പ്രമുഖ ക്ലബ്ബുകളുടെ മാറ്റങ്ങളിങ്ങനെ, ഇംഗ്ലണ്ടിൽ ഇനി തീപാറും പോരാട്ടങ്ങൾ

#കൃപേഷ്‌ കൃഷ്ണകുമാർ
മികെൽ അർട്ടേറ്റയും ആഴ്സനൽ താരങ്ങളും |  AP
മികെൽ അർട്ടേറ്റയും ആഴ്സനൽ താരങ്ങളും | AP

ഒരു പതിറ്റാണ്ടിനുശേഷം പെപ് ഗാർഡിയോള ഇല്ലാത്ത ഇംഗ്ലീഷ് ഫുട്ബോൾ. ശനിയാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുരുളാൻ തുടങ്ങുന്നത് ഒരു പുതുയുഗത്തിലേക്കാണ്. മാനേജർമാരിലെ ആതികായരിൽ ഒരാളായ പെപ് ഗാർഡിയോള യുഗത്തിന്റെ അവസാനം. പെപ്പിന്റെ മാഞ്ചെസ്റ്റർ സിറ്റിയും ക്ലോപ്പിന്റെ ലിവർപൂളും തീപിടിപ്പിച്ച ഇംഗ്ലീഷ് മൈതാനങ്ങൾ പിന്നീട് പെപ്പും ശിഷ്യനായ ആഴ്‌സനലിന്റെ മൈക്കൽ അർട്ടേറ്റയും തമ്മിലുള്ള പോരിന് വഴിമാറി. ആഴ്‌സനൽ ഒഴികെ പ്രധാന ടീമുകളെല്ലാമെത്തുന്നത് പുതിയ മാനേജർമാരുമായാണ്. ചാമ്പ്യന്മാരായ ആഴ്‌സനലും സ്ഥാനക്കയറ്റം കിട്ടിയെത്തിയ കവൻട്രി സിറ്റിയും തമ്മിൽ ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി 12.30-നാണ് ആദ്യമത്സരത്തിനിറങ്ങുക.

ആഴ്‌സണൽ

22 വർഷത്തിനുശേഷം ആദ്യമായാണ് ആഴ്‌സണൽ കിരീടം നിലനിർത്താൻ ഇറങ്ങുന്നത്. പ്രീമിയർ ലീഗ് മാത്രമല്ല, ഇംഗ്ലീഷ് ലീഗിലെ രണ്ടു കപ്പുകളും ചാമ്പ്യൻസ് ലീഗും തന്നെയാണ് ലക്ഷ്യമെന്ന് അർട്ടേറ്റ കമ്യൂണിറ്റി ഷീൽഡ് പോരട്ടത്തിലൂടെ കാണിച്ചുതന്നു. മധ്യനിരയിൽ ബ്രൂണോ ഗുയ്മറസ്, ആക്രമണനിരയിൽ ക്രിസ്‌റ്റോസ് സോളിസ്, ഗോളിയായി ഇലാൻ മെസ്‌ലിയർ എന്നിവരെ ടീമിലെത്തിച്ചപ്പോൾ കഴിഞ്ഞതവണ വായ്പയടിസ്ഥാനത്തിൽ കളിച്ച പിയറോ ഹിൻകാപ്പിയെ സ്ഥിരാംഗമായി സ്വന്തമാക്കി. എന്നാൽ, പ്രതിരോധനിരതാരം വില്യം സാലിബ പരിക്കേറ്റ് പുറത്താണെന്നത് അർട്ടേറ്റയ്ക്ക് തലവേദനയാണ്.

മാഞ്ചെസ്റ്റർ സിറ്റി

ഗാർഡിയോളയുടെ ഒഴിവിലേക്ക് ശിഷ്യൻ എൻസോ മരേസ്‌ക്കയാണ് സിറ്റിയെ ഒരുക്കുന്നത്. ഭാവിപ്രതീക്ഷയായ എലിയറ്റ് ആൻഡേഴ്‌സൺ, മാതിയാസ് ഡെറ്റോർബെറ്റ്, ജെർമി മോങ്ക, ജെറോണിമോ റൂള്ളി, പിയേഴ്‌സ് ചാൾസ് തുടങ്ങിയവരെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. എന്നാൽ, ടീമിന്റെ നീണ്ട കീരിടപ്പോരാട്ടങ്ങളിലെ പോരാളിയായിരുന്ന റോഡ്രി ബാഴ്‌സയിലേക്കുപോയി. ബെർണാഡോ സിൽവയും ജോൺ സ്‌റ്റോൺസും കഴിഞ്ഞവർഷം ടീമിലെത്തിയ ടിയാനി റെയിൽഞ്ചേഴ്‌സും ജെയിംസ് ട്രഫോർഡും ടീം വിട്ടു. സാവിന്യോയുൾപ്പെടെ ടീം വിടാനുള്ള സാധ്യതയുമുണ്ട്. എർലിങ് ഹാളണ്ടിന്റെ ഗോളടിമികവിലാണ് ഇക്കുറിയും സിറ്റിയുടെ പ്രതീക്ഷകൾ.

മാഞ്ചെസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞസീസണിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ മൂന്നാംസ്ഥാനത്ത് എത്തിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മൈക്കിൾ കാരിക്ക് ഇത്തവണയെത്തുന്നത്. ഇത്തവണ പ്രീമിയർ ലീഗിനൊപ്പം ചാമ്പ്യൻസ് ലീഗും ലക്ഷ്യംവെച്ചാണ് ഓൾഡ് ട്രഫോർഡ് സ്‌റ്റേഡിയത്തിലേക്കുള്ള ഇറക്കം. അതിനായി മധ്യനിരയിലേക്ക് യൂറി ടിലെമിനെസിനെയും ആന്ദ്രെ സാന്റോസിനെയും എത്തിച്ചിട്ടുണ്ട്. കാസമിറോയെപ്പോലെ ഒരു താരം പോയതിന് പകരമായിട്ടുണ്ടോയെന്ന് ആരാധകർക്കുതന്നെ സംശയമുണ്ട്. ബ്രൈറ്റണിൽനിന്ന് കാർലോസ് ബലീബയെ നോട്ടമിട്ടിട്ടുണ്ട് യുണൈറ്റഡ്. എന്നാൽ, ബലീബ നിലവിൽ പരിക്കിന്റെ പിടിയിലാണ്.

ലിവർപൂൾ

ബേൺമൗത്തിൽ ചരിത്രം സൃഷ്ടിച്ച അൻോണി ഇരോളയാണ് ലിവർപൂളിന്റെ പുതിയ പരിശീലകനായി എത്തിയിട്ടുള്ളത്. കഴിഞ്ഞതവണ റെക്കോഡ് ട്രാൻസ്ഫർനടത്തി അലക്‌സാണ്ടർ ഇസാക്ക് ഉൾപ്പെടെയുള്ള സൂപ്പർത്താരങ്ങളെ എത്തിച്ച ലിവർപൂൾ അതിന്റെ ഫലം ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ബാഴ്‌സയിൽനിന്ന് റൊണാൾഡ് അറാഹുവോയെയും ജെർമ്മി ജാക്കറ്റ്, വിക്ടർ മുനിയോസ് എന്നിവരെയുമാണ് ഇതുവരെ ടീമിലെത്തിച്ചത്. എന്നാൽ, ലിവർപൂളിന്റെ പ്രതാപകാലത്തെ നെടുംതൂണുകളായ മുഹമ്മദ് സല, ആൻഡ്രൂ റോബേർട്‌സൺ, ഇബ്രഹിമെ കോണാറ്റെ തുടങ്ങിയ താരങ്ങൾ ഈ സീസണോടെ ടീം വിട്ടു.

ചെൽസി

റയൽ മഡ്രിഡ് വിട്ടെത്തിയ സാബി അലോൺസോ മാനേജരുടെയും പരിശീലകന്റെയും പൂർണ അധികാരം ഉറപ്പാക്കിയാണ് ചെൽസിയിലെത്തിയിട്ടുള്ളത്. പ്രീമിയർ ലീഗ് കിരീടംതന്നെയാണ് ചെൽസിയുടെ ലക്ഷ്യം. ചാമ്പ്യൻ ലീഗിന് ഇത്തവണയില്ലെന്നത്‌ പ്രീമിയർ ലീഗിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും ചെൽസിയെ സഹായിക്കും. അതിനൊത്ത താരങ്ങളെയും എത്തിച്ചിട്ടുണ്ട് സാബി. മോർഗൻ റോജേഴ്‌സ്, മാക്‌സോൻസ് ലക്ര്വാ, മാർക്കോ പലേസ്ട്രാ, പരിചയസമ്പന്നരായ ഡാനി വെൽബെക്ക്, ജോർഡൻ ഹെൻഡേഴ്‌സൺ തുടങ്ങിയവർ ഇത്തവണ ടീമിലെത്തി.

Content Highlights: The 2026 Premier League season marks the beginning of a new era without Pep Guardiola., Arsenal enters as champions aiming to defend their title under Mikel Arteta., Manchester City transitions under former disciple Enzo Maresca following major squad changes