പെനാൽറ്റി കളഞ്ഞു,പിന്നാലെ ഗോളുമായി എംബാപ്പെ, ഒപ്പം ഡെംബെലെയും; മൊറോക്കോ കടന്ന് ഫ്രാൻസ് സെമിയിൽ

മാസച്യുസെറ്റ്സ്: ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് മികച്ചൊരു ഗോളോടെ കിലിയൻ എംബാപ്പെ പ്രായശ്ചിത്തം ചെയ്ത മത്സരത്തിൽ മൊറോക്കോയെ കീഴടക്കി ഫ്രാൻസ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ ജയം. തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്. എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. ഫ്രാൻസിന്റെ ആക്രമണ നിരയെ നേരിടാൻ അമിത പ്രതിരോധത്തിലേക്ക് പോയതാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. സ്ട്രൈക്കർ ഇസ്മായെൽ സൈബാരിയുടെ അഭാവം തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ടെത്തിയ മൊറോക്കോയുടെ കളിയിലുടനീളം നിഴലിച്ചു. ഇതോടെ 35 മത്സരങ്ങൾ നീണ്ട മൊറോക്കോയുടെ അപരാജിത കുതിപ്പിനും അവസാനമായി.
ആദ്യ പകുതിയിൽ പൂർണമായും പ്രതിരോധത്തിലൂന്നി കളിക്കുന്ന മൊറോക്കൻ ടീമിനെയാണ് കാണാനായത്. നാലാം മിനിറ്റിൽ തന്നെ ഡയോട്ട് ഉപമെകാനോയുടെ ഹെഡറിൽ ഒരു പോയന്റ് ബ്ലാങ്ക് സേവ് നടത്തി യാസ്സിൻ ബോനു താരമായി. പിന്നാലെ 25-ാം മിനിറ്റിൽ എംബാപ്പെയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ നുസ്സെയ്ർ മസ്രാവിക്ക് പിഴച്ചു. ഫൗളിനെ തുടർന്ന് റഫറി പെനൽറ്റി സ്പോട്ടിലേക്ക് വീരൽ ചൂണ്ടി. പക്ഷേ കിക്ക് എംബാപ്പെ നഷ്ടപ്പെടുത്തി. താരത്തിന്റെ ദുർബലമായ ഷോട്ട് വന്ന ദിശയിലേക്ക് കൃത്യമായി ചാടിയ ബോനു പന്ത് അനായാസം പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ 35-ാം മിനിറ്റിൽ ഡെസീറെ ഡുവെയുടെ ഗോളെന്നുറച്ച ഷോട്ടും ബോനു രക്ഷപ്പെടുത്തി.
ആദ്യ പകുതിയിൽ മത്സരം പൂർണമായും ഫ്രാൻസിന്റെ വരുതിയിലായിരുന്നു. സ്ട്രൈക്കർ ഇസ്മയെൽ സൈബാരിയുടെ അഭാവം മൊറോക്കോയുടെ കളിയിൽ ഉടനീളം നിഴലിച്ചു. ആദ്യ പകുതിയിൽ ഫ്രാൻസ് 13 ഷോട്ടുകൾ പായിച്ചപ്പോൾ മൊറോക്കോയുടെ അക്കൗണ്ടിൽ ഒരേയൊരു ഷോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അതും ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ. ഉപമെകാനോയും സാലിബയും ഒഴികെയുള്ള ഫ്രഞ്ച് താരങ്ങളെല്ലാം ആദ്യ പകുതിയിലുടനീളം മൊറോക്കൻ ബോക്സിനു മുന്നിലായിരുന്നു. സമ്പൂർണമായ പ്രതിരോധമായിരുന്നു മൊറോക്കോ ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. എബാപ്പെയും ഡെംബെലെയും ഒലീസെയും ഡുവെയുമെല്ലാം തുടർച്ചയായി മൊറോക്കൻ പ്രതിരോധത്തെ പരീക്ഷിച്ചു. പലപ്പോഴും യാസ്സിൻ ബോനുവാണ് അവരുടെ രക്ഷയ്ക്കെത്തിയത്. ലൂക്കാസ് ഡിഗ്നെയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതും ഫ്രാൻസിന് ഗോളവസരം നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊറോക്കോ പോസിറ്റീവായാണ് പന്ത് തട്ടിയത്. തുടക്കത്തിൽ തന്നെ ഏതാനും മുന്നേറ്റങ്ങൾ നടത്താൻ അവർക്കായെങ്കിലും ഫൈനൽ തേർഡിൽ കാര്യമായ സമ്മർദം സൃഷ്ടിക്കാനായില്ല.
56-ാം മിനിറ്റിൽ ബോക്സിലേക്കുള്ള മൈക്കൽ ഒലീസെയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് എംബാപ്പെ പുറത്തേക്കടിച്ച് കളഞ്ഞു. എന്നാൽ 60-ാം മിനിറ്റിൽ എംബാപ്പെ സമനിലപ്പൂട്ട് പൊളിച്ചു. ഒരു ഫ്രഞ്ച് മുന്നേറ്റത്തിനൊടുവിൽ ബോക്സിന്റെ ഇടതുഭാഗത്ത് എംബാപ്പെയ്ക്ക് പന്ത് ലഭിക്കുമ്പോൾ ചുറ്റും മൊറോക്കൻ താരങ്ങളായിരുന്നു. എന്നാൽ താരത്തിന്റെ ഷോട്ട് ബോനുവിന് യാതൊരു അവസരവും നൽകാതെ വലയിൽ. ഇതോടെ 30 വയസ്സിന് മുമ്പ് 20 ലോകകപ്പ് ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കി.
ആറു മിനിറ്റിനുള്ളിൽ ഫ്രാൻസ് ലീഡുയർത്തി. 66-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറയ ഒസ്മാൻ ഡെംബെലെയുടെ ഷോട്ട് തടുക്കാൻ ബോനുവിന് സാധിച്ചില്ല. ഈ ലോകകപ്പിൽ ഡെംബെലെയുടെ അഞ്ചാം ഗോളായിരുന്നു ഇത്.
ദെഷോമിന് റെക്കോഡ്
ലോകകപ്പിൽ കൂടുതൽ മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച പരിശീലകനെന്ന റെക്കോഡിനൊപ്പമെത്തി ഫ്രാൻസിന്റെ ദിദിയർ ദെഷോം. പരിശീലകനായി അദ്ദേഹത്തിന്റെ 25-ാം മത്സരമായിരുന്നു ഇത്. ഇതോടെ, പശ്ചിമജർമനിയെ 25 മത്സരങ്ങളിൽ പരിശീലിപ്പിച്ച ഹെൽമുട്ട് ഷോണിന്റെ റെക്കോഡിനൊപ്പം ദെഷോമെത്തി. 1966 മുതൽ 1978 വരെ ജർമനിയുടെ പരിശീലകനായിരുന്നു ഹെൽമുട്ട്. 2012-ൽ ഫ്രഞ്ച് ടീമിന്റെ പരിശീലകനായെത്തിയ ദെഷോമിനു കീഴിൽ ടീം നാലു ലോകകപ്പുകളിൽ കളിച്ചു.
Content Highlights: France relies on Kylian Mbappe's goal-scoring form and attacking quartet., Morocco enters the match with an impressive 35-game unbeaten streak., Mbappe is chasing top scorer honors and historic goal records., Morocco's tactical resilience shown against Brazil and Netherlands.