‘അച്ഛൻ മരിച്ചതിന് ശേഷം...’; ജോട്ടയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി റൊണാൾഡോ

ലണ്ടൻ: അന്തരിച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ടയുടെ സംസ്‌കാരച്ചടങ്ങില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പോര്‍ച്ചുഗീസ് നഗരമായ ഗോണ്‍ഡമറില്‍ നടന്ന ചടങ്ങിലാണ് ക്രിസറ്റ്യാനോ പങ്കെടുക്കാതിരുന്നത്. ടൂര്‍ണമെന്റുകളൊന്നും ഇല്ലാതിരുന്നിട്ടും റോണോ ചടങ്ങിനെത്താതിരുന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റൊണാൾഡോ. താൻ ചടങ്ങിനെത്തിയാൽ ശ്രദ്ധ മുഴുവൻ തന്നിലേക്കാകുമെന്നും അത് മുൻനിർത്തിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പോർച്ചുഗീസ് നായകൻ പറഞ്ഞു.
“രണ്ട് കാര്യങ്ങൾ, ആളുകൾ എന്നെ ഒരുപാട് വിമർശിക്കാറുണ്ട്. ഞാനത് കാര്യമാക്കുന്നില്ല. നിങ്ങളുടെ മനസ്സാക്ഷിക്ക് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, ആളുകൾ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.” - ബ്രോഡ്കാസ്റ്ററായ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.
“എൻ്റെ അച്ഛൻ മരിച്ചതിന് ശേഷം, പിന്നീട് ഒരിക്കലും സെമിത്തേരിയിൽ പോയിട്ടില്ല. നിങ്ങൾക്ക് എന്നെയും എൻ്റെ പ്രശസ്തിയെ കുറിച്ചും അറിയാമല്ലോ? ഞാൻ എവിടെ പോയാലും ആളുകൾ കൂടും. ഞാൻ അവിടെ പോയാൽ ശ്രദ്ധ മുഴുവൻ എന്നിലേക്കാകും. എനിക്ക് ഇത്തരത്തിലുള്ള ശ്രദ്ധ ആവശ്യമില്ല.” തന്റെ തീരുമാനം ശരിയായിരുന്നുവെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
ജോട്ടയുടെ അടുത്ത സുഹൃത്തുക്കളും ചില സഹതാരങ്ങളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തായ മധ്യനിരതാരം റൂബന്‍ നെവസ് ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിന് തൊട്ടുപിന്നാലെയാണ് ഇവിടേക്ക് എത്തിയത്. ലിവര്‍പൂളിലെ ജോട്ടയുടെ ഒട്ടുമിക്ക സഹതാരങ്ങളും ചടങ്ങിനെത്തിയിരുന്നു. ലിവർപൂൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നൂറുകണക്കിന് ആളുകളാണ് ജോട്ടയ്ക്ക് ആദരാഞ്ജലി ആർപ്പിക്കാൻ പൂവുകളും ജേഴ്‌സികളുമായി എത്തിയത്. പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ മൈതാനത്തിന് സമീപത്തും ഒട്ടേറെയാളുകൾ ആദരമർപ്പിച്ചു.
കാര്‍ അപകടത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 2025 ജൂലൈ 3 ന് സ്‌പെയിനിലെ സമോറ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആൻഡ്രെ സില്‍വയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്. സമോറയില്‍ എ 52 ഹൈവേയിലാണ് അപകടം നടക്കുന്നത്. അപകടത്തിന് പിന്നാലെ അഗ്നി രക്ഷാസേനയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റും സ്ഥലത്ത് ഇരച്ചെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: Cristiano Ronaldo breaks silence on skipping Diogo Jota's funeral