ക്രിസ്റ്റ്യാനോയെ പൂട്ടിയ മുത്തുസ്വാമി; പോർച്ചുഗലിനെ തളച്ച കോംഗോ വീര്യത്തിനു പിന്നിൽ ഇന്ത്യൻ വംശജൻ

ഹൂസ്റ്റൺ: ലോകകപ്പിൽ കരുത്തരായ പോർച്ചുഗലിനെ 1-1 എന്ന സമനിലയിൽ തളച്ച് ആഫ്രിക്കൻ രാജ്യമായ കോംഗോ ചരിത്രം കുറിച്ചിരിക്കുകയാണ്. മത്സരത്തിൽ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോളും ആദ്യ പോയിന്റും കോംഗോ സ്വന്തമാക്കി. ആറാം മിനിറ്റിൽ ജോവോ നെവെസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ ഒരു ഗോൾമഴയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ പതറാതെ പോരാടിയ കോംഗോ ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ യോവാനെ വിസ്സയിലൂടെ സമനില ഗോൾ നേടുകയായിരുന്നു.
ആറാമത് ലോകകപ്പ് കളിക്കുന്ന 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും മത്സരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല. അർജന്റീനയുടെ ലയണൽ മെസ്സിക്കൊപ്പം ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ പങ്കെടുത്ത താരമെന്ന റെക്കോഡ് റൊണാൾഡോ ഈ മത്സരത്തോടെ പങ്കിട്ടു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ലോകോത്തര നിരയുണ്ടായിട്ടും കോംഗോയുടെ പ്രതിരോധത്തിന് മുന്നിൽ പോർച്ചുഗലിന് വഴങ്ങേണ്ടിവന്നു. കളിശൈലികൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാനും കോംഗോയ്ക്കായി.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക്, പ്രത്യേകിച്ച് തമിഴ്‌നാട്ടുകാർക്ക്, ഈ മത്സരത്തിൽ ഏറ്റവും ആവേശം നൽകിയത് കോംഗോയുടെ മധ്യനിര താരം സാമുവൽ മുത്തുസ്വാമിയുടെ മിന്നും പ്രകടനമായിരുന്നു. ഇന്ത്യൻ വംശജനായ മുത്തുസ്വാമിയുടെ പിതാവ് തമിഴ്‌നാട് വേരുകളുള്ളയാളാണ്. അമ്മ കോംഗോ വംശജയാണ്. ഗ്രീക്ക് ക്ലബ്ബായ ഓട്രോമിറ്റോസിൽ കളിക്കുന്ന 29-കാരൻ, 2019 മുതൽ കോംഗോ ദേശീയ ടീമിന്റെ ഭാഗമാണ്. പോർച്ചുഗലിന്റെ പേരുകേട്ട മധ്യനിരയെ പൂട്ടിക്കെട്ടി, കളംനിറഞ്ഞു കളിച്ച ഈ 29-കാരൻ കോംഗോയുടെ സമനിലയിൽ നിർണായക പങ്കുവഹിച്ചു. 84 ശതമാനം കൃത്യതയോടെ പാസുകൾ നൽകിയ മുത്തുസാമി പ്രതിരോധത്തിലും മികച്ച പ്രകടനം നടത്തി.
1996 ഓഗസ്റ്റ് 12-ന് ഫ്രാൻസിലാണ് മുത്തുസ്വാമിയുടെ ജനനം. ഫ്രാൻസിലെ യൂത്ത് ടീമുകളിൽ മുൻഗണന ലഭിക്കാതെ വന്നതോടെ അമ്മയുടെ നാടായ കോംഗോ ടീമിലേക്ക് ചുവടുമാറി. 2019-ൽ കോംഗോ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ദേശീയ ടീമിനായി ഒരു ഗോൾപോലും നേടിയിട്ടില്ലെങ്കിലും മധ്യനിരയിലെ വിശ്വസനീയ താരമായി വളർന്നു. 2023 അഫ്രിക്ക നാഷൻസ് കപ്പിലെ ആറ് മത്സരങ്ങളിലും കളിച്ചു. 2026 ലോകകപ്പ് യോഗ്യതാ റണ്ടിലും 14 മത്സരങ്ങളിൽ കളിച്ചു.
Content Highlights: DR Congo earns first-ever FIFA World Cup point and goal. Samuel Moutoussamy delivered a masterclass performance in midfield., Cristiano Ronaldo made his sixth World Cup appearance