റിങ്കു തല്ലിച്ചതച്ചു, മനസുതകര്‍ന്ന് 8 കിലോ വരെ ഭാരം കുറഞ്ഞു; ഇത് യാഷിന്റെ തിരിച്ചുവരവ്

2023 ഏപ്രില്‍ ഒമ്പതാം തീയതിയിലെ ആ രാത്രി യാഷ് ദയാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടന്ന ആ മത്സരത്തില്‍ റിങ്കു സിങ് താരമായപ്പോള്‍ പാടെ തകര്‍ന്ന് പോയത് ഗുജറാത്ത് ബൗളര്‍ യാഷായിരുന്നു. ആ സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്നുപോയെങ്കിലും യാഷ് തിരിച്ചുവന്നു. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യാഷും ഇടംപിടിച്ചിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ദുലീപ് ട്രോഫിയിലടക്കം നടത്തിയ മികച്ച പ്രകടനമാണ് യാഷിനെ ടെസ്റ്റ് ടീമിലെത്തിച്ചത്. വലിയൊരു പോരാട്ടം തന്നെയുണ്ട് താരത്തിന്റെ ഈ തിരിച്ചുവരവിന് പിന്നില്‍.
സംഭവം ഇങ്ങനെ
2023 ഐപിഎല്ലിലെ കൊല്‍ക്കത്ത - ഗുജറാത്ത് മത്സരം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റിന് 204 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി. മറുപടി ബാറ്റിങ്ങില്‍ തുടക്കം പാളിയ കൊല്‍ക്കത്തയ്ക്കായി പക്ഷേ വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ നിതീഷ് റാണയും തകര്‍ത്തടിച്ചു. പിന്നാലെ വീണ്ടും ടീം തകര്‍ന്നു. അങ്ങനെ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. ഗുജറാത്ത് ആരാധകര്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. റിങ്കു സിങ് ക്രീസിലുണ്ടായിരുന്നതായിരുന്നു കൊല്‍ക്കത്തയുടെ ഏക പ്രതീക്ഷ. പക്ഷേ താരം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു. ഗുജറാത്തിനായി അവസാന ഓവര്‍ എറിയാനെത്തിയത് യാഷ് ദയാല്‍. ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ എടുത്ത് റിങ്കുവിന് സ്‌ട്രൈക്ക് കൈമാറി. അഞ്ചു പന്തില്‍ വേണ്ടത് 28 റണ്‍സ്. ഗുജറാത്ത് ജയമുറപ്പിച്ചുനില്‍ക്കേ അടുത്ത അഞ്ചു പന്തുകളും സിക്‌സറിന് പറത്തിയ റിങ്കു കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശോജ്വലമായ വിജയം.
ഈ സംഭവം യാഷിന് പാടെ തകര്‍ത്തുകളഞ്ഞിരുന്നു. അതിനു ശേഷം സീസണില്‍ ഗുജറാത്ത് നിരയില്‍ യാഷ് അധികം കളിച്ചില്ല. പലരും ഗുജറാത്തിന്റെ നിലപാടിനെതിരേ നെറ്റി ചുളിച്ചു. ഒടുവില്‍ അന്ന് ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരശേഷം ദയാലിന് അസുഖം ബാധിച്ചുവെന്നും താരത്തിന്റെ ശരീരഭാരം 7-8 കിലോ കുറഞ്ഞെന്നും ഹാര്‍ദിക് പറഞ്ഞു. താരം മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണ്, അക്കാരണത്താലാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതെന്നും ഹാര്‍ദിക് അന്ന് വ്യക്തമാക്കി. പിന്നാലെ 2024 സീസണിന് മുമ്പ് ഗുജറാത്ത് യാഷിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
യാഷിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും ആ സംഭവം വല്ലാതെ ബാധിച്ചു. താരത്തിന്റെ അമ്മ ഭക്ഷണം പോലുമില്ലാതെ ദിവസങ്ങളോളം തള്ളിനീക്കി. കളിയാക്കലുകളായിരുന്നു താരത്തെ കാത്തിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമുള്ള പരിഹാസങ്ങള്‍ യാഷിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. സ്‌കൂള്‍ ബസില്‍ അക്കാലത്ത് വീടിനു മുന്നിലൂടെ പോയിരുന്ന കുട്ടികള്‍ റിങ്കു സിങ്ങിന്റെ പേരുവിളിച്ച് കളിയാക്കുമായിരുന്നുവെന്ന് യാഷിന്റെ പിതാവ് ചന്ദര്‍പാല്‍ ദയാല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. സ്‌കൂള്‍ വിടുന്ന സമയത്ത് വീടിന് പുറത്തേക്കിറങ്ങാന്‍ പോലും സാധിക്കാത്ത തരത്തിലായിരുന്നു കുട്ടികളുടെ പെരുമാറ്റം.
എന്നാല്‍ തളര്‍ന്നിരിക്കാന്‍ താരം ഒരുക്കമല്ലായിരുന്നു. തൊട്ടടുത്ത സീസണില്‍ ആര്‍സിബിക്കായി ഭേദപ്പെട്ട പ്രകടനം. പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും മികവ്. കഴിഞ്ഞ 24 കളികളില്‍ നിന്നായി വീഴ്ത്തിയത് 76 വിക്കറ്റുകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി 15 വിക്കറ്റുകളും നേടി. തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാതിരുന്ന യാഷിനെ ടീമിലേക്ക് വിളിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കറിനും കോച്ച് ഗൗതം ഗംഭീറിനും ഇതുതന്നെ ധാരാളമായിരുന്നു. ജസ്പ്രീത്, ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് സിങ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പേസ് നിരയ്ക്ക് കരുത്തേകാന്‍ യാഷിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.
Content Highlights: Yash Dayal, who faced criticism after a disastrous IPL performance, has earned a call-up