ആരാധകരേ ശാന്തരാകുവിന്‍! ലൂണ ബ്ലാസ്‌റ്റേഴ്‌സ് വിടില്ല

Photo: twitter.com/KeralaBlasters
Photo: twitter.com/KeralaBlasters

കോഴിക്കോട്: ആരാധകരോഷം ശക്തമായതോടെ സൂപ്പര്‍താരം അഡ്രിയന്‍ ലൂണയുടെ കാര്യത്തില്‍ ഉറപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. യുറഗ്വായ് മധ്യനിരതാരവും ക്യാപ്റ്റനുമായ ലൂണ ടീം വിടില്ലെന്ന് ക്ലബ്ബുടമ നിഖില്‍ ബി. നിമ്മഗഡ വ്യക്തമാക്കി. സാമൂഹികമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലൂണ ക്ലബ്ബ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മേയ് 31 വരെ താരത്തിന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്

ലൂണയെ സ്വന്തമാക്കാന്‍ മുംബൈ സിറ്റിയും എഫ്.സി. ഗോവയും വമ്പന്‍ വാഗ്ദാനങ്ങളുമായി പിന്നാലെയുണ്ടായിരുന്നു. ലൂണയെ ക്ലബ്ബ് കൈമാറുമെന്ന വാര്‍ത്തകളും പുറത്തുവന്നതോടെ ആരാധകര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ക്ലബ്ബ് മാനേജ്മെന്റിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് നിഖില്‍ വിശദീകരണവുമായി വന്നത്. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി, ലൂണ എവിടേക്കും പോകില്ലെന്ന് കുറിപ്പിട്ടു.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ചിനെ അപ്രതീക്ഷിതമായി ഒഴിവാക്കിയതിനെതിരേ ആരാധകര്‍ രംഗത്തുണ്ട്. 2022-23 സീസണിലെ വിവാദമായ പ്ലേ ഓഫ് മത്സരത്തിനിടെ ടീമിനെ പിന്‍വലിച്ചതില്‍ പരിശീലകന് ക്ലബ്ബ് ഒരു കോടിയോളം പിഴചുമത്തിയെന്ന വാര്‍ത്ത പുറത്തുവന്നതും ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ആരാധകരോഷം തണുപ്പിക്കാനാണ് നിഖിലിന്റെ ഇടപെടല്‍. അടുത്ത മൂന്ന് സീസണിനുള്ളില്‍ ക്ലബ്ബ് കിരീടം നേടുമെന്ന ഉറപ്പും മാനേജ്മെന്റ് ആരാധകര്‍ക്ക് നല്‍കുന്നുണ്ട്.

അഡ്രിയന്‍ ലൂണയെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബാക്കി താരങ്ങളുടെ കാര്യത്തില്‍ തീരുമാനമൊന്നും വന്നിട്ടില്ല. സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ദിമിത്രി ഡയമെന്റാകോസ്, പ്രതിരോധനിരക്കാരായ മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച് എന്നിവരുടെ കാര്യത്തില്‍ മാനേജ്മെന്റ് വ്യക്തത വരുത്താനുണ്ട്. യുവതാരങ്ങളായ കെ.പി. രാഹുല്‍, ജീക്സന്‍ സിങ്, സൗരവ് മണ്ഡല്‍, ഇഷാന്‍ പണ്ഡിത എന്നിവരെ കൈമാറുമെന്ന അഭ്യൂഹം ശക്തമാണ്.

Content Highlights: adrian luna will not leave kerala blasters