ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹര്‍ജി

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി പ്രഭാകരന്‍ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണത്തിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയാണ് കോടതിയലക്ഷ്യ നടപടികള്‍ക്കായി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതിയുടെ പ്രവര്‍ത്തനം, പദവി ദുരുപയോഗം ചെയ്ത് പ്രഫുല്‍ പട്ടേല്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ജി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട പ്രഫുല്‍ പട്ടേല്‍, ഫിഫയുടെ കൗണ്‍സില്‍ മെമ്പര്‍ എന്ന നിലയില്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നാണ് പരാതി. ഫുട്‌ബോള്‍ വികസനത്തിന് സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതി സ്വീകരിച്ച നടപടികള്‍ തടസ്സപ്പെടുത്തുന്നതിന് സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കിടയില്‍ പട്ടേല്‍ തെറ്റായ പ്രചാരണം നടത്തുവെന്നാണ് ആരോപണം.
അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടത്തുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രഫുല്‍ പട്ടേലിന്റെ ഇടപെടല്‍ കാരണം ഇന്ത്യയില്‍ വെച്ച് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായി ഫിഫ അറിച്ചെന്നും ഇക്കാര്യം മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും താത്കാലിക ഭരണസമിതി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രഫുല്‍ പട്ടേല്‍ സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ത്തതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന ഫുട്‌ബോള്‍ അസ്സോസിയേഷനുകളെ സഹായിക്കുന്നതിനാണ് ഫിഫയില്‍ നിന്ന് ഭീഷണി കത്ത് അയപ്പിച്ചതെന്ന് ഈ യോഗത്തില്‍ പട്ടേല്‍ അവകാശപെട്ടതായും ഹര്‍ജിയില്‍ പറയുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട പദവികള്‍ വഹിക്കുന്നതില്‍ നിന്ന് പ്രഫുല്‍ പട്ടേലിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഷാജി പ്രഭാകരന്‍, കര്‍ണാടക ഫുട്ബാള്‍ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഒഡിഷ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, മിസോറാം ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി, ഗുജറാത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ഹോണററി സെക്രട്ടറി, പശ്ചിമ ബംഗാള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍, പഞ്ചാബ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കെതിരേയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് താത്കാലിക ഭരണസമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതി മുന്‍ ജഡ്ജി അനില്‍ ആര്‍.ദാവെ, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ.ഖുറേഷി, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഭാസ്‌കര്‍ ഗാംഗുലി എന്നിവരാണ് സമിതി അംഗങ്ങള്‍.
Content Highlights: aiff committee, praful patel, complaint against praful patel, fifa, supreme court, sports news