ഇനി എത്ര ഗോൾ വേണം ആ വലിയ ലക്ഷ്യത്തിന്? ക്രിസ്റ്റ്യാനോ ഒരുങ്ങി തന്നെ

#സ്വന്തം ലേഖകൻ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | AP/PTI
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | AP/PTI

‘വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു, എപ്പോഴും ചിന്തിക്കാറുണ്ട്. പോർച്ചുഗൽ ജനത ഇപ്പോഴും തന്നെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ടീമിൽ തുടർന്നും കളിക്കും.’-ഉയർന്നുവന്ന എല്ലാ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കുമായി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇങ്ങനെ പറഞ്ഞുവെക്കുന്നു. പോർച്ചുഗീസ് കുപ്പായവുമണിഞ്ഞ് പോരാടാൻ തന്നെ സിആർ7 തീരുമാനിക്കുന്നു. കിരീടങ്ങളും റെക്കോഡുകളും മോഹിപ്പിക്കുന്നതുകൊണ്ടാണോയെന്നറിയില്ല. എന്തായാലും നയം വ്യക്തമാണ്. 41 ലും മൈതാനങ്ങളിൽ അയാളുണ്ടാകും. അവസാനസെക്കൻഡും കഴിഞ്ഞ് വിസിൽ മുഴങ്ങാതെ ജയം ആഘോഷിക്കരുതെന്ന് എതിരാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണത്.

രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ് ദേശീയ ജേഴ്‌സിയിൽ തുടരാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കുന്നു റോണോ. ടീമിന് തന്റെ സേവനം ആവശ്യമില്ലെന്ന് തോന്നുമ്പോഴോ അധികൃതർ പറയുമ്പോഴോ താൻ സ്വയം മടങ്ങുമെന്നും റൊണാൾഡോ പറയുന്നു. മെസ്സിയും നെയ്മറും ബൂട്ടഴിക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞ ഘട്ടത്തിലാണ് റോണോ നിർണായക പ്രഖ്യാപനം നടത്തുന്നത്.

‘പോർച്ചുഗലിന് ഇനി എന്നെ ആവശ്യമില്ലെങ്കിൽ, എനിക്ക് ഇന്നുതന്നെ പോകാം. എനിക്ക് അതിൽ യാതൊരു പ്രശ്നവുമില്ല. ദേശീയ ടീമിൽ ആവശ്യമില്ലാത്ത ഘട്ടം വന്നാൽ, ഞാൻ തന്നെ ആദ്യം അവരോട് അത് സംസാരിക്കും. അവർക്ക് എന്നെ ആവശ്യമുള്ളിടത്തോളം കാലം, എനിക്കും അവരെ ആവശ്യമുണ്ട്. പോർച്ചുഗീസ് ജനതയ്ക്കും എന്നെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഞാൻ ദേശീയ ടീമിനായി തുടർന്നും കളിക്കുന്നത്.’ - 41 കാരൻ തുറന്നുപറഞ്ഞു.

അതേസമയം ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോടേറ്റ തോൽവിക്ക് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിരുന്നതായും റൊണാൾഡോ വെളിപ്പെടുത്തി. ''വർത്തമാനകാലത്തെക്കുറിച്ചും ഭാവി തീരുമാനങ്ങളെക്കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിനാലാണ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നത്'' - വിരമിക്കൽ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി റൊണാൾഡോ പറഞ്ഞതിങ്ങനെ.

സ്വന്തം രാജ്യത്ത് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും റൊണാൾഡോ തുറന്നുപറഞ്ഞു. പോർച്ചുഗലിലെ സാധാരണ ആരാധകർക്ക് തന്നെ ഇഷ്ടമാണെങ്കിലും, ചില ടിവി ചാനലുകൾ തന്നെ വിമർശിക്കാൻ കാത്തിരിക്കുകയാണെന്നാണ് റൊണാൾഡോയുടെ വാദം. താൻ ഇനി ദേശീയ ടീമിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും, അത് കാര്യമാക്കാതെ മുന്നോട്ടുപോകാൻ തനിക്ക് സാധിക്കുമെന്നും, കഴിഞ്ഞ 20 വർഷത്തിലധികമായി ഇത്തരം കാര്യങ്ങൾ നേരിട്ട് ശീലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്‌നേഹിക്കുന്ന ആളുകൾക്കൊപ്പമാണ് തന്റെ ഓർമകളെന്നും, കുട്ടികൾ തന്നെ ഒരു മാതൃകയായി കാണുന്നതിനാലാണ് അവരെല്ലാം സ്‌നേഹിക്കുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി.

പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോ എൻസ, പരിശീലകൻ ജോർജ്ജ് ജീസസ് എന്നിവരുമായി പോർച്ചുഗീസ് സൂപ്പർതാരം സംസാരിച്ചിട്ടുണ്ട്. പോർച്ചുഗലിനായി നേഷൻസ് ലീഗിലടക്കം പന്തുതട്ടും. ഗോളുകൾ നേടുന്നതിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്ത് പുതിയ യുവതലമുറയ്ക്ക് അനുഭവസമ്പത്ത് പങ്കുവെക്കാനും തനിക്ക് സാധിക്കുമെന്ന് കൂടി റൊണാൾഡോ പറഞ്ഞുവെക്കുന്നു.

രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്രിസ്റ്റ്യാനോ ഉടൻ വിരമിക്കൽ പ്രഖ്യാപിക്കാത്തതെന്നാണ് വിലയിരുത്തൽ. ഒന്ന് യുവേഫ നേഷൻസ് ലീഗ് കിരീടമാണ്. 2019 ലും 2025 ലും നേഷൻസ് ലീഗ് കിരീടം നേടിയ റോണോ മൂന്നാം കിരീടം കൂടി മോഹിക്കുന്നുണ്ട്. ഇക്കുറി അത് കൂടി നേടാനായാൽ പോർച്ചുഗലിന് നാല് കിരീടങ്ങൾ നേടിക്കൊടുക്കുന്ന നായകനായി മാറും. 2016 ലെ യുറോ ജേതാവായ പോർച്ചുഗീസ് നായകൻ മറ്റൊരു യൂറോക്ക് കീത്തുനിൽക്കില്ലെന്നുറപ്പാണ്. കഴിഞ്ഞ ലോകകപ്പ് അവസാനത്തേതാണെന്ന് നേരത്തേ തന്നെ അയാൾ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. രണ്ടാമത്തേത് ആയിരം ഗോളുകളെന്ന ചരിത്ര നേട്ടമാണ്. നിലവിൽ 979 ഗോളുകളാണ് റൊണാൾഡോയ്ക്കുള്ളത്. ആയിരം ഗോളുകളെന്ന അപൂർവ നാഴികക്കല്ലുമായി മൈതാനത്തോട് ബൈ പറയുക ഒരുപക്ഷേ ക്രിസ്റ്റ്യാനോ കണക്കുകൂട്ടുന്നുണ്ടാകും. മൈതാനത്തെ ക്രിസ്റ്റ്യാനോയുടെ അവസാനപോരാട്ടങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.

Content Highlights: Cristiano Ronaldo confirms he will continue playing for Portugal