മെസ്സിക്കും സംഘത്തിനും നാട്ടിൽനിന്ന് US-ൽ എത്തിച്ചത് 500 Kg ബീഫ്; നോർവേയ്ക്ക് 580 കിലോ മീനും ചീസും

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സെമി പോരാട്ടത്തിനൊരുങ്ങുന്ന അർജന്റീന താരങ്ങൾക്ക് സ്വന്തം നാട്ടിലെ അന്തരീക്ഷമൊരുക്കാൻ ടീം അധികൃതർ നടത്തിയത് കഠിനശ്രമങ്ങൾ. കൻസാസ് സിറ്റിയിലെ തങ്ങളുടെ താവളത്തിലേക്ക് അർജന്റീന ക്യാമ്പ് 500 കിലോഗ്രാം ബീഫ് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ലോമോ, വാസിയോ, എൻട്രാന, മാറ്റാംബ്രെ, പെസെറ്റോ, അസാഡോ ഡി ടിര തുടങ്ങിയ തനത് ഇറച്ചി വിഭവങ്ങളാണ് അർജന്റീന ടീം നാട്ടിൽനിന്നെത്തിച്ചിരിക്കുന്നത്. യു.എസിലെ കർശനമായ ആരോഗ്യ-കസ്റ്റംസ് പരിശോധനകൾ മറികടന്നാണ് ഇവ ടീമിനായി എത്തിച്ചത്.
കളിക്കാർക്ക് കൃത്യമായ ഡയറ്റ് ഉറപ്പാക്കുന്നത് അവരുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന നിഗമനത്തിലാണ് ഈ നടപടി. കടുത്ത മത്സരങ്ങൾ മൂലമുള്ള സമ്മർദവും യാത്രാക്ഷീണവും മറികടക്കാൻ ശരിയായ പോഷകാഹാരം അത്യാവശ്യമാണ്. കളിക്കാർ മത്സരങ്ങൾക്ക് മുൻപും ശേഷവും ബാർബിക്യു സെഷനുകൾ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നോർവേയും സമാനമായി സ്വന്തം നാട്ടിലെ ഭക്ഷണങ്ങൾ യു.എസിലെത്തിച്ചിരുന്നു. 300 കിലോഗ്രാം നോർവീജിയൻ സാൽമണും ട്രൗട്ടും, 100 കിലോഗ്രാം ഹാലിബട്ട്, 80 കിലോഗ്രാം നോർവീജിയൻ ബ്രൗൺ ചീസ്, 100 കിലോഗ്രാം ജാൾസ്‌ബെർഗ് ചീസ് എന്നിവയുൾപ്പെടെ ആകെ 580 കിലോഗ്രാം ഭക്ഷണമാണ് നോർവേ ടീം കൊണ്ടുവന്നത്.