മകൻ ലോകകപ്പിലേക്ക്, കളിക്കൂട്ടുകാരൻ മരണത്തിലേക്ക്; വിക്ടർ മഞ്ഞില തുറന്നിട്ട ഓർമപുസ്തകം

#രവിമേനോൻ
തഹ്സിൻ മുഹമ്മദ് പിതാവിനൊപ്പം, ചാമ്പ്യന്മാരായ കാലിക്കറ്റ് ടീം
തഹ്സിൻ മുഹമ്മദ് പിതാവിനൊപ്പം, ചാമ്പ്യന്മാരായ കാലിക്കറ്റ് ടീം

നിറഞ്ഞ ഗാലറികളുടെ ഹർഷാരവങ്ങൾ ഏറ്റുവാങ്ങി ആശുതോഷ് മുഖർജി ഷീൽഡുമായി തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയം വലംവെച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ തലശ്ശേരിക്കാരൻ ജംഷിദും ഉണ്ടായിരുന്നു എന്ന് ഓർമ്മിപ്പിച്ചത് വിക്ടർ മഞ്ഞിലയാണ്: ആതിഥേയ ടീമിന്റെ അന്നത്തെ പരിശീലകൻ.

ആഹ്ളാദപ്രദമായിരുന്നു ആ ഓർമ്മ. ബർദ്വാൻ യൂണിവേഴ്‌സിറ്റിക്കെതിരായ 1991-ലെ ഫൈനൽ റിപ്പോർട്ട് ചെയ്യാൻ പ്രസ് ഗാലറിയിൽ ഞാനുമുണ്ടായിരുന്നതുകൊണ്ട് വിശേഷിച്ചും. കണ്ണൂർ എസ്.എൻ. കോളേജ് വിദ്യാർഥിയായിരുന്നു സുന്ദരനായ ജംഷിദ് അന്ന്. യൂണിവേഴ്‌സിറ്റി ടീമിന്റെ വിശ്വസ്ത മിഡ്ഫീൽഡർ. കാലിക്കറ്റിന്റെ അഖിലേന്ത്യാ കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചെങ്കിലും അധികകാലം കളി തുടർന്നില്ല ജംഷിദ്. പരിക്കിനെ തുടർന്ന് കളിക്കളം വിട്ട ജംഷിദിന്റെ അടുത്ത യാത്ര ഖത്തറിലേക്കായിരുന്നു. ദോഹയിൽ അക്കൗണ്ടന്റ് ആയി ജോലിചെയ്യുന്നു ഇപ്പോൾ അദ്ദേഹം.

35 വർഷങ്ങൾക്കിപ്പുറം ജംഷിദ് വീണ്ടും വാർത്തകളിൽ നിറയുന്നത് 19-കാരനായ മകൻ തഹ്‌സിനിലൂടെയാണ്. ലോകകപ്പ് ഫുട്‍ബോളിൽ ഖത്തറിന് വേണ്ടി ബൂട്ടുകെട്ടാൻ, വിശ്വമഹാമേളയിലെ ആദ്യ മലയാളി സാന്നിധ്യമായി ചരിത്രത്തിന്റെ ഭാഗമാകാൻ ഊഴം കാത്തിരിക്കുന്നു ജംഷിദിന്റെ മകൻ.

ഹൃദയം നിറഞ്ഞ ആശംസകൾ, അച്ഛനും മകനും. സഫലമാകട്ടെ ആ സുവർണ സ്വപ്നം.

മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള അഖിലേന്ത്യാ വാഴ്‌സിറ്റീസ് വിജയത്തിന്റെ ഓർമ്മകൾ വിക്ടർ പങ്കുവച്ചപ്പോൾ ഒരു മുഖംകൂടി മനസ്സിൽ തെളിഞ്ഞു. റാദ് എൽസിബേർ അഹമ്മദ് എന്ന സുഡാൻകാരന്റെ നിഷ്കളങ്ക മുഖം.

കേരളവർമ കോളേജിൽ ബി.കോം. വിദ്യാർഥിയായ ഈ പുലിക്കുട്ടിയായിരുന്നു തൃശൂരിൽ കാലിക്കറ്റിന്റെ വിജയശില്പി. തികച്ചും പ്രവചനാതീതമായ നീക്കങ്ങൾ കൊണ്ടും വെടിയുണ്ടയുതിർക്കുന്ന ബൂട്ടുകൾ കൊണ്ടും എതിർ പ്രതിരോധത്തെ ഛിന്നഭിന്നമാക്കിക്കളഞ്ഞ സ്‌ട്രൈക്കർ. ടൂർണമെന്റിലെ ടോപ് സ്‌കോറർ. ഫൈനലിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ കാലിക്കറ്റിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയതും റാദ് തന്നെ.

കിരീടവിജയത്തിനുശേഷം നേരിൽ കണ്ട് സംസാരിച്ചപ്പോൾ വികാരാധീനനായി കോച്ച് വിക്ടർ മഞ്ഞിലയ്ക്ക് നന്ദി പറഞ്ഞു റാദ്. സ്വന്തം കഴിവുകളിൽ ഒട്ടും അഹങ്കരിക്കാത്ത, വിനയാന്വിതനായ ഒരു കൗമാരപ്രതിഭയെയാണ് അന്ന് റാദിൽ കണ്ടത്.

ഇന്റർവാഴ്‌സിറ്റി ചാമ്പ്യൻഷിപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം റാദ് എങ്ങുപോയി മറഞ്ഞു എന്നത് ദുരൂഹമായ ചോദ്യമായി മനസ്സിലുണ്ടായിരുന്നു. പിന്നീടൊരിക്കലും കേട്ടിട്ടില്ല ഈ പ്രതിഭാശാലിയായ കളിക്കാരനെ കുറിച്ച്. ആ ചോദ്യത്തിനുത്തരം തന്നതും വിക്ടർ തന്നെ. ആന്റി ക്ളൈമാക്സിലേക്ക് നീണ്ട ഒരു ഫുട്‍ബോൾ ജീവിതകഥ.

തൃശൂരിലെ കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ഉപജീവനാർഥം സൗദി അറേബ്യയിലേക്ക് തിരിച്ച റാദ് അവിടെവെച്ച് കാറോട്ടപ്പന്തയത്തിന്റെ കടുത്ത ആരാധകനായി മാറുന്നു. റേസിങ്ങിൽ പങ്കെടുക്കുന്നതിനിടെ പിണഞ്ഞ ഒരപകടമാണ് റാദിന്റെ ജീവിതം തകർത്തത്. ഒരുവർഷത്തോളം ശയ്യാവലംബിയായി കിടന്നശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു ആ ചെറുപ്പക്കാരൻ.

വിധിയുടെ പെനാൽറ്റി കിക്കുകൾ എത്ര പ്രവചനാതീതം, എത്ര വേദനാജനകം....

Content Highlights: Recollection of the 1991 Ashutosh Mukherjee Shield victory by Calicut University., The journey of midfielder Jamshid from college football to his son Tahsin's Qatar World Cup dream., Tribute to the tragic life story of Sudanese striker Raad Elzebeir Ahmed., Reflections by coach Victor Manjila on the legacy of the 1991 squad.