ഇഞ്ചോടിഞ്ച് പോരാട്ടം; ബാഴ്സലോണ - അത്‌ലറ്റിക്കോ, കോപ്പ ഡെല്‍ റേ ആദ്യപാദ സെമി സമനിലയില്‍

ബാഴ്‌സലോണ: അത്യന്തം ആവേശം നിറഞ്ഞ കോപ്പ ഡെല്‍ റേയിലെ ആദ്യപാദ സെമി പോരാട്ടം സമനിലയില്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും നാലു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഏപ്രില്‍ മൂന്നാം തീയതി അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിലെ വിജയികള്‍ ഫൈനലിലേക്ക് മുന്നേറും. ബാഴ്‌സയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ജൂലിയന്‍ അല്‍വാരസ് (1'), അന്റോയ്ന്‍ ഗ്രീസ്മാന്‍ (6'), മാര്‍ക്കോസ് ലോറെന്റേ (84'), അലക്‌സാണ്ടര്‍ സൊര്‍ലോത്ത് (90+3') എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. പെഡ്രി (19'), പാവു കുബാര്‍സി (21'), ഇനിഗോ മാര്‍ട്ടിനെസ് (41'), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (74') എന്നിവരായിരുന്നു ബാഴ്‌സയുടെ സ്‌കോറര്‍മാര്‍.
സംഭവബഹുലമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയും ഒപ്പം രണ്ടാം പകുതിയും. കളിയാരംഭിച്ച് 47-ാം സെക്കന്‍ഡില്‍ അത്‌ലറ്റിക്കോ ആദ്യവെടി പൊട്ടിച്ചു. ഗ്രീസ്മാന്‍ ബോക്‌സിലേക്ക് കിറുകൃത്യമായി നല്‍കിയ ഒരു ക്രോസ് മുന്‍ ബാഴ്‌സതാരമായിരുന്ന ക്ലെമെന്റ് ലെങ്‌ലെറ്റ് ഹെഡ് ചെയ്തത് ബോക്‌സിന്റെ തൊട്ടടുത്തുണ്ടായിരുന്ന ജൂലിയന്‍ അല്‍വാരസ് അതിവിദഗ്ധമായി ടാപ് ചെയ്ത് വലയിലാക്കുകയായിരുന്നു. പിന്നാലെ ആറാം മിനിറ്റില്‍ ഗ്രീസ്മാന്‍ തന്നെ അത്‌ലറ്റിക്കോയുടെ ലീഡുയര്‍ത്തി. ഇടതുഭാഗത്തുനിന്ന് അല്‍വാരസ് നല്‍കിയ പന്തുമായി മുന്നേറിയ ഗ്രീസ്മാന്‍ തന്നെ തടയാനെത്തിയ അലെയാന്ദ്രോ ബാല്‍ഡെയെ വെട്ടിച്ച് വലയിലാക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് സ്റ്റേഡിയം കണ്ടത് ബാഴ്‌സയുടെ മികച്ച തിരിച്ചുവരവായിരുന്നു. 19-ാം മിനിറ്റില്‍ ലമിന്‍ യമാല്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് ഓടിയെടുത്ത് യൂള്‍സ് കുണ്‍ഡെ കട്ട്ബാക്ക് ചെയ്ത് നല്‍കി പന്ത് വലയിലാക്കി പെഡ്രി ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടി. പിന്നാലെ 21-ാം മിനിറ്റില്‍ റഫീഞ്ഞ്യയെടുത്ത ഒരു കോര്‍ണറില്‍ തലവെച്ച് പാവു കുബാര്‍സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. 41-ാം മിനിറ്റില്‍ റഫീഞ്ഞ്യയെടുത്ത മറ്റൊരു കോര്‍ണറും വലയിലാക്കി ഇനിഗോ മാര്‍ട്ടിനെസ് ആദ്യ പകുതിയില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല. ഇതിനിടെ 68-ാം മിനിറ്റിനു മുമ്പ് അത്‌ലറ്റിക്കോ കോച്ച് ഡിയഗോ സിമിയോണി നിര്‍ണായകമായ അഞ്ചു മാറ്റങ്ങള്‍ നടത്തി. എന്നാല്‍ 74-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ബോക്‌സില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ലമിന്‍ യമാല്‍ നല്‍കിയ പാസ് വലയിലാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ ഗോള്‍ നേട്ടം നാലാക്കി.
എന്നാല്‍ ആദ്യ പകുതിയില്‍ ബാഴ്‌സ തിരിച്ചുവന്നതുപോലെ അത്‌ലറ്റിക്കോയുടെ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 84-ാം മിനിറ്റില്‍ അല്‍വാരസ് നല്‍കിയ പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറി കോറിയ കട്ട്ബാക്ക് ചെയ്ത് നല്‍കിയ പാസ് വലയിലാക്കി മാര്‍ക്കോസ് ലോറെന്റെ അത്‌ലറ്റിക്കോയുടെ മൂന്നാം ഗോള്‍ നേടി. പിന്നാലെ കളിയുടെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അലക്‌സാണ്ടര്‍ സൊര്‍ലോത്തിലൂടെ അത്‌ലറ്റിക്കോ സമനില ഗോളും നേടി. ജിമെനെസ് നല്‍കിയ ഒരു ലോങ് ബോള്‍ സ്വീകരിച്ച് മുന്നേറിയ ലിനോയെ തടയേണ്ട കുണ്‍ഡെ ഗ്രൗണ്ടില്‍ തെന്നി വീണത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇത് മുതലെടുത്ത് അതിവേഗത്തില്‍ മുന്നേറി ലിനോ നല്‍കിയ പന്ത് സോര്‍ലോത്ത് വലയിലാക്കുകയായിരുന്നു. സ്‌കോര്‍ 4-4.
Content Highlights: Intense Copa del Rey semi-final ends in a 4-4 draw between Barcelona and Atletico Madrid