'കാമുകി'ക്ക് യുവേഫ വൻ തുക നൽകിയെന്ന് ആരോപണം; ജിയാനി ഇൻഫാന്റിനോ വീണ്ടും വിവാദത്തിൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

സൂറിച്ച് (സ്വിറ്റ്സർലൻഡ്): ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി വിവാദമായതിനു പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വീണ്ടും വിവാദത്തിൽ. യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയുടെ ജനറൽ സെക്രട്ടറിയായിരിക്കെ, തന്റെ 'കാമുകി' എന്ന് ആരോപിക്കപ്പെട്ട യുവതിക്ക് വൻ തുക നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇൻഫാന്റിനോ വെട്ടിലായത്. ഡെയ്ലി ടെലിഗ്രാഫ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ഇൻഫാന്റിനോയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുവേഫയിലെ ജീവനക്കാരി കൂടിയായിരുന്ന യുവതിക്ക് ആറക്ക തുക കൈമാറിയെന്നാണ് ഡെയ്​ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, യുവേഫ വിട്ട ശേഷം ഇവർക്ക് ഒരു പ്രാദേശിക ബിസിനസ് സ്‌കൂളിൽ എംബിഎ ബിരുദം നേടുന്നതിനുള്ള ഫീസും യുവേഫ നൽകിയെന്ന് ആരോപിക്കപ്പെടുന്നു. 2000 മുതൽ 2016 വരെ ഇൻഫാന്റിനോ യുവേഫയിൽ സേവനമനുഷ്ഠിച്ചിരുന്നു.

അതേസമയം ഈ ആരോപണങ്ങൾ ഇൻഫാന്റിനോയും യുവേഫയും ശക്തമായി നിഷേധിച്ചു. ജീവനക്കാർ സ്ഥാപനം വിട്ടുപോകുമ്പോൾ നൽകുന്ന സാധാരണ 'ഡിപ്പാർച്ചർ പേയ്മെന്റ്' മാത്രമാണിതെന്നും അക്കാലത്തെ ചട്ടങ്ങൾ പാലിച്ചാണ് ഇത് നൽകിയതെന്നും യുവേഫ വക്താവ് സ്‌കൈ ന്യൂസിനോട് പറഞ്ഞു. 2016-ന് ശേഷം ഇത്തരം ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയതായും അവർ വ്യക്തമാക്കി.

ഇൻഫാന്റിനോയുടെ പെരുമാറ്റത്തെക്കുറിച്ച് യുവേഫയിലോ ഫിഫയിലോ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും, നടന്നുവെന്ന് പറയുന്ന കാര്യങ്ങൾ അപകീർത്തികരമാണെന്നും ഫിഫ വക്താവ് കൂട്ടിച്ചേർത്തു. കമ്പനിയുടെ എല്ലാ നടപടികളും നിയമപരമായ ചട്ടങ്ങൾക്കുള്ളിൽ നിന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: Allegations surfaced regarding payments made by Infantino while at UEFA., Report claims an employee with close ties received a large sum and MBA tuition fees., UEFA and FIFA have officially denied any wrongdoing., The payments were described as standard departure packages under previous regulations.