ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക് 4.7 കോടി; കടക്കെണിയിലായി AIFF

ന്യൂഡൽഹി: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലുമായും യുറഗ്വായിയുമായും സൗഹൃദ ഫുട്ബോൾ മത്സരം നടത്തി കടക്കെണിയിലായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. കടം വീട്ടാനായി ഫെഡറേഷന്റെ 20 കോടി രൂപ സ്ഥിരനിക്ഷേപം പിൻവലിക്കാനുള്ള പ്രസിഡന്റ് കല്യാൺ ചൗബെയുടെ നീക്കം അംഗങ്ങളുടെ എതിർപ്പിൽ പാളി.
ബ്രസീലിന് ഏകദേശം 19 കോടിയും യുറഗ്വായിക്ക് 4.7 കോടിയുമാണ് നൽകാനുള്ളത്. കാലാവധിക്കുമുൻപേ ബാങ്കിലുള്ള സ്ഥിരനിക്ഷേപം പിൻവലിക്കാൻ അനുവദിക്കണമെന്നാണ് ചൗബെ അംഗങ്ങളോട് അഭ്യർഥിച്ചത്. എന്നാൽ, ഫെഡറേഷൻ എക്സിക്യുട്ടീവും ജനറൽ ബോഡിയും ചൗബെയുടെ നിർദേശം അംഗീകരിച്ചില്ല.
സ്ഥിരനിക്ഷേപം അത്യാവശ്യഘട്ടങ്ങളിലേ പിൻവലിക്കാവൂവെന്ന മുൻതീരുമാനം അംഗങ്ങൾ ചൂണ്ടിക്കാട്ടി. മത്സരങ്ങൾക്ക് മൊത്തം എത്ര ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടിക്കറ്റ് വിൽപ്പനയിലൂടെ 30 മുതൽ 40 കോടിവരെ വരുമാനമുണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഉയർന്ന നിരക്ക് കാരണം വിൽപ്പന പ്രതീക്ഷിച്ചതുപോലെ നടന്നില്ല.
Content Highlights: AIFF faces heavy debt after organizing friendly matches with Brazil and Uruguay