തല്ലിന്റെ വക്കുവരെയെത്തി, പെനാൽറ്റി സ്പോട്ട് കേടുവരുത്തി, എന്നിട്ടും പാരഗ്വായ്ക്ക് ഒരു മഞ്ഞപോലുമില്ല

#സ്പോർട്സ് ഡെസ്ക്
Photo - Getty Images
Photo - Getty Images

ഫിലാഡെൽഫിയ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഫ്രാൻസും പരഗ്വായ്‌യും തമ്മിലുള്ള പോരാട്ടം വളരെ പരുക്കനായിരുന്നു. കടുത്ത പോരാട്ടങ്ങൾക്കൊടുക്കം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറി. കളിയിലുടനീളം എംബാപ്പെയെ ലക്ഷ്യമിട്ട് പാരഗ്വായ് താരങ്ങൾ റഫ് ടാക്ലിങ്ങുകളും പ്രകോപനങ്ങളും അഴിച്ചുവിട്ടു. ഫൈനൽ വിസിലിന് ശേഷവും കളിക്കാർ തമ്മിലുള്ള വാക്കേറ്റവും തർക്കങ്ങളും കൈയാങ്കളിയുടെ വക്കോളമെത്തി. ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് തടസ്സപ്പെടുത്താൻ പാരഗ്വായ് താരങ്ങൾ പെനാൽറ്റി സ്‌പോട്ട് കേടുവരുത്താൻ ശ്രമിച്ചതടക്കമുള്ള മോശം പെരുമാറ്റങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

മത്സരത്തിന് മുന്നോടിയായി പാരഗ്വായ്‌യുടെ മുൻ ഗോൾകീപ്പർ ജോസ് ലൂയിസ് ചിലാവെർട്ട് നടത്തിയ വംശീയ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാരഗ്വായ്‌ നേരിടാൻ പോകുന്നത് 'ആഫ്രിക്കയിൽ നിന്നുള്ള ഒരു ടീമിനെ' ആണെന്നായിരുന്നു ചിലാവെർട്ടിന്റെ പ്രസ്താവന. ഇതിനെതിരെ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ മേധാവി ഫിലിപ്പ് ഡിയാലോ ശക്തമായി രംഗത്തുവരികയും ചിലാവെർട്ടിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരമാണെന്ന് അപലപിക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെ കളിച്ചിട്ടും പാരഗ്വായ് താരങ്ങൾക്ക് ഒരു യെല്ലോ കാർഡ് പോലും ലഭിച്ചില്ലെന്നതാണ് ഏറെ അദ്ഭുതകരം. റഫറി പാരഗ്വായ് താരങ്ങളുടെ പല ഫൗളുകളും കണ്ടില്ലെന്നു നടിച്ചതായും വിമർശനമുണ്ട്. അതേസമയം ഫ്രാൻസിന്റെ മൂന്ന് താരങ്ങൾക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. ഫ്രഞ്ച് താരങ്ങൾക്ക് വലിയ പരിക്കുകൾ ഏൽക്കാതെ മത്സരം അവസാനിച്ചതുതന്നെ അദ്ഭുതമാണെന്നായിരുന്നു മുൻ ജർമൻ താരം തോമസ് ഹിറ്റ്സൽസ്‌പെർഗറുടെ പ്രതികരണം.

കളിക്കളത്തിലെ കടുത്ത വെല്ലുവിളികളെ ചിരിയോടെ നേരിട്ട എംബാപ്പെ, 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഫ്രാൻസിന് 1-0 ന്റെ വിജയം സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിൽ ലയണൽ മെസ്സിയുടെ ഗോൾ റെക്കോഡിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് ഇനി ഒരു ഗോൾകൂടി മതി. തങ്ങളെ ടക്‌സീഡോ ധരിച്ച് വന്ന് ഭംഗിയായി മാത്രം കളിക്കുന്നവരായി കാണരുതെന്നും, വിജയിക്കാൻ വേണ്ടി പരുക്കൻ കളി കളിക്കേണ്ടി വന്നാൽ അതിനും തങ്ങൾ തയ്യാറാണെന്നും മത്സരശേഷം എംബാപ്പെ വ്യക്തമാക്കി. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളി.