ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

#ലോകകപ്പ് ഡെസ്ക്
ഘാനയുടെ ​ഗോൾശ്രമം | AP
ഘാനയുടെ ​ഗോൾശ്രമം | AP

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ പാനമ ഘാന ഗോൾമുഖം വിറപ്പിച്ചു. സെസീലിയോ വാട്ടർമാൻ ഗോളിനടുത്തെത്തി. പിന്നാലെ പാനമ തുടരെത്തുടരെ ആക്രമണമഴിച്ചുവിടുന്നതാണ് കണ്ടത്. അതോടെ ഘാന പ്രതിരോധത്തിലായി. ഘാനയുടെ പ്രതിരോധനിരക്കാർ പണിപ്പെട്ടാണ് പാനമയുടെ മുന്നേറ്റങ്ങളെ തടഞ്ഞത്. ഘാന ഗോൾകീപ്പർ മികച്ച സേവുകളുമായി രക്ഷക്കെത്തി.

ആദ്യ പകുതിയിൽ ആഫ്രിക്കൻ കരുത്തർക്ക് കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാനോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനോ സാധിച്ചില്ല. മറിച്ച് പാനമയാണ് മികച്ചുനിന്നത്. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ പക്ഷേ ഘാന ഉണർന്നുകളിച്ചു. പകരക്കാരെ കളത്തിലിറക്കിയ സംഘം മുന്നേറ്റങ്ങളും നടത്തി പക്ഷേ ഗോൾവലകുലുക്കാനായില്ല. പാനമയാകട്ടെ പന്ത് കൈവശംവെച്ച് കളിക്കാനും തുടങ്ങി. മൈതാനമധ്യത്ത് ആധിപത്യമുറപ്പിക്കുകയായിരുന്നു ലക്ഷ്യം. 64-ാം മിനിറ്റിൽ പാനമയ്ക്കായി സീസർ ബ്ലാക്ക്മാൻ മികച്ച നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

മറുവശത്ത് ഘാനയ്ക്കായി സെമന്യയും ജൊനാസും ഗോളിന് തൊട്ടടുത്തെത്തി. പാനമ കൃത്യമായി പ്രതിരോധിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ പാനമയെ ഞെട്ടിച്ച് ഘാനയുടെ ഗോളെത്തി. കാലെബ് യിറെൻകിയാണ് ഗോളടിച്ചത്.ഇടതുവിങ്ങിൽ നിന്ന് മുന്നേറിയ ബ്രാൻഡൻ തോമസിന്റെ ക്രോസ് യിറെൻകി അനായാസം വലയിലാക്കുകയായിരുന്നു. അതോടെ ഘാന ജയത്തോടെ മടങ്ങി.

Content Highlights: Ghana vs Panama 2026 World Cup