65-ാമത് സുബ്രതോ കപ്പിന് ഓഗസ്റ്റ് 18-ന് തുടക്കം; 107 ടീമുകൾ മാറ്റുരയ്ക്കും

ന്യൂഡൽഹി: 65-ാമത് സുബ്രതോ കപ്പ് അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റെ ഓഗസ്റ്റ് 18-ന് തുടക്കം കുറിക്കും. ശ്രീലങ്കയിൽനിന്നുള്ള ടീമുകൾ ഉൾപ്പെടെ ആകെ 107 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 24 വരെ നീണ്ടുനിൽക്കുന്ന ഈ ഫുട്‌ബോൾ മാമാങ്കത്തിൽ ആകെ 215-ലധികം മത്സരങ്ങൾ നടക്കും.
ഓരോ വർഷവും സുബ്രതോ കപ്പ് ടൂർണമെന്റിനെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ഇന്ത്യൻ വ്യോമസേനയും സുബ്രതോ മുഖർജി സ്‌പോർട്‌സ് എഡ്യൂക്കേഷൻ സൊസൈറ്റിയും പ്രതിജ്ഞാബദ്ധമാണെന്ന് ടൂർണമെന്റിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചുകൊണ്ട് എയർ മാർഷൽ എസ്. ശിവകുമാർ അറിയിച്ചു. യുവ ഫുട്‌ബോൾ താരങ്ങൾക്ക് തങ്ങളുടെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള മികച്ച വേദിയായിരിക്കും സുബ്രതോ കപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂനിയർ ബോയ്‌സ് (അണ്ടർ 17), ജൂനിയർ ഗേൾസ് (അണ്ടർ 17), സബ് ജൂനിയർ ബോയ്‌സ് (അണ്ടർ 15) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1960-ൽ എയർ മാർഷൽ സുബ്രതോ മുഖർജിയാണ് ഈ ടൂർണമെന്റിന് തുടക്കമിട്ടത്. 64-ാമത് സുബ്രതോ കപ്പ് ടൂർണമെന്റിൽ (അണ്ടർ-17) വിജയികൾ കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ ആയിരുന്നു. ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗുവാഹത്തിയിലെ ബെത്കുച്ചി ഹൈസ്‌കൂളും സബ് ജൂനിയർ വിഭാഗത്തിൽ മിനർവ പബ്ലിക് സ്‌കൂളുമാണ് നിലവിലെ ചാമ്പ്യന്മാർ.
Content Highlights: The 65th Subroto Cup International Football Tournament begins on August 18., 107 teams, including international teams from Sri Lanka, are participating., Over 215 matches will be held across Delhi and Bengaluru until September 24., Matches are divided into three categories: Junior Boys (U-17), Junior Girls (U-17), and Sub-Junior Boys (U-15).