ബ്രസീലിൽ ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; റഫറി പുറത്തെടുത്തത് 51 റെഡ് കാർഡുകൾ, ഗിന്നസ് റെക്കോഡ്

സാവോ പൗലോ: ഫുട്ബോൾ മൈതാനങ്ങളിൽ തർക്കങ്ങളും കയ്യാങ്കളിയുമെല്ലാം പതിവാണ്. ഇതിൽ റഫറി ചുവപ്പു കാർഡ് പുറത്തെടുക്കുന്നതും അസാധാരണമൊന്നുമല്ല. എന്നാൽ ബ്രസീലിലെ അണ്ടർ-20 കാംപിയോനാറ്റോ മിനെയ്റോ സെക്കൻഡ് ഡിവിഷൻ സെമിഫൈനൽ മത്സരത്തിനിടെ റഫറിക്ക് ചുവപ്പു കാർഡ് പുറത്തെടുക്കേണ്ടി വന്നത് 51 തവണയാണ്. ഇതൊരു പുതിയ ഗിന്നസ് റെക്കോഡുമായി.
ആതിഥേയരായ ഉബർലാൻഡിയയും പ്രാദേശിക എതിരാളികളായ മമോറെയും തമ്മിൽ മിനാസ് ഗെറൈസിലെ എസ്റ്റാഡിയോ പാർക്ക് ദൊ സാബിയ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ഈ അഭൂതപൂർവമായ സംഘർഷം അരങ്ങേറിയത്.
മത്സരത്തിന്റെ 54-ാം മിനിറ്റിൽ മമോറെ 3-1 ന് മുന്നിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഗോൾ നേടിയ ശേഷം മമോറെയുടെ ഫോർവേഡ് ദാവി, ഉബർലാൻഡിയയുടെ റിസർവ് ബെഞ്ചിനെയും ജീവനക്കാരെയും കളിയാക്കുന്ന രീതിയിൽ ആഘോഷം നടത്തി. ഇതിൽ പ്രകോപിതനായ ഉബർലാൻഡിയ ഗോൾകീപ്പിങ് കോച്ച് പൗലോ സെർജിയോ ഡയസ് ഡോസ് സാന്റോസ് മൈതാനത്തേക്ക് ഓടിക്കയറി ദാവിയെ നേരിട്ടതോടെ കളിക്കളത്തിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
ഗ്രൗണ്ടിൽ ആരംഭിച്ച അടിപിടി അടങ്ങാൻ 40 മിനിറ്റോളം സമയമെടുത്തു. പകരക്കാരായ കളിക്കാർ, പരിശീലകർ, ടീം മാനേജ്മെന്റ് അംഗങ്ങൾ എന്നിവർക്ക് പുറമെ ആറ് ബോൾ ബോയ്സും സംഘർഷത്തിൽ പങ്കാളികളായി. ബോൾ ബോയ്സ് കസേരകളും സ്ട്രെച്ചറുകളും ഉപയോഗിച്ച് എതിർ ടീമംഗങ്ങളെ ആക്രമിച്ചതായി റഫറി ഫെർണാണ്ടോ പാട്രിക് ഡ്രോസ്ഗിക് മോഡസ്റ്റോയുടെ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒടുവിൽ മിലിട്ടറി പോലീസ് സ്റ്റേഡിയത്തിലെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തിനിടെ ഉബർലാൻഡിയ അധികൃതർ മമോറെ ടീമിന്റെ ഉപകരണങ്ങൾ നശിപ്പിക്കുകയും മറുപടിയായി മമോറെ ടീം ഡ്രസ്സിങ് റൂം തകർക്കുകയും ചെയ്തു.
മത്സരത്തിൽ ആകെ 43 കളിക്കാർക്കും, എട്ട് സപ്പോർട്ട് സ്റ്റാഫുകൾക്കും (ഇതിൽ 2 ബോർഡ് അംഗങ്ങളും ഉൾപ്പെടുന്നു) റഫറി റെഡ് കാർഡ് നൽകി. സംഘർഷത്തിന് മുമ്പ് തന്നെ മൂന്ന് കളിക്കാർ പുറത്തായിരുന്നു. തുടർന്ന് ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ 48 പേർക്ക് കൂടി റഫറി റെഡ് കാർഡ് നൽകുകയായിരുന്നു. ഇതോടെ 60 മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരായി.
ഒരു ഫുട്ബോൾ മത്സരത്തിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡുകൾ നൽകിയതിന്റെ ഗിന്നസ് ലോക റെക്കോഡും ഈ മത്സരം സ്വന്തമാക്കി. 2011-ൽ അർജന്റീനയിലെ അഞ്ചാം ഡിവിഷൻ ലീഗിൽ ക്ലേപോളും വിക്ടോറിയാനോ അരീനാസും തമ്മിലുള്ള മത്സരത്തിൽ നൽകിയ 36 ചുവപ്പ് കാർഡുകളുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
🇧🇷 Brazil football match sets Guinness record with 51 red cards
The referee sent off 43 players and 8 coaches.
Players used chairs and stretchers and attacked those already on the ground. Six ball boys reportedly joined the fight. Only the police managed to separate them.
The… pic.twitter.com/7MeULLTUXz— Visegrád 24 (@visegrad24) November 4, 2026
Content Highlights: A brawl during an Under-20 match in Brazil resulted in 51 red cards., The conflict started after a provocative goal celebration by Mamore's forward., Substitutes, coaching staff, and ball boys joined the 40-minute fight., Military police intervened to restore order at the stadium., This incident broke the previous 2011 Guinness World Record of 36 red cards in Argentina.