ഷക്കീര, മഡോണ, ബിടിഎസ്; പൊടിപൂരമാകും ലോകകപ്പ് ഫൈനൽ

കളി കൊണ്ട് മാത്രമല്ല, കല കൊണ്ടും ഫുട്‌ബോൾ ആരാധകരെ കൈയിലെടുക്കാൻ കച്ചകെട്ടുകയാണ് ഈ ലോകകപ്പ്. ഇതാദ്യമായി ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ ഒരു മെഗാ കലാപരിപാടി കൂടിയാക്കാനുള്ള ഒരുക്കത്തിലാണ് ഫിഫ. ജൂലായ് 19ന് ന്യൂജെഴ്‌സി മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന്റെ ഇടവേളയിലായിരിക്കും സംഗീതാസ്വാദകർ കാത്തിരിക്കുന്ന ഈ മെഗാ ഷോ. ആരാധകരെ ആവേശത്തിലാക്കാൻ എത്തുന്നതാവട്ടെ ഷക്കീരയും മഡോണയും ബിടിഎസും. കോൾഡ്‌പ്ലെയുടെ ക്രിസ് മാർട്ടിനാണ് ഇതിന്റെ സംയോജകൻ.

സൂപ്പർ ബൗളിന്റെയും മറ്റും ഇടവേളകളിലെ പരിപാടിയുടെ മാതൃകയിലുള്ള ഷോയാണ് ഫിഫ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കിടെ ഇത്തരമൊരു വിരുന്ന് ചരിത്രത്തിൽ ഇതാദ്യമാണ്. ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ ഇത്തരമൊരു കലാവിരുന്നുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാവും വേദിയിലെത്തുക എന്നത് വെളിപ്പെടുത്തിയിരുന്നില്ല.

2024ൽ മിയാമി ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിന്റെ ഇടവേളയിൽ ഷക്കീര ഇതുപോലെ ഒരു സംഗീതവിരുന്ന് ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ തന്നെ നടന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനിലും സംഗീതപരിപാടി അരങ്ങേറിയിരുന്നു. കുട്ടികൾക്കുവേണ്ടിയുള്ള ഫിഫയുടെ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിനുവേണ്ടിയാണ് ഇക്കുറി സംഗീതവിരുന്ന് ഒരുക്കുന്നത്. 100 മില്ല്യൺ യുഎസ് ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം.

ഷക്കീരയാണ് ഇത്തവണത്തെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കിയത്. നൈജീരിയൻ ഗായകൻ ബർണാ ബോയ്‌ക്കൊപ്പമുള്ള ദായി ദായി എന്ന ഈ ഗാനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം ഷക്കീര പുറത്തുവിട്ടിരുന്നു. 2010 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കിയതും ഷക്കീരയായിരുന്നു. ഇതിനു പുറമെ 2006, 2014 ലോകകപ്പ് ഫൈനലുകളിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നാലു വർഷത്തെ ഇടവേളയ്ക്കുശേഷം അരിരംഗ് എന്ന പുതിയ ആൽബം പുറത്തിറക്കി വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബിടിഎസ്. 70 വേദികളിലെ ഷോയ്ക്കുശേഷമാവും അവർ ലോകകപ്പിനെത്തുക.

വമ്പൻ ഹിറ്റായ കൺഫെഷൻസ് ഓൺ എ ഡാൻസ് ഫ്‌ളോറിന്റെ രണ്ടാം ഭാഗമായ കൺഫഗൻസ്-2 പുറത്തിറക്കിയശേഷമാവും മഡോണ ന്യൂജെഴ്‌സിയിലെത്തുക.

Content Highlights: The 2026 FIFA World Cup final at MetLife Stadium will feature a mega musical performance., Artists confirmed include Shakira, Madonna, and BTS, with Chris Martin as the coordinator., The show aims to raise $100 million for the FIFA Global Citizen Education Fund., Shakira has composed the official 2026 World Cup song, 'Dai Dai', featuring Burna Boy., This event marks a historical shift, modeling FIFA finals after Super Bowl-style entertainment.