ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാളിന് പതിനേഴാം ഡ്യൂറണ്ട് കിരീടം

#സ്പോർട്സ് ഡെസ്ക്
മോഹൻ ബഗാനെതിരെ ഗോൾ നേടിയ ഈസ്റ്റ് ബംഗാളിന്റെ എഡ്മണ്ട് ലാൽറിൻഡിക്കയുടെ ആഹ്ലാദം. ഫോട്ടോ: PTI
മോഹൻ ബഗാനെതിരെ ഗോൾ നേടിയ ഈസ്റ്റ് ബംഗാളിന്റെ എഡ്മണ്ട് ലാൽറിൻഡിക്കയുടെ ആഹ്ലാദം. ഫോട്ടോ: PTI

കൊൽക്കത്ത: നാട്ടങ്കത്തിൽ ബദ്ധവൈരികളായ മോഹൻ ബഗാനെ തകർത്ത് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. 138 വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ ബഗാനൊപ്പമെത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഒന്നാം പകുതിയിൽ കൂടുതൽ നേരം പന്ത് നിയന്ത്രണത്തൽ വെക്കുകയും കൂടുതൽ തവണ ഗോളിലേയ്ക്ക് ഷോട്ടുകൾ ഉതിർക്കുകയും ചെയ്താണ് ബഗാൻ ഇത്രയും വലിയ മാർജിനിലുള്ള തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ, ഈസ്റ്റ് ബംഗാളിനായിരുന്നു കൂടുതൽ സ്‌കോറിങ് അവസരങ്ങൾ ലഭിച്ചത്. അത് അവർ നന്നായി ഫലപ്രദമാക്കുകയും ചെയ്തു.

മിസോറാമുകാരനായ വിങ്ങർ എഡ്മണ്ട് ലാൽറിൻഡിക്കെയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് ഈസ്റ്റ് ബംഗാൾ മിന്നും ജയം സ്വന്തമാക്കിയത്. പത്താം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട ബിപിൻ സിങ്ങാണ് അവരുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 12, 22, 44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകൾ. 33-ാം മിനിറ്റിൽ മൻവീർ സിങ് ബഗാനുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാനായില്ല. തുടക്കത്തിൽ ബഗാൻ ആക്രമണത്തിൽ മേൽക്കൈ നേടിയെങ്കിലും ഈസ്റ്റ് ബംഗാൾ രണ്ട് മിനിറ്റിൽ രണ്ട് ഗോൾ നേടിയതോടെ അവർ കളിയിലെ താളം നഷ്ടമായി. 2004ലാണ് ഈസ്റ്റ് ബംഗാൾ ഇതിന് മുൻപ് ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കിയത്. അന്നും ബഗാനായിരുന്നു എതിരാളി.

Content Highlights: East Bengal won their 17th Durand Cup title by defeating arch-rivals Mohun Bagan., The final match ended with a score of 4-1 in favor of East Bengal., Edmund Lalrindika scored a brilliant hat-trick for East Bengal., Bipin Singh opened the scoring for East Bengal in the 10th minute., Manvir Singh scored the sole goal for Mohun Bagan in the 33rd minute.