മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഇനി അന്താരാഷ്ട്ര വേദിയിൽ; തുർക്കിയിലെ പുൽമൈതാനങ്ങളിൽ പന്തുതട്ടാൻ ആദിൽ

എടവണ്ണ: മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ ഇനി അന്താരാഷ്ട്രവേദികളിലും. തുർക്കിയിൽ നടക്കുന്ന അണ്ടർ-17 അന്താരാഷ്്ട്ര ഫുട്ബോൾ മേളയിൽ ഇന്ത്യൻ ദേശീയ ടീമിനായി എടവണ്ണ സ്വദേശി ആദിൽ അമൻ ബൂട്ടണിയും.
ഇന്ത്യൻ ടീമിന്റെ മുന്നേറ്റനിരയിൽ ലെഫ്റ്റ് ഫോർവേഡ് സ്ഥാനത്ത് തകർപ്പൻ പ്രകടനമാണ് ഈ പതിനാറുകാരൻ കാഴ്ചവെക്കുന്നത്.
എടവണ്ണ ഐ.ഒ.എച്ച്.എസ്. സ്കൂൾ മൈതാനിയിൽനിന്നാണ് ആദിലിന്റെ ഫുട്ബോൾ യാത്രയുടെ തുടക്കം. സ്കൂളിലെ കായികാധ്യാപകനായ എം. മുജീബ്റഹ്മാന്റെ ശിക്ഷണത്തിൽ ഫുട്ബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ആദിൽ തന്റെ കളി ശൈലിയിലൂടെ വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെന്നൈയിലെ പ്രശസ്തമായ എഫ്.സി. മദ്രാസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അവിടെനിന്നുള്ള മികച്ച പരിശീലനമാണ് ആദിലിനെ ഇന്ത്യൻ ജേഴ്സിയിലേക്കും തുർക്കിയിലെ അന്താരാഷ്ട്ര മേളയിലേക്കുമെത്തിച്ചത്. ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ് നേരത്തേ ഗോവയിൽ താജിക്കിസ്താനുമായുള്ള രണ്ടു മത്സരങ്ങളിൽ കളിച്ച് ആദിൽ അമൻ ശ്രദ്ധേയനായിരുന്നു.
എടവണ്ണ മുണ്ടേങ്ങര ആലുങ്ങൽ സക്കീറും കുടുംബവും മകന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ എപ്പോഴും കൂടെയുണ്ട്. പൂർവാധ്യാപകരും നാട്ടുകാരും നൽകിയ പ്രോത്സാഹനവും ഈ കൗമാരതാരത്തിന് വലിയ ഊർജമായി.
മൈതാനത്തിന്റെ ഇടതുവശത്തുനിന്ന് അതിവേഗത്തിൽ പന്തുമായി കുതിക്കാനും കൃത്യമായ പാസുകൾ നൽകാനും ഗോൾ നേടാനുമുള്ള ആദിലിന്റെ മികവ് ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടാകും.
നിലവിൽ തുർക്കിയിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച ഫോമിലാണ് ഈ യുവതാരം. തുർക്കി ദേശീയ ടീമുമായി സൗഹൃദമത്സരത്തിനു പോയ സംഘം 17 വരെ തുർക്കിയിലുണ്ടാകും.
കേരളത്തിൽനിന്നായി മഞ്ചേരി മേലാക്കം സ്വദേശി ഇന്ദ്ര റാണയുമുണ്ട്. മേഘാലയ സ്വദേശി ചന്ദ്രുവിന്റെയും നേപ്പാൾ സ്വദേശി താരാ റാണയുടെയും മകനാണ് ഇന്ദ്ര.
കഴിഞ്ഞ 35 വർഷമായി ഇവരുടെ കുടുംബം മഞ്ചേരി മേലാക്കത്താണ് താമസം.
Content Highlights: Edavanna's Adil Aman Debuts for India at U-17 International Football Festival in Turkey