ഓസ്ട്രിയ–അൾജീരിയ മത്സരം സമനിലയിൽ; ഇരുടീമും നോക്കൗട്ടിൽ, ഇറാൻ പുറത്ത്

#സ്പോർട്സ് ഡെസ്ക്
മത്സരത്തിൽനിന്ന് | AP
മത്സരത്തിൽനിന്ന് | AP

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഓസ്ട്രിയ-അൾജീരിയ മത്സരം സമനിലയിൽ. ഇരുടീമും മൂന്നു ഗോൾ വീതം നേടി. ഓസ്ട്രിയയ്ക്കായി മാർക്കോ അർനൗട്ടോവിച്ചും മാർസൽ സാബിറ്റ്സറും സാസ കലാസിച്ചും ഗോൾ നേടിയപ്പോൾ അൾജീരിയയ്ക്കായി റിയാദ് മഹ്റെസ് ഇരട്ടഗോളുകൾ നേടി. റാഫിക് ബെൽഗാലിയുടെ വകയാണ് മറ്റൊരു ഗോൾ. സമനിലയോടെ അൾജീരിയയും ഓസ്ട്രിയയും ടൂർണമെന്റിന്റെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയപ്പോൾ, ഇറാൻ ലോകകപ്പിൽനിന്ന് പുറത്തായി.

മത്സരത്തിന്റെ 28-ാം മിനിറ്റിൽ വെറ്ററൻ സ്ട്രൈക്കർ മാർക്കോ അർനൗട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡെടുത്തത്. ഡേവിഡ് അലാബ ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് അൾജീരിയൻ പ്രതിരോധത്തെ മറികടന്ന് അർനൗട്ടോവിച്ച് വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കേ അൾജീരിയ തിരിച്ചടിച്ചു. റാഫിക് ബെൽഗാലി നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ ഇരുടീമുകളും 1-1 ന് സമനില.

രണ്ടാംപകുതിയിൽ മാർസെൽ സാബിറ്റ്സർ തൊടുത്ത ഷോട്ടാണ് ഓസ്ട്രിയക്ക് രണ്ടാംഗോൾ സമ്മാനിച്ചത്. 60-ാം മിനിറ്റിൽ ക്യാപ്റ്റൻ റിയാദ് മഹ്‌റെസ് ഒരു മികച്ച ടാപ്പ്-ഇന്നിലൂടെ അൾജീരിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു (2-2).

ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ക്യാപ്റ്റൻ റിയാദ് മഹ്‌റെസ് തന്റെ രണ്ടാംഗോളിലൂടെ അൾജീരിയയെ 3-2 ന് മുന്നിലെത്തിച്ചു. ഈ ഗോളോടെ അൾജീരിയ വിജയവും ഒപ്പം ഇറാന്റെ നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചെന്ന് കരുതിയ നിമിഷമായിരുന്നു. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ, സാസ കലാസിച്ചിയിലൂടെ ഓസ്ട്രിയ സമനില ഗോൾ നേടി.

Content Highlights: Austria and Algeria draw 3-3 in a high-stakes FIFA World Cup match., Both teams qualify for the Round of 32.