മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ബ്രൈറ്റണ്‍; ടെന്‍ ഹാഗിന് തോല്‍വിയോടെ തുടക്കം

മാഞ്ചെസ്റ്റര്‍: 2022-23 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തോല്‍വിയോടെ തുടക്കം. ബ്രൈറ്റണാണ് മുന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രൈറ്റണ്‍ വിജയിച്ചത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുളള ആദ്യ ലീഗ് മത്സരം തന്നെ എറിക് ടെന്‍ ഹാഗിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
മാഞ്ചെസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യ മത്സരം തന്നെ വിജയിച്ചുകയറാമെന്ന മോഹവുമായാണ് യുണൈറ്റഡ് ഇറങ്ങിയത്. ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കൂടാരത്തിലേക്കെത്തിച്ച ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പ്രീ-സീസണ്‍ മത്സരങ്ങളില്‍ തിളങ്ങിയ മുന്നേറ്റതാരം ആന്തണി മാര്‍ഷ്യലും ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡിനെതിരേ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് ബ്രൈറ്റണ്‍ പുറത്തെടുത്തത്.
മുന്‍ ആഴ്‌സനല്‍ താരം ഡാനി വെല്‍ബാക്ക്, ആദം ലല്ലാന, ട്രൊസ്സാര്‍ഡ് എന്നിവരടങ്ങുന്ന ബ്രൈറ്റന്റെ മുന്നേറ്റനിര നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ഒടുക്കം 30-ാം മിനിറ്റില്‍ മധ്യനിരതാരം പാസ്‌കല്‍ ഗ്രോസിലൂടെ യുണൈറ്റഡിന് ആദ്യ തിരിച്ചടിയേറ്റു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 39-ാം മിനിറ്റില്‍ ഗ്രോസ് വീണ്ടും വലകുലുക്കി. ആദ്യ പകുതി 2-0 ന് ബ്രൈറ്റണ്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ യുണൈറ്റഡ് ആക്രമിച്ചുകൊണ്ടേയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളത്തിലിറക്കി മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. 68-ാം മിനിറ്റില്‍ കോര്‍ണറിനുശേഷം പെനാല്‍റ്റി ബോക്‌സിലെ നീക്കങ്ങള്‍ ബ്രൈറ്റണ്‍ താരം അലെക്‌സിസ് മക് അല്ലിസ്റ്ററിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. പിന്നീട് സമനിലയ്ക്കായി യുണൈറ്റഡ് ആഞ്ഞുശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.
പ്രീ-സീസണിലെ ഗംഭീര പ്രകടനം ആവര്‍ത്തിക്കുമെന്ന് കരുതിയ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ പ്രകടനം. പുതിയ സീസണില്‍ അടിമുടി മാറ്റങ്ങളുമായി വന്നെങ്കിലും വിജയിക്കാനാവാത്തത് യുണൈറ്റഡിന് കനത്ത തിരിച്ചടിയാണ്. 2014-ല്‍ ലൂയിസ് വാന്‍ഗാലാണ് ഇതിന് മുന്നേ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം പരാജയപ്പെടുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍.
Content Highlights: brighton beat manchester united in pl opener,premier league, manchester united, brighton, ten hag