വലകുലുക്കി റൊണാൾഡിന്യോ, സി.കെ. വിനീതിന് ഡബിൾ; ഇന്ത്യ ഓൾ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻഡ്‌സിന് ജയം

#ആദര്‍ശ് പി.ഐ
ഇന്ത്യ ഓള്‍ സ്റ്റാറും ബ്രസീല്‍ ലെജന്‍ഡ്‌സും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌ | Photo: Mathrubumi
ഇന്ത്യ ഓള്‍ സ്റ്റാറും ബ്രസീല്‍ ലെജന്‍ഡ്‌സും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌ | Photo: Mathrubumi

കൊച്ചി: ലാറ്റിനമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇടിമുഴക്കം തീർത്ത ഇതിഹാസങ്ങൾ കൊച്ചിയുടെ മണ്ണിലും അതേ സൗന്ദര്യത്തോടെ പന്തുതട്ടി. റൊണാൾഡീന്യോയുടെ ഡ്രിബ്ലിങ് പാടവം കണ്ട് കൊച്ചി ആർത്തുവിളിച്ചു. ഐഎം വിജയന്റെയും ബൈചുങ് ബുട്ടിയയുടെയും മിന്നാലാട്ടങ്ങൾ ഗാലറിയെ ഇളക്കി മറിച്ചു. മൈതാനത്തു പക്ഷെ കണക്കുകളിൽ ബ്രസീൽ ലെജൻഡ്സ് ആധിപത്യം പുലർത്തി. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ലെജൻഡ്‌സ് വിജയിച്ചു. ബ്രസീലിനായി ഫെർണാണ്ടിന്യോ ഹാട്രിക്ക് നേടിയപ്പോൾ ഇന്ത്യക്കായി സി.കെ. വിനീത് ഇരട്ട ഗോളുകൾ നേടി.

മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ഓൾ സ്റ്റാർസ് മൈതാനത്ത് ആധിപത്യം പുലർത്തി. എന്നാൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കാത്തത് വിനയായി. പിന്നീട് പന്ത് പിടിച്ചെടുത്ത ബ്രസീലിയൻ നിര ഉണർന്ന് കളിച്ചു. അതോടെ കൊച്ചി സ്റ്റേഡിയം ആരവങ്ങൾ കൊണ്ട് നിറഞ്ഞു. റൊണാൾഡീന്യോ അടക്കമുള്ള ബ്രസീൽ ലെജൻഡ്സ് മുന്നേറ്റം ഇന്ത്യയുടെ ഗോൾ മുഖത്ത് ഇരച്ചെത്തി. എന്നാൽ ലക്ഷ്യം കാണാനായില്ല. ഓരോ തവണ റൊണാൾഡീന്യോക്ക് പന്ത് കിട്ടുമ്പോഴും ഗാലറി ഇളകി മറിഞ്ഞു. കിട്ടിയ അവസരങ്ങളിൽ ഇന്ത്യയും മുന്നേറി. 13-ആം മിനിറ്റിൽ ഇന്ത്യ ഓൾ സ്റ്റാർസ് ലീഡെടുത്തു. സി.കെ വിനീതാണ് ലക്ഷ്യം കണ്ടത്. മൈതാനമധ്യത്ത് നിന്ന് ലഭിച്ച ത്രൂ ബോളുമായി വലത് വിങ്ങിലൂടെ മുന്നേറിയ വിനീത് അനായാസം വലകുലുക്കി. പിന്നീട് ബ്രസീൽ ലെജൻഡ്സ് ഉണർന്നു കളിച്ചു.

റൊണാൾഡീന്യോയുടെ ഫ്രീകിക്ക് ഗോൾ ബാറിന് മുകളിലൂടെ പറന്നകന്നു. പിന്നാലെ ബ്രസീൽ ലെജൻഡ്സിന്റെ തിരിച്ചടിയെത്തി. 22-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക്ഷാൽ റൊണാൾഡീന്യോ തന്നെ ടീമിന്റെ ആദ്യ ഗോൾ നേടി. മിനിറ്റുകൾക്കകം ബ്രസീൽ ഫെർണാണ്ടിന്യോയിലൂടെ രണ്ടാമത്തെ ഗോളും കണ്ടെത്തി. അതോടെ സ്റ്റേഡിയത്തിൽ നിരാശ പടർന്നു. പിന്നാലെ മുന്നേറ്റങ്ങൾ തുടർന്ന ബ്രസീൽ മൂന്നാം ഗോളും അടിച്ചു. ഫെർണാണ്ടിന്യോ തന്നെ ആയിരുന്നു സ്‌കോറർ. ആദ്യപകുതി 3-1 ന് ബ്രസീൽ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും മുന്നേറ്റങ്ങൾ തുടർന്ന ബ്രസീൽ തുടക്കത്തിൽ തന്നെ ലക്ഷ്യം കണ്ടു. ഫെർണാണ്ടിന്യോ ഹാട്രിക്ക് നേടി. അതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഇന്ത്യ ഓൾ സ്റ്റാർസിന്റെ തിരിച്ചടിയാണ് കണ്ടത്.

മത്സരത്തിന്റെ അവസാനം ഇന്ത്യ രണ്ട് ഗോളുകൾ കൂടി മടക്കി. തകർപ്പൻ ഹെഡറിലൂടെ വിനീത് 54-ആം മിനിറ്റിൽ രണ്ടാം ഗോളടിച്ചു. 60 ആം മിനിറ്റിൽ ആശിം ബിശ്വാസ് കൂടി ലക്ഷ്യം കണ്ടതോടെ 4-3 ന് മത്സരം അവസാനിച്ചു. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്താണ് ടീമുകൾ മടങ്ങിയത്.

Content Highlights: Brazil Legends defeated India All Stars 4-3 in an exciting match in Kochi., Fernandinho scored a hat-trick for Brazil Legends., Ronaldinho scored from a penalty and mesmerized the crowd with his skills., CK Vineeth scored two goals for India All Stars.