അബദ്ധമല്ല, ബോധപൂർവം; ഹെയ്തിയുടെ ജേഴ്സിയിൽ പോളണ്ട് പതാക, മാറ്റാൻ ആവശ്യപ്പെട്ട് ഫിഫ

ബോസ്റ്റൺ: കരിബീയൻ രാജ്യമായ ഹെയ്ത്തി 52 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോകകപ്പിന് യോഗ്യത നേടിയത്. ആഭ്യന്തരകലാപം രൂക്ഷമായതിനാൽ വിദേശ രാജ്യങ്ങളിൽ യോഗ്യതാ മത്സരം കളിച്ചാണ് ടീം ലോകകപ്പിനെത്തുന്നത്. ഇതിനിടെ ഹെയ്ത്തി ടീമിന്റെ ജേഴ്‌സിയിൽ പോളണ്ടിന്റെ ദേശീയ പതാകയെ ഓർമ്മിപ്പിക്കുന്ന വെളുപ്പും ചുവപ്പും നിറം ചേർത്തത് വലിയ ചർച്ചയായി. ആദ്യമത്സരത്തിനുമുൻപ് ഈ ജേഴ്‌സി മാറ്റണമെന്ന് ഫിഫ നിർദേശം നൽകി.
ജേഴ്സിയിലെ ഈ മാറ്റം അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രചാരണമുണ്ടായി. എന്നാൽ, ടീം ബോധപൂർവം ചെയ്തതാണിത്. അതിനുപിന്നിൽ വലിയ കഥയുണ്ട്, രണ്ടേകാൽ നൂറ്റാണ്ടു മുൻപത്തെ കടപ്പാടിന്റെ കഥ.
അന്ന് ഫ്രഞ്ചു കോളനിയായിരുന്നു ഹെയ്ത്തി. നെപ്പോളിയൻ ഫ്രാൻസ് ഭരിക്കുന്ന കാലം. കോളനി ഭരണത്തിനെതിരേ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്ത് പ്രക്ഷോഭം ശക്തമായി. പോളണ്ട് പിടിച്ചെടുക്കാൻ ഓസ്ട്രിയയും റഷ്യയും പ്രഷ്യയും ശ്രമിക്കുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ പോളണ്ട് നെപ്പോളിയന്റെ സഹായം തേടി. അതുകൊണ്ട് പോളിഷ് സൈന്യത്തിൽ നെപ്പോളിയന് സ്വാധീനമുണ്ടായിരുന്നു.
ഹെയ്ത്തിയിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭം അടിച്ചമർത്താൻ നെപ്പോളിയൻ അയ്യായിരത്തോളം പോളിഷ് സൈനികരെ അങ്ങോട്ടയച്ചു. അവർ സ്ഥലത്തെത്തിയതോടെ കളി മാറി. ഹെയ്ത്തിയിലെ ജനങ്ങളുടെ ദുരിതവും ഫ്രഞ്ച് ഭരണത്തിലെ അനീതികളും നേരിട്ടറിഞ്ഞ സൈനികർ സ്വാതന്ത്ര്യപ്രക്ഷോഭകർക്കൊപ്പം ചേർന്നു. സമരം ശക്തമായി. 1804-ൽ ഹെയ്ത്തി സ്വതന്ത്രമായി. ഒരുസംഘം പോളിഷ് സൈനികർ ഹെയ്ത്തിയിൽത്തന്നെ തങ്ങി. സ്വാതന്ത്ര്യം നേടിയതിനുപിന്നിൽ പോളണ്ടിന്റെ സംഭാവന ഹെയ്ത്തി ഭരണാധികാരികൾ ഒരിക്കലും മറന്നില്ല. പോളണ്ടിലെ സൈനികർക്ക് ഇപ്പോഴും അവിടെ സംവരണവും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ഇക്കുറി പോളണ്ട് ടൂർണമെന്റിന് യോഗ്യത നേടിയിട്ടില്ല എന്നതും ജേഴ്‌സിയിലൂടെ അവരെ ഓർമ്മിക്കാൻ കാരണമായി. ബ്രസീൽ, സ്‌കോട്‌ലൻഡ്, മൊറോക്കോ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഹെയ്ത്തി.
Content Highlights: Haiti qualified for the World Cup after 52 years. The team incorporated Polish colors into their 2026 jersey as a tribute., The gesture honors Polish soldiers who fought for Haiti's independence in 1804., FIFA requested the jersey design be changed before the opening match., Haiti is placed in Group C alongside Brazil, Scotland, and Morocco.