ജയത്തോടെ ഖത്തര്‍ നേരത്തേ മൂന്നാം റൗണ്ടിലേക്ക് കടക്കുകയും ചെയ്തു. അഫ്ഗാനും അഞ്ച് പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുവൈത്ത് നാല് പോയന്റുമായി നാലാം സ്ഥാനത്തും.
ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് രണ്ട് സാധ്യതകളാണ് മുന്നിലുണ്ടായിരുന്നത്. ഖത്തറിനെ പരാജയപ്പെടുത്തുകയെന്നതാണ് ഒന്നാമത്തേത്. മത്സരം സമനിലയിലായാല്‍ കുവൈത്ത്- അഫ്ഗാനിസ്താന്‍ മത്സരവും സമനിലയില്‍ കലാശിക്കണം. ഇന്ത്യ ഖത്തറിനെ കീഴടക്കുകയും അഫ്ഗാന്‍ കുവൈത്തിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇരു ടീമുകള്‍ക്കും തുല്യപോയന്റാകും. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് മുന്നേറാം. ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യയെ മറികടക്കണമെങ്കില്‍ അഫ്ഗാന് കുവൈത്തിനെ കുറഞ്ഞത് എട്ട് ഗോളിനെങ്കിലും തോല്‍പ്പിക്കണമെന്നുള്ള അവസ്ഥ.
ഖത്തറിനെതിരേ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മനോഹരമായാണ് കളിച്ചത്. ചാങ്‌തെയുടെ ഗോളില്‍ മുന്നിലെത്തിയ സംഘം മൂന്നാം റൗണ്ടിലേക്ക് കടക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഖത്തര്‍ തിരിച്ചടിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ വിവാദ ഗോളില്‍ ഖത്തര്‍ സമനിലപിടിച്ചത് ടീമിനെ ഉലച്ചു. പിന്നാലെ രണ്ടാം ഗോളും നേടി ഖത്തര്‍ മുന്നേറി, അതോടെ ഇന്ത്യ പുറത്തായി. അഫ്ഗാനെ ഒരു ഗോളിന് കീഴടക്കി കുവൈത്ത് ഗ്രൂപ്പില്‍ രണ്ടാമതായി അടുത്ത റൗണ്ടിലേക്ക് മുന്നേറി. തോറ്റെങ്കിലും അഭിമാനകരമായ പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യയുടെ മടക്കം.