ആദ്യ കളിയില്‍ കൈയടി നേടിയ പ്രതിരോധം പാളി; ഉസ്‌ബെക്കിസ്താനെതിരേ ഇന്ത്യയ്ക്ക് തോല്‍വി

അല്‍ റയ്യാന്‍: ഫിഫ റാങ്കിങ്ങില്‍ 68-ാം സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്താന്റെ വേഗക്കളിക്കും അതിവേഗത്തിലുള്ള കുറിയ പാസുകള്‍ക്കും മുന്നില്‍ പതറിയ ഇന്ത്യയ്ക്ക് എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ രണ്ടാം തോല്‍വി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും തോറ്റത്. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കൈയടി നേടിയ ഇന്ത്യന്‍ പ്രതിരോധം ഇത്തവണ ഉസ്‌ബെക്ക് താരങ്ങളുടെ അതിവേഗ ഗെയിമിനു മുന്നില്‍ മറുപടിയില്ലാതെ കുഴങ്ങി. നാലാം മിനിറ്റില്‍ തന്നെ അബ്ബോസ്‌ബെക് ഫായ്‌സുല്ലേവിലൂടെ ഉസ്‌ബെക്കിസ്താന്‍ മുന്നിലെത്തി. ഷെര്‍സോദ് നസ്രുല്ലേവ് ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ഷുക്കുറോവ് ഹെഡ് ചെയ്ത് നല്‍കിയ പന്ത് ഫായ്‌സുല്ലേവ് വലയിലെത്തുകയായിരുന്നു.
പിന്നാലെ 18-ാം മിനിറ്റില്‍ ഇഗോര്‍ സെര്‍ജീവിലൂടെ അവര്‍ ലീഡുയര്‍ത്തി. രാഹുല്‍ ഭേകേയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഫായ്‌സുല്ലേവ് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഫായ്‌സുല്ലേവിന്റെ ഷോട്ട് തടുക്കാനുള്ള ആകാശ് മിശ്രയുടെ ശ്രമത്തില്‍ പന്ച് ക്രോസ്ബാറിലിടിച്ച് മടങ്ങി. ഇതിനിടെ അവസരം മുതലെടുത്ത സെര്‍ജീവ് ഇന്ത്യന്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ ആദ്യ പകുതിയുടെ അധിക സമയക്ക് ഉസ്‌ബെക്കിസ്താന്‍ മൂന്നാം ഗോളും സ്വന്തമാക്കി. ബോക്‌സിലേക്ക് വന്ന ക്രോസില്‍ നിന്നുള്ള ഷെര്‍സോദ് നസ്രുല്ലേവിന്റെ ആദ്യ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. റീബൗണ്ട് വന്ന പന്ത് നസ്രുല്ലേവ് തന്നെ അനായാസം വലയിലെത്തിച്ചു.
ഇതിനിടെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഛേത്രിക്ക് സാധിക്കാതിരുന്നതോടെ ആദ്യ പകുതി ഇന്ത്യയ്ക്ക് നിരാശയായി.
രണ്ടാം പകുതിയില്‍ പക്ഷേ ഇന്ത്യ ഏതാനും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 50-ാം മിനിറ്റില്‍ ലഭിച്ച അവസരങ്ങള്‍ പക്ഷേ ഛേത്രിക്ക് വീണ്ടും മുതലാക്കാനായില്ല. രാഹുല്‍ കെ.പിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും ഇന്ത്യയ്ക്ക് നിരാശയായി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ പ്രകടനം ഇന്ത്യയെ കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് കാത്തു. 23-ാം തീയതി സിറിയക്കെതിരേയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. അതില്‍ ജയിക്കാനായാല്‍ ഗ്രൂപ്പുകളില്‍ നിന്നും നോക്കൗട്ടിലെത്തുന്ന മികച്ച നാല് മൂന്നാം സ്ഥാനക്കാരില്‍ ഒന്നില്‍ ഇടംപിടിക്കാന്‍ ഒരുപക്ഷേ ഇന്ത്യയ്ക്ക് സാധിച്ചേക്കും.
Content Highlights: afc asian cup india knockout hopes dented after uzbekistan loss