റൊണാൾഡോയുടെ കണ്ണീർമടക്കത്തിന് സാക്ഷിയായി ഒരു പയ്യോളിക്കാരനും

കോഴിക്കോട്: ലോകകപ്പ് ചരിത്രത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗത്തിന് അവസാനം കുറിച്ച പ്രീക്വാർട്ടർ മത്സരം നേരിട്ട് കാണാൻ ഡാലസിലെ സ്‌റ്റേഡിയത്തിൽ ഒരു പയ്യോളിക്കാരനും. പോർച്ചുഗലിനെ 1-0 ന് തോൽപ്പിച്ച് സ്പെയിൻ ക്വാർട്ടറിൽ കടന്ന ആവേശ പോരാട്ടം ഗാലറിയിൽ ബാനർ ഉയർത്തി കിഴൂർ കോറണ്ട മിഥിലയിൽ സി.എം. സന്തോഷ് കണ്ടു. കൂടെ, മകൻ മാധവുമുണ്ടായിരുന്നു. പക്ഷെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണിർ മടക്കത്തിന് സാക്ഷിയാകേണ്ടി വന്നത് ആരാധകരായ ഇവർക്ക് വിഷമമുണ്ടാക്കി. കളി കണ്ട ആവേശം അവസാന ഘട്ടത്തിൽ ചോർന്നുപോയെങ്കിലും ഗാലറിയിലിരുന്ന് ബാനർ ഉയർത്തി CR7 ന് ഗുഡ്‌ബൈ പറയാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് ഈ പയ്യോളിക്കാർ.
ക്ലബ് ലോകകപ്പ് മത്സരത്തിൽ ലയണൽമെസിയുടെ ഗോൾ വേട്ട നേരിൽ കാണാൻ മുമ്പ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിലും ഇവരെത്തിയിരുന്നു. കോപ്പ അമേരിക്ക ഫൈനൽ കാണാനും ബെൻഡണിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി മയാമിയിൽ ഈ ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നു. യു.എസിൽ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന സന്തോഷ് നാട്ടിൽ നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയാണ്. നോക്കൗട്ട് മത്സരം വലിയ ടെൻഷനുണ്ടാക്കുന്നതാണെന്നും റൊണാൾഡോ തലകുനിച്ച് മടങ്ങുമ്പോൾ ചുറ്റും നിറകണ്ണുകളോടെ നിൽക്കുന്ന ആരാധകരെയാണ് കണ്ടതെന്നും സന്തോഷ് പറഞ്ഞു.
Content Highlights: A Payyoli-based fan witnessed Ronaldo's final World Cup match in Dallas., The fan displayed a banner to bid farewell to CR7., The match saw Spain defeat Portugal 1-0 in the knockout stage., The fan is a seasoned football enthusiast who previously attended Messi's matches in the US.