കണക്ടഡ് ബോൾ, ഷെയ്ക്ക് ഫ്രീ, എ.ഐ. അവതാർ; ഈ ലോകകപ്പിൽ കാണാം വലിയ സാങ്കേതികമാറ്റങ്ങൾ

#ടി.ജെ ശ്രീജിത്ത്

ഒരു പന്തിന്റെ ഹൃദയമിടിപ്പ് ലോകതാളമായിമാറുന്ന നാളുകളാണിനി. കണ്ണും മനസ്സും പന്തിലുടക്കി പറക്കാൻതുടങ്ങുമ്പോൾ ഓർക്കുക ആ പന്തും അതിനുചുറ്റുമുള്ള ലോകവും സ്മാർട്ടായിരിക്കുന്നു. ഈ ലോകകപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഫുട്ബോൾ ആർട്ട് കാണാം. ഡേറ്റകളിൽനിന്ന് പുതിയ കാര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ജനറേറ്റീവ് എ.ഐ. അടക്കമുള്ള നൂതനസാങ്കേതികവിദ്യകളാണ് ഫിഫ ഇക്കുറി ഉപയോഗിക്കുന്നത്.

ട്രയോണ്ടയുടെ രഹസ്യം

പന്തിൽനിന്നുതന്നെ ഫിഫ പുതിയ കാലത്തിന്റെ കളി തുടങ്ങുന്നു. ഈ ലോകകപ്പിന്റെ പന്തായ ട്രയോണ്ട ഒരു എ.ഐ. സ്മാർട്ട്ബോളാണ്. അതിനുള്ളിൽ ഒരു സെൻസറുണ്ട്. പന്തിലെ ആദ്യ ടച്ചുമുതൽ സെക്കൻഡിൽ 500 തവണയെന്നനിലയിൽ അതിൽനിന്ന് ഡേറ്റ പറന്നുതുടങ്ങും. ഓരോ പാസിലും ഓരോ ഷോട്ടിലും പന്തിന്റെ ചലനരീതിയും വേഗവും തിരിച്ചിലുകളുമെല്ലാം ഡേറ്റകളായിമാറും. ഒരു ഷോട്ടിന്റെ പവറും പന്ത് സഞ്ചരിക്കുന്ന ദിശാവ്യതിയാനവുമെല്ലാം ഡിജിറ്റലായിമാറും. ലോകകപ്പിലെ ഏറ്റവും പവർഫുൾ ഷോട്ട് ആരുടേതെന്നും കണ്ടെത്താൻ കഴിയും. അതിനപ്പുറം അതിവേഗം തീരുമാനങ്ങളെടുക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറിയെ (വാർ) സഹായിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഏതു കളിക്കാരനാണ് പന്തിൽ അവസാനമായി തൊട്ടതെന്നും മനസ്സിലാക്കാം. തെറ്റായി അനുവദിക്കുന്ന കോർണർ കിക്കുകൾ തിരുത്താനും ഈ സംവിധാനം വഴി വാറിന് സാധിക്കും.

Getty Images

കണക്ടഡ് ബോൾ

ഖത്തർ ലോകകപ്പിൽ ജപ്പാൻ-സ്പെയിൻ മത്സരത്തിൽ ജപ്പാന്റെ വിജയഗോളിന് വഴിയൊരുക്കിയ പന്ത് ലൈനിന് പുറത്തുപോയോ ഇല്ലയോ എന്നതിനെച്ചൊല്ലി വലിയ വിവാദം ഉയർന്നിരുന്നു. ക്യാമറ ആംഗിളുകളുടെ പരിമിതിയും ഒപ്റ്റിക്കൽ ഇല്യൂഷനും കാരണം അന്ന് പന്ത് ലൈൻ മറികടന്നോയെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. ട്രയോണ്ടയുടെ സെൻസറിനൊപ്പമുള്ള പുതിയ സാങ്കേതികവിദ്യയായ ത്രീഡി റെൻഡറിങ്ങും കണക്ടഡ് ബോളും ഇത്തരം ആശയക്കുഴപ്പം ഇല്ലാതാക്കും. ഗോൾ ലൈൻ ടെക്നോളജിപോലെ, പന്ത് പൂർണമായും കളിസ്ഥലത്തിന് പുറത്തുപോയോ എന്ന് കൃത്യമായി പരിശോധിക്കാനുമാകും.

ഷെയ്ക്ക് ഫ്രീ

റഫറിമാരുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ, മുൻപ് റഫറി ഓടുമ്പോഴും ചാടുമ്പോഴും വ്യക്തമല്ലാതാകുന്ന സ്ഥിതിയുണ്ടായിരുന്നു. സ്റ്റെബിലൈസ്ഡ് റെഫ് ക്യാം എന്ന പുതിയ സാങ്കേതികവിദ്യയിലൂടെ 'ഷെയ്ക്ക് ഫ്രീ' ദൃശ്യം ബ്രോഡ്കാസ്റ്റിങ്ങിന് ഉൾപ്പെടെ ലഭ്യമാകും.

ഓട്ടോമേറ്റഡ് ഓഫ്‌സൈഡ്

ഇനി ഓഫ് സൈഡ് ഫ്ളാഗ് പൊക്കാൻ ലൈൻ റഫറിക്ക് സെക്കൻഡുകൾ മതിയാകും. ക്ലബ് ലോകകപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും പരീക്ഷിച്ച സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സംവിധാനം ഫിഫ പുതുക്കി. മുൻപ് ഒരു കളിക്കാരൻ 50 സെന്റീമീറ്ററിലധികം ഓഫ്‌സൈഡ് ആയാലേ സിസ്റ്റം മുന്നറിയിപ്പ് നൽകിയിരുന്നുള്ളൂ. ഇനി 10 സെന്റീമീറ്ററിന്റെ വ്യത്യാസംപോലും കൃത്യമായി കണ്ടെത്താനാകുമെന്നാണ് അവകാശവാദം. ഓഫ്‌സൈഡ് സിഗ്നലുകൾ വി.എ.ആർ. വഴി വരുന്നതുവരെ കാത്തുനിൽക്കാതെ, അസിസ്റ്റന്റ് റഫറിമാരുടെ ഇയർപീസിലേക്ക് നേരിട്ട് ഓഡിയോ അലർട്ടായി എത്തും.

ഫുട്ബോൾ എ.ഐ. പ്രോ

ഡേറ്റ അനലറ്റിക്സിൽ 'ജനാധിപത്യവത്കരണം' നടപ്പാക്കാനും ഫിഫ ശ്രമിക്കുന്നു. ഇത്രയുംകാലം വിശകലനങ്ങൾ മത്സരങ്ങൾക്കുശേഷം 50-60 പേജുള്ള റിപ്പോർട്ടുകളാണ് ടീമുകൾക്ക് നൽകിയിരുന്നത്. ഇനി അത് മാറും. വിവരങ്ങൾ റിയൽ ടൈം ആയി ആവശ്യപ്പെടാം. ഒറ്റ നിബന്ധനമാത്രം, മത്സരങ്ങൾക്ക് മുൻപോ ശേഷമോ മാത്രമേ പരിഗണിക്കൂ. മത്സരം നടക്കുന്നതിനിടയിൽ ലഭിക്കില്ല. എതിർ ടീമിന്റെ കഴിഞ്ഞ അഞ്ചു കോർണർക്കിക്കുകളുടെ വിവരങ്ങൾ വേണമെങ്കിൽ ജനറേറ്റീവ് എ.ഐ. അസിസ്റ്റന്റ് മുഖേന ആവശ്യപ്പെട്ടാൽ ഗ്രാഫിക്സുകൾ സഹിതം ലഭിക്കും. കുഞ്ഞൻ ടീമുകൾക്ക് വമ്പന്മാർക്കെതിരേ തന്ത്രങ്ങൾ ആസൂത്രണംചെയ്യാൻ ഇതിലൂടെ കഴിയും.

എ.ഐ. അവതാർ

ലോകകപ്പിനിറങ്ങുന്ന 1248 കളിക്കാരെയും ത്രീഡി സ്‌കാനിങ്ങിന് വിധേയമാക്കും. ഒരു സെക്കൻഡുകൊണ്ട് സ്‌കാനിങ് പൂർത്തിയാകും. ഇതിലൂടെ കളിക്കാരുടെ എ.ഐ. അവതാറുകൾ (ഡിജിറ്റൽ രൂപം) സൃഷ്ടിക്കും. ലോകകപ്പ് നടക്കുന്ന സ്റ്റേഡിയത്തിനകത്ത് 16 ക്യാമറകളുണ്ടാകും. ഇവ ഓരോ മത്സരത്തിലും കളിക്കാരെ ട്രാക്കു ചെയ്തുകൊണ്ടേയിരിക്കും. ഓരോ മത്സരത്തിലും 15 കോടി ഡേറ്റാ പോയിന്റുകൾ ഈ ക്യാമറകൾ ശേഖരിക്കും. അവതാർ ഗോൾ കീപ്പറുടെ കണ്ണിലൂടെയുള്ള ദൃശ്യം വി.എ.ആറിനും പ്രേക്ഷകർക്കും കാണാനാകുന്ന സംവിധാനവും ഉണ്ടാകുമെന്നാണ് സൂചന. ഇതിലൂടെ വാറിന് ഓഫ് സൈഡ് നിർണയിക്കുന്നതും എളുപ്പമാകും.

Content Highlights: Trionda smart ball tracks movement 500 times per second., Stabilized Ref Cam technology for shake-free broadcasting., Enhanced semi-automated offside detection accurate to 10cm., Generative AI assistant for real-time tactical data analysis., 3D AI avatars of players for advanced match tracking.