സ്പാനിഷ് താരത്തിന്റെ മരണം: ഗോൾകീപ്പറെ 12 മത്സരങ്ങളിൽ വിലക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ

മഡ്രിഡ്: ഫുട്ബോൾ മത്സരത്തിനിടെ കൂട്ടിയിടിച്ച് സ്പാനിഷ് താരത്തിന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ ഗോൾകീപ്പർക്കെതിരേ അച്ചടക്കനടപടിയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. അൻഡോറയുടെ ഗോൾകീപ്പർ ജെസ്യൂസ് ഒവോനോയെ 12 മത്സരങ്ങളിൽ വിലക്കി. സ്പെയിൻ രണ്ടാം ഡിവിഷൻ മത്സരത്തിനിടെ സിഡി ടെനറിഫെ ക്ലബ്ബിന്റെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേലിന് ഒവോനോയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
റഫറിയുടെ റിപ്പോർട്ട് വിലയിരുത്തിയതിന് പിന്നാലെയാണ് അച്ചടക്ക സമിതിയുടെ നടപടി. അമിതമായ ശക്തി ഉപയോഗിച്ച് ഒവോനോ എതിർ താരത്തിന്റെ നെഞ്ചിൽ കാൽ കൊണ്ട് ശക്തമായി ഇടിച്ചിരുന്നതായും പിന്നാലെ താരത്തെ പുറത്താക്കിയതായും റഫറിയുടെ റിപ്പോർട്ടിലുണ്ടെന്ന് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 12 മത്സരങ്ങളിൽ നിന്ന് വിലക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സിഡി ടെനറിഫെയും എഫ്സി അൻഡോറയും തമ്മിലുള്ള മത്സരത്തിലാണ് ദാരുണമായ സംഭവം. പന്തിനായുള്ള ശ്രമത്തിനിടെ മിഗ്വേൽ അൻഡോറയുടെ ഗോൾകീപ്പർ ജെസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ താരം മൈതാനത്തുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിച്ചതിന് പിന്നാലെ താരത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം.
കൂട്ടിയിടിക്ക് പിന്നാലെ ഗോൾകീപ്പർ ഓവോനോയെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയിരുന്നു. എന്നാൽ മത്സരം പിന്നീട് ഉപേക്ഷിച്ചു. മിഗ്വേലിന്റെ മരണത്തിൽ ഒവോനോ ഞെട്ടലും അതിയായ ദുഃഖവും രേഖപ്പെടുത്തിയിരുന്നു. മിഗ്വേലിന്റെ വിയോഗം നികാത്താനാകാത്ത നഷ്ടമാണെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് പറഞ്ഞു.
Content Highlights: goalkeeper Jesus Owono suspended for 12 matches by the Spanish Football Federation., Suspension follows a fatal on-field collision with CD Tenerife forward Jesus de Miguel