ഫിഫയിൽ വൻ സൈബർ ആക്രമണം; വ്യക്തിഗത, ബിസിനസ് വിവരങ്ങൾ ചോർന്നതായി സ്ഥിരീകരണം

സൂറിച്ച് (സ്വിറ്റ്സർലൻഡ്): ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയിൽ സൈബർ ആക്രമണം. ഹാക്കർമാർ ഫിഫയുടെ ചില ബിസിനസ്സ്, വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ ഫിഫ വ്യക്തമാക്കി. എന്നാൽ എപ്പോഴാണ് ആക്രമണം നടന്നതെന്നോ, ഏതൊക്കെ വിവരങ്ങളാണ് കൃത്യമായി ചോർന്നതെന്നോ ഫിഫ വെളിപ്പെടുത്തിയിട്ടില്ല.
പോലീസും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഫിഫ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. 'ഹാൻഡ്സം ബോയ് ഹാക്കിങ് ക്ലബ്ബ്' എന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവർ കഴിഞ്ഞ ആഴ്ച ഫിഫ ഫയലുകളുടെ ചില സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടിരുന്നു. 12 ജിബിയിലധികം വരുന്ന ആന്തരിക രേഖകൾ ചോർത്തിയതായി ഇവർ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അവകാശപ്പെട്ടു. വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും കടുത്ത ഭാഷയിൽ വിമർശിച്ച ഫിഫ, ഇത് വ്യക്തികളുടെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഫിഫയുടെ സാങ്കേതിക സംവിധാനങ്ങളുടെ തകരാറ് മൂലമല്ല ഈ വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്.
Content Highlights: FIFA confirmed a major cyber attack affecting business and personal data., The 'Handsome Boy Hacking Club' claimed responsibility, stealing over 12GB of internal files., FIFA is investigating the breach in coordination with law enforcement agencies., Officials stated the breach was not due to a flaw in FIFA's technical infrastructure.