ലോകകപ്പിന് യോഗ്യതനേടി ഖത്തറും സൗദിയും; ഖത്തര്‍ ടീമിലൊരു മലയാളിത്തിളക്കം

ദോഹ: ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കി ഖത്തറും സൗദി അറേബ്യയും. ഏഷ്യന്‍ മേഖലാ യോഗ്യതാമത്സരങ്ങളില്‍ ഖത്തര്‍ യുഎഇയെ തോല്‍പ്പിച്ച് യോഗ്യത സ്വന്തമാക്കി (21). സൗദി ഇറാഖുമായി ഗോള്‍രഹിത സമനില പാലിച്ചു. ഖത്തറിനായി ബൗലേം ഖൗഖി (49), പെഡ്രൊ മിഗുല്‍ (74) എന്നിവര്‍ സ്‌കോര്‍ ചെയ്തു. സുല്‍ത്താന്‍ അദില്‍ അലാമിരിയാണ് (90+8) യുഎഇയുടെ ഗോള്‍ നേടിയത്.
ഗ്രൂപ്പ് എ-യില്‍ ഖത്തര്‍ രണ്ടുകളിയില്‍ നാലു പോയിന്റുമായി ഒന്നാമതെത്തി. ഗ്രൂപ്പ് ബി-യില്‍ സൗദിക്കും ഇറാഖിനും രണ്ടുകളിയില്‍ നാലുപോയിന്റാണ്. എന്നാല്‍, കൂടുതല്‍ ഗോള്‍ നേടിയ സൗദി ഗ്രൂപ്പ് ജേതാക്കളായി. കഴിഞ്ഞ തവണത്തെ ആതിഥേയരായിരുന്ന ഖത്തര്‍ ആദ്യമായാണ് യോഗ്യതാമത്സരങ്ങളിലൂടെ ലോകകപ്പ് കളിക്കുന്നത്. സൗദി ഏഴാം തവണയാണ് യോഗ്യതനേടുന്നത്. ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്താന്‍, ജോര്‍ദാന്‍ ടീമുകളും ഏഷ്യയില്‍നിന്ന് നേരിട്ട് യോഗ്യതനേടിയിരുന്നു.
ഖത്തര്‍ ടീമിലെ മലയാളിത്തിളക്കം
ദോഹ: ലോകകപ്പിന് യോഗ്യത നേടിയ ഖത്തര്‍ ടീമില്‍ മലയാളി ഫുട്ബോളറും. തഹ്സിന്‍ മുഹമ്മദ് ജംഷീദാണ് അപൂര്‍വനേട്ടത്തിനുടമ. ലെഫ്റ്റ് വിങ്ങറായ താരം പകരക്കാരുടെ നിരയിലായിരുന്നു. 19-കാരന്‍ താരത്തിന് യുഎഇക്കെതിരായ മത്സരത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും ടീം യോഗ്യത നേടിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.
തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍താരവുമായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്സിന്‍. കുടുംബം ഖത്തറില്‍ സ്ഥിരതാമസമാക്കിയതോടെയാണ് തഹ്സിന് ഖത്തര്‍ ടീമുകളില്‍ കളിക്കാന്‍ അവസരം കിട്ടുന്നത്.
ദേശീയടീമില്‍ ഒരുമത്സരത്തിലാണ് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചത്. യോഗ്യതാറൗണ്ടിന്റെ പ്രാഥമികഘട്ടത്തില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു കളിച്ചത്. ഇതിനുശേഷം ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും അവസരം കിട്ടിയില്ല. തുടര്‍ന്ന് കുറച്ചുകാലം ടീമിലുണ്ടായിരുന്നില്ലെങ്കിലും ഖത്തര്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഖത്തര്‍ അണ്ടര്‍-19, 17 ടീമുകളില്‍ കളിച്ചിട്ടുണ്ട്. അണ്ടര്‍-17 ടീമിനായും ഗോളും നേടി. ഖത്തര്‍ ടോപ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. അല്‍ ദുഹൈല്‍ ക്ലബ്ബിനായാണ് കളിച്ചത്.
ആഫ്രിക്കയില്‍നിന്ന് ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, സെനഗല്‍
ജോഹാനസ്ബര്‍ഗ്: ആഫ്രിക്കയില്‍നിന്ന് ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, സെനഗല്‍ ടീമുകളും ലോകകപ്പിന് യോഗ്യതനേടി. സാദിയൊ മാനെയുടെ (45+1, 48) ഇരട്ടഗോള്‍ മികവില്‍ മൗറിറ്റാനിയയെ തകര്‍ത്താണ് സെനഗല്‍ യോഗ്യത ഉറപ്പാക്കിയത് (40). ആഫ്രിക്കന്‍ മേഖലാ ഗ്രൂപ്പ് ബി-യില്‍ 10 കളിയില്‍ 24 പോയിന്റുമായി സെനഗല്‍ തലപ്പത്തെത്തി. ഐവറി കോസ്റ്റ് കെനിയയെ കീഴടക്കി (30). ഗ്രൂപ്പ് എഫില്‍ മുന്നിലുള്ള ഐവറി കോസ്റ്റിന് 10 കളിയില്‍ 26 പോയിന്റായി.
റുവാണ്‍ഡയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയും നിര്‍ണായക ജയംകുറിച്ചു (30). തലന്തെ എംബാത്ത (5), ഓസ്വിന്‍ അപ്പോലിസ് (26), എവിഡന്‍സ് മക്ഗോപ്ക (72) എന്നിവര്‍ ഗോള്‍ നേടി. ഗ്രൂപ്പ് സി ജേതാക്കളായ ദക്ഷിണാഫ്രിക്കയ്ക്ക് 10 കളിയില്‍ 18 പോയിന്റാണുള്ളത്.
Content Highlights: Qatar and Saudi Arabia secure FIFA World Cup berths,Tahsin Muhammed Jamsheed, a Kerala footballer in Qatar`s squad.