ഇന്ത്യൻ ക്യാപ്റ്റനെ പലസ്തീൻ താരം വംശീയമായി അധിക്ഷേപിച്ചതായി പരാതി, സംഭവം അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ

#സ്പോർട് ഡെസ്ക്

ന്യൂഡൽഹി: എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. പലസ്തീനിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ഇന്ത്യൻ ക്യാപ്റ്റൻ ഡി. ഗാങ്‌തെയ്ക്കുനേരെ പലസ്തീൻ താരമാണ് വംശീയാധിക്ഷേപം നടത്തിയതായി പരാതി ഉയർന്നത്. മത്സരത്തിൽ ഇന്ത്യ 4-1 ന് വിജയിച്ചിരുന്നു.

ആദ്യപകുതിയുടെ അവസാനഘട്ടത്തിലാണ് സംഭവം. ഇന്ത്യൻ ക്യാപ്റ്റനുമായി കോർത്ത പലസ്തീൻ താരം വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയായിരുന്നു. വിഷയത്തിൽ ഇന്ത്യ മാച്ച് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇന്ത്യൻ കോച്ചിങ് സ്റ്റാഫാണ് വിഷയം മാച്ച് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മാച്ച് കമ്മിഷണർ അറിയിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പലസ്തീൻ ടീമിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights: Indian U-17 football captain faced racial abuse from a Palestine player