പഴയ ആശാൻ 90 മിനിറ്റും ബെഞ്ചിലിരുത്തി; കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക്? നിർണായക പ്രതികരണം കാത്ത് ഫുട്‌ബോൾ ലോകം

23 വർഷമായി പോർച്ചുഗൽ ദേശീയ ടീമിന്റെ മുഖമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് 41-കാരനായ ക്യാപ്റ്റന്റെ അപ്രതീക്ഷിത തീരുമാനം. 'സമയമാകുമ്പോൾ സത്യം പോർച്ചുഗീസുകാരോട് പറയും' എന്ന റൊണാൾഡോയുടെ വാക്കുകൾ സംഭവത്തെ കൂടുതൽ ദുരൂഹമാക്കി. എന്താണ് പോർച്ചുഗൽ ക്യാമ്പിൽ സംഭവിച്ചത്?
തുടക്കം നോർവേക്കെതിരായ മത്സരത്തിൽ
പുതിയ പരിശീലകൻ ജോർജ് ജീസസിന് കീഴിലാണ് 2026-27 യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ഇറങ്ങിയത്. സെപ്റ്റംബർ 24-ന് വെയിൽസിനെതിരായ ആദ്യ മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിലുണ്ടായിരുന്നു. തന്റെ 234-ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ റൊണാൾഡോയ്ക്ക് ഗോൾ നേടാനായില്ല. ഒരു ഗോൾ വാർ ഇടപെടലിൽ നിഷേധിക്കപ്പെടുകയും ചെയ്തു. ഈ മത്സരത്തിന്റെ 67-ാം മിനിറ്റിൽ കോച്ച് താരത്തെ പിൻവലിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം ഓസ്ലോയിൽ നോർവേയെ നേരിട്ടപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് ജീസസ് ടീമിനെ ഇറക്കിയത്. എന്നാൽ, റൊണാൾഡോ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പരിശീലകനും അത് പിന്നീട് സ്ഥിരീകരിച്ചു. റൊണാൾഡോയോട് പകരക്കാരനായി ഇറങ്ങേണ്ടിവരുമെന്ന് അറിയിക്കുകയും താരം ദീർഘനേരം വാം-അപ്പ് നടത്തുകയും ചെയ്തു. പക്ഷേ, റൊണാൾഡോയെ കളത്തിലിറക്കിയില്ല. പോർച്ചുഗൽ മത്സരം 2-1ന് ജയിച്ചു; ഗോൺസാലോ റാമോസായിരുന്നു വിജയഗോൾ നേടിയത്.
അരമണിക്കൂറോളം വാം-അപ്പ്, പക്ഷേ കളിക്കാനിറക്കിയില്ല
റൊണാൾഡോയെ അലോസരപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന സംഭവം ഇതാണ്. നോർവേയ്‌ക്കെതിരേ പകരക്കാരനായി ഇറക്കാനുള്ള സാധ്യത കണക്കിലെടുത്ത് റൊണാൾഡോയോട് വാം-അപ്പ് ചെയ്യാൻ ആവശ്യപ്പെട്ടതായി ജീസസ് തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, മത്സരത്തിന്റെ സാഹചര്യങ്ങൾ മാറിയതോടെ റൊണാൾഡോയെ ഇറക്കേണ്ടതില്ലെന്ന് പരിശീലകൻ തീരുമാനിച്ചു.
''20 മിനിറ്റോ അരമണിക്കൂറോ വാം-അപ്പ് ചെയ്ത ശേഷം കളിക്കാൻ അവസരം ലഭിക്കാത്തതിൽ ഒരു കളിക്കാരനും സന്തോഷിക്കില്ല. പ്രത്യേകിച്ച് ക്രിസ്റ്റ്യാനോയും'' എന്നായിരുന്നു ജീസസിന്റെ വിശദീകരണം. റൊണാൾഡോയെ അത്രയും നേരം വാം-അപ്പ് ചെയ്യിച്ചതിൽ തന്റെ ഭാഗത്ത് പിഴവുണ്ടായെന്നും അദ്ദേഹം അംഗീകരിച്ചു.
മത്സരം അവസാനിച്ചപ്പോൾ സഹതാരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്യാൻ പോയെങ്കിലും റൊണാൾഡോ നേരെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഇതോടെയാണ് പരിശീലകനും ക്യാപ്റ്റനും തമ്മിൽ പ്രശ്‌നമുണ്ടെന്ന അഭ്യൂഹം ശക്തമായത്.
പിന്നീട് റൊണാൾഡോ പരിശീലനത്തിന് ഇറങ്ങിയില്ല
നോർവേ മത്സരത്തിനുശേഷം റൊണാൾഡോ ടീമിനൊപ്പം സാധാരണ പരിശീലനത്തിൽ പങ്കെടുക്കാത്തതോടെ വിവാദം കൂടുതൽ വലുതായി. റൊണാൾഡോ പരിശീലനം ബഹിഷ്‌കരിച്ചെന്ന റിപ്പോർട്ടുകൾ ജോർജ് ജീസസ് നിഷേധിച്ചു. താരം ജിമ്മിൽ പ്രത്യേക പരിശീലനങ്ങൾ നടത്തുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
മാൽമോയിലെ പരിശീലന വേദിയിലേക്ക് റൊണാൾഡോ ടീമിനൊപ്പം എത്തിയെങ്കിലും പിന്നീട് ഹോട്ടലിലേക്ക് മടങ്ങിയ സംഭവവും ചർച്ചയായി. റൊണാൾഡോയുടെ പ്രത്യേക പരിശീലനത്തിന് ആവശ്യമായ ഉപകരണം സ്റ്റേഡിയത്തിലെ ജിമ്മിൽ ഇല്ലാത്തതിനാലാണ് ഹോട്ടലിലേക്ക് മടങ്ങിയതെന്നാണ് പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പോർച്ചുഗീസ് ദിനപത്രമായ എ ബോള'റിപ്പോർട്ട് ചെയ്തത്.
ഒടുവിൽ വിഷയത്തിൽ ഇടപെട്ട് ഫെഡറേഷൻ പ്രസിഡന്റ്
റൊണാൾഡോ-ജീസസ് ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായതോടെ പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രൊയൻസയും കോപ്പൻഹേഗനിലെത്തി. റൊണാൾഡോയും ജീസസും തമ്മിൽ സംഭാഷണം നടന്നതായും റിപ്പോർട്ടുകളുണ്ട്.
റൊണാൾഡോയുമായി സംസാരിച്ചെന്നും തന്റെ തീരുമാനങ്ങൾ അംഗീകരിക്കുമെന്ന് താരം വ്യക്തമാക്കിയെന്നും പരിശീലകൻ പറഞ്ഞു. റൊണാൾഡോ പറഞ്ഞതായി ജീസസ് വെളിപ്പെടുത്തിയ വാക്കുകളും ശ്രദ്ധേയമാണ്. താൻ കളിക്കണോ സ്റ്റാൻഡിലിരിക്കണോ എന്നത് പരിശീലകന്റെ തീരുമാനമാണെന്നും അത് അംഗീകരിക്കുമെന്നും റൊണാൾഡോ പറഞ്ഞുവെന്നാണ് ജീസസിന്റെ വിശദീകരണം.
ഡെൻമാർക്കിനെതിരെയും ആദ്യ ഇലവനിൽ റൊണാൾഡോയില്ല
എന്നാൽ, സെപ്റ്റംബർ 30-ലെ വാർത്താസമ്മേളനത്തിൽ ജീസസ് പറഞ്ഞ ചില കാര്യങ്ങളാണ് സംഭവത്തെ നിർണായക ഘട്ടത്തിലെത്തിച്ചത്. റൊണാൾഡോയുമായി വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡെൻമാർക്കിനെതിരായ മത്സരത്തിൽ അദ്ദേഹം ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നും പകരക്കാരുടെ ബെഞ്ചിലായിരിക്കുമെന്നും ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ജോർജ്ജ് ജീസസ് വ്യക്തമാക്കിയിരുന്നു. ഗോൺസാലോ റാമോസിനാണ് മുന്നേറ്റത്തിൽ മുൻഗണന നൽകുന്നതെന്നും ആവശ്യമുണ്ടെങ്കിൽ മാത്രമേ റൊണാൾഡോയെ ഇറക്കൂവെന്നും ജീസസ് കൂട്ടിച്ചേർത്തു.
കളിക്കാരെ തിരഞ്ഞെടുക്കുന്നത് പരിശീലകനാണെന്നും ഒരു കളിക്കാരനും തന്റെ തീരുമാനം മാറ്റാൻ നിർബന്ധിക്കാനാകില്ലെന്നും ജീസസ് വ്യക്തമാക്കി. തീരുമാനങ്ങൾ എടുക്കുന്നത് പരിശീലകനാണെന്നും ടീമിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് റൊണാൾഡോയ്ക്കൊപ്പം സൗദി അറേബ്യയിൽ പ്രവർത്തിച്ചിട്ടുള്ള ജീസസ്, തങ്ങൾക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞിരുന്നു. ഈ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. സഹതാരങ്ങൾ പരിശീലനത്തിനെത്തിയ സമയത്ത് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ വാഹനത്തിലാണ് അദ്ദേഹം പാർക്കൻ സ്റ്റേഡിയത്തിൽനിന്ന് മടങ്ങിയത്. റൊണാൾഡോ ക്യാമ്പ് വിട്ടതായി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും സ്ഥിരീകരിച്ചു.
വാർത്താസമ്മേളനം കഴിഞ്ഞു, റൊണാൾഡോ ക്യാമ്പ് വിട്ടു
റൊണാൾഡോ സാധാരണ രീതിയിൽ പരിശീലനത്തിനിറങ്ങുമെന്ന് വാർത്താസമ്മേളനത്തിൽ ജീസസ് പറഞ്ഞിരുന്നു. എന്നാൽ, കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ സഹതാരങ്ങൾ പരിശീലനം ആരംഭിച്ചപ്പോൾ റൊണാൾഡോ അവർക്കൊപ്പം ഉണ്ടായിരുന്നില്ല. പിന്നാലെ താരം ക്യാമ്പ് വിട്ടതായി വ്യക്തമായി.
'സത്യം ഞാൻ പിന്നീട് പറയും'
റൊണാൾഡോ തന്നെ സോഷ്യൽ മീഡിയയിലൂടെ തീരുമാനം സ്ഥിരീകരിച്ചു. ദേശീയ ടീം പരിശീലകന്റെ വാർത്താസമ്മേളനത്തിനും പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിനും പിന്നാലെ ദേശീയ ടീം ക്യാമ്പ് വിടാൻ തീരുമാനിച്ചതായി താരം വ്യക്തമാക്കി. തുടർന്നുള്ള ഒരു വരിയാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ വലിയ ചർച്ച. ''എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളുടെ സത്യം സമയമാകുമ്പോൾ പോർച്ചുഗീസുകാരോട് പറയും.''
ദേശീയ ടീമിനോടുള്ള തന്റെ സമർപ്പണം എന്നും നിലനിന്നിട്ടുണ്ടെന്നും പോർച്ചുഗലിനും എല്ലാ സഹതാരങ്ങൾക്കും വിജയാശംസ നേരുന്നുവെന്നും റൊണാൾഡോ വ്യക്തമാക്കി. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും റൊണാൾഡോ ക്യാമ്പ് വിട്ടതായി സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് ക്യാപ്റ്റൻ പോയതെന്ന വിശദീകരണം ഫെഡറേഷൻ നൽകിയില്ല.
ജോർജ് ജീസസും റൊണാൾഡോയും
സൗദി അറേബ്യയിൽ അൽ നസ്‌റിൽ റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോർജ് ജീസസ്. അതിനാൽ ഇരുവരുടെയും പരിചയവും ബന്ധവും ദേശീയ ടീമിലെത്തുന്നതിന് മുമ്പേയുള്ളതാണ്. റോബർട്ടോ മാർട്ടിനസിന് ശേഷം 2026 ലോകകപ്പിന് പിന്നാലെയാണ് ജീസസ് പോർച്ചുഗലിന്റെ ചുമതലയേറ്റത്. അതിനാൽതന്നെ പുതിയ പരിശീലകന്റെ കീഴിൽ ദേശീയ ടീമിന്റെ മുന്നേറ്റനിരയിൽ റൊണാൾഡോയുടെ സ്ഥാനം എങ്ങനെയായിരിക്കുമെന്ന ചോദ്യം തുടക്കംമുതൽ നിലനിന്നിരുന്നു. നോർവേയ്‌ക്കെതിരെ റൊണാൾഡോയില്ലാതെ ഗോൺസാലോ റാമോസ് വിജയഗോൾ നേടിയതും ഡെൻമാർക്കിനെതിരെയും റാമോസിനെ സ്റ്റാർട്ട് ചെയ്യിക്കുമെന്ന് ജീസസ് വ്യക്തമാക്കിയതും പരോക്ഷമായി റൊണാൾഡോയ്ക്കുള്ള സൂചനയായി.
പോർച്ചുഗൽ കരിയറിന്റെ അവസാനമോ?
റൊണാൾഡോ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കുന്നതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ക്യാമ്പ് വിടുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സന്ദേശത്തിന്റെ സ്വഭാവം അദ്ദേഹം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പോർച്ചുഗലിനായി 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകൾ നേടിയ റൊണാൾഡോ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്. 2026 തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കുമെന്ന് ഓഗസ്റ്റിൽ റൊണാൾഡോ സൂചിപ്പിച്ചിരുന്നെങ്കിലും നിലവിൽ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അടുത്ത രാജ്യാന്തര വിൻഡോയിൽ തിരിച്ചെത്തുമോ, ജീസസുമായി വീണ്ടും ചർച്ച നടക്കുമോ, അതോ ദേശീയ ടീമുമായുള്ള ബന്ധത്തിൽ കൂടുതൽ വലിയ തീരുമാനമുണ്ടാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
Content Highlights: Cristiano Ronaldo left the Portugal national team training camp midway ahead of the match against Denmark., Coach Jorge Jesus benched Ronaldo against Norway and stated he would start on the bench against Denmark, prioritizing Gonçalo Ramos., Ronaldo warmed up for nearly half an hour against Norway but was not subbed on, causing frustration., Ronaldo stated on social media that he will reveal the truth behind his decision to the Portuguese people in due time., No official retirement announcement has been made by Ronaldo yet, despite ongoing speculation about his international future.