ഇന്ത്യ@100, ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യ, തലപ്പത്ത് ലോകചാമ്പ്യന്മാര്‍ തന്നെ

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം. വ്യാഴാഴ്ച പുറത്തിറക്കിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറാം സ്ഥാനത്തെത്തി. ഈ നേട്ടം എ.ഐ.എഫ്.എഫ്. ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ക്രമാനുഗതമായി ഞങ്ങള്‍ ഉയരുന്നു എന്ന ക്യാപ്ഷനോടെയാണ് എ.ഐ.എഫ്.എഫ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. 2019 ഏപ്രിലില്‍ ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്‍ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ 100-നുള്ളില്‍ തിരിച്ചെത്തുന്നത്.
1204.9 പോയന്റോടെയാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. നേരത്തേ 1200.66 പോയന്റാണ് ഇന്ത്യക്കുണ്ടായിരുന്നത്. 4.24 പോയന്റ് വര്‍ധിച്ച ഇന്ത്യന്‍ ടീം ലെബനന്‍, ന്യൂസിലന്‍ഡ് ടീമുകളെ മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫൈനലില്‍ ലെബനനെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ശനിയാഴ്ച സാഫ് കപ്പ് സെമി ഫൈനലില്‍ ലെബനനുമായി വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.
അതേസമയം ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1843.73 പോയന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ബെല്‍ജിയത്തെ മറികടന്ന് ഇംഗ്ലണ്ട് നാലാമതെത്തി. ബെല്‍ജിയം(5), ക്രൊയേഷ്യ(6), നെതര്‍ലന്‍ഡ്‌സ്(7), ഇറ്റലി(8), പോര്‍ച്ചുഗല്‍(9), സ്‌പെയിന്‍(10) ടീമുകളാണ് ആദ്യ പത്തിലുള്ളത്.
Content Highlights: fifa ranking Indian Football in top 100 for the first time in five years