തോല്‍വിയറിയാതെ സീസണ്‍ പൂര്‍ത്തിയാക്കി; ബുണ്ടസ്‌ലിഗയില്‍ സാബിക്കും സംഘത്തിനും ചരിത്രനേട്ടം

Photo | AP
Photo | AP

ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ സമാനതകളില്ലാത്ത ചരിത്ര നേട്ടവുമായി ബയേര്‍ ലെവര്‍കൂസനും പരിശീലകന്‍ സാബി അലോന്‍സോയും. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ സീസണ്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ലെവര്‍കൂസന്‍ മാറി. ശനിയാഴ്ച ഓസ്ബര്‍ഗിനെ 2-1ന് പരാജയപ്പെടുത്തിയാണ് ചരിത്രനേട്ടം ആഘോഷിച്ചത്. 

ഇതോടെ സീസണിലെ അപരാജിത കുതിപ്പ് 51 മത്സരങ്ങളിലേക്കുയര്‍ത്തി. ബുണ്ടസ്‌ലിഗ കിരീടം നേരത്തേതന്നെ ക്ലബ് ഉറപ്പിച്ചതാണ്. ലീഗില്‍ 34 മത്സരങ്ങളില്‍ 28 വിജയങ്ങളും ആറ് സമനിലകളുമായി 90 പോയിന്റോടെ ഒന്നാമതുണ്ട്. രണ്ടാമതുള്ള വിഎഫ്ബി സ്റ്ററ്റ്ഗര്‍ട്ടിനെക്കാള്‍ 17 പോയിന്റ് മുന്‍പില്‍ നില്‍ക്കുന്നു. 

നേരത്തേ ബോച്ചമിനെതിരായ ജയത്തോടെ ലീഗ് സീസണിലെ ഏവേ മത്സരങ്ങള്‍ ഒന്നുപോലും തോല്‍ക്കാത്ത മൂന്നാമത്തെ ക്ലബ്ബെന്ന നേട്ടം ലെവര്‍കൂസന്‍ സ്വന്തമാക്കിയിരുന്നു. ബുണ്ടസ്ലിഗയില്‍ ലെവര്‍കൂസന്‍ അവസാനമായി തോല്‍വിയറിഞ്ഞത് 2023 മേയില്‍ ബോച്ചമിനോടായിരുന്നു. മേയ് 23-ന് യൂറോപ്പ ലീഗ് ഫൈനലില്‍ അറ്റലാന്റയെയും മേയ് 25-ന് ജര്‍മന്‍ കപ്പ് ഫൈനലില്‍ കൈസര്‍സ്ലോട്ടേനെയും നേരിടാനൊരുങ്ങുകയാണ് ലെവര്‍കൂസന്‍. 

Content Highlights: bayer leverkusen first team bundesliga unbeaten the entire season