ആറടിച്ച് ഗോകുലം കേരള; കരുത്തരായ ഇന്റർ കാശിയെ ഗോൾമഴയിൽ മുക്കി ഉജ്ജ്വല ജയം

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കരുത്തരായ ഇന്റർ കാശിക്കെതിരേ ഉജ്ജ്വല ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. രണ്ടിനെതിരേ ആറ് ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിലായിരുന്നു ഗോകുലത്തിന്റെ ഗംഭീര പെർഫോമൻസ്.
മൂന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടുന്നത് ഇന്റർ കാശിയാണ്. ബ്രൈസ് മിറാണ്ടയിലൂടെ ഇന്റർ കാശി ടീമിനെ മുന്നിലെത്തിച്ചു. അധികം വൈകാതെ പത്താം മിനിറ്റിൽ സിനിസ സ്റ്റാനിസാവിച്ച് കേരളത്തെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ മറ്റിഹാ ബബോവിച്ചിലൂടെ ഇന്റർ കാശി വീണ്ടും മുന്നിലെത്തി. എന്നാൽ, പിന്നീട് അങ്ങോട്ട് ആരാധകർ സാക്ഷിയായത് ഗോകുലത്തിന്റെ ത്രില്ലറിനായിരുന്നു.
പിന്നിൽ നിന്ന് ശേഷം അഞ്ച് ഗോളുകൾ ഇന്റർ കാശി ഗോൾവലയിലേക്ക് കുതിച്ചെത്തി. സിനിസ സ്റ്റാനിസാവിച്ചിന്റെ ഹാട്രിക്കാണ് (10, 30, 73) ഗോകുലത്തെ തുണച്ചത്. നാച്ചോ അബെലെദോ(47, 95), സെർജിയോ ലാമസ്(50) എന്നിവരും ഗോകുലത്തിനായി വലകുലുക്കി.
വൻ വിജയത്തോടെ കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം ഗോകുലം തീർത്തു. പത്ത് കളികളിൽ 16 പോയിന്റുള്ള ഗോകുലം നാലാംസ്ഥാനത്താണ്. 17 പോയിന്റുള്ള ഇന്റർ കാശി മൂന്നാംസ്ഥാനത്തുണ്ട്.
Content Highlights: Gokulam Kerala FC`s 6-2 Thrashing of Inter Kashi