സര്‍ദാര്‍ജി തമാശകള്‍ പറഞ്ഞ് രസിപ്പിച്ചിരുന്ന സുഹൃത്ത്; സേതുവിന്റെ ബേദിയോര്‍മകള്‍

1967-ല്‍ ഇന്ദോറിലെ സ്‌റ്റേറ്റ് ബാങ്ക് ട്രെയിനിങ് കാലത്ത് സര്‍ദാര്‍ജി തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന സുഹൃത്തിനെയാണ് ബിഷന്‍ സിങ് ബേദിയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായിരിക്കുന്നതെന്ന് എഴുത്തുകാരന്‍ സേതു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ബിഷന്‍ സിങ് ബേദിയുടെ നിര്യാണത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദോറിലെ സ്‌റ്റേറ്റ് ബാങ്കിന്റെ ട്രെയിനിങ് സ്‌കൂളില്‍വെച്ച് നടന്ന ഒന്നരമാസത്തെ പരിശീലന ക്ലാസുകള്‍ക്കിടെയാണ് സേതുവും ബേദിയും തമ്മിലുള്ള സൗഹൃദം ഉരുത്തിരിയുന്നത്. അന്ന് സേതു പാട്യാല സര്‍ക്കിളിലും ബേദി ഡല്‍ഹി സര്‍ക്കിളിലുമായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് ട്രെയിനിങ്ങിനെത്തിയ എല്ലാവര്‍ക്കും 25-26 വയസാണ് പ്രായം. ജീവിതം ആഘോഷിച്ച് ചിലവഴിച്ചിരുന്ന കാലം. ട്രെയിനിങ് സമയത്ത് സേതുവിന്റെ തൊട്ടടുത്ത മുറിയിലായിരുന്നു ബേദി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ വ്യക്തിയെന്ന നിലയ്ക്ക് അപ്പോള്‍ തന്നെ ബേദിക്ക് ഒരു താരപരിവേഷമുണ്ടായിരുന്നു.
അക്കാലത്ത് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രീ ഡിന്നര്‍ ടോക്ക് എന്ന ഒരു പരിപാടിയുണ്ട്. എല്ലാവര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട എന്ത് വിഷയത്തെ കുറിച്ചും സംസാരിക്കാം. എന്തും തുറന്ന് സംസാരിക്കാവുന്ന വേദി. അന്ന് തങ്ങളെല്ലാം വലിയ ആരാധനയോടെ നോക്കിക്കണ്ട ബേദി ആദ്യ ദിനം ചമ്മലോടെ ആകെ പരുങ്ങിയാണ് സംസാരിച്ചതെന്ന് സേതു ഓര്‍ക്കുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ബേദിക്ക് സ്‌റ്റേറ്റ് ബാങ്കില്‍ ജോലി ലഭിക്കുന്നത്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജാള്യതയ്ക്ക് പിന്നിലെ കാരണവും. 'നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ എനിക്ക് നല്ല ചമ്മലുണ്ട്. കാരണം ഞാന്‍ ഒരു ടെസ്റ്റും പാസായിട്ടല്ല ഇവിടെ നില്‍ക്കുന്നത്. ഞാന്‍ ആകെ കളിച്ചിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റാണ്, അതാണ് എന്റെ ടെസ്റ്റ്.' - എന്നായിരുന്നു ബേദി അന്ന് പറഞ്ഞതെന്ന് സേതു ഓര്‍ത്തു.
ട്രെയിനിങ് സമയത്ത് ഇന്ദോറിലെ ചെറിയ ക്ലബ്ബുകളൊക്കെ ബേദിയെ മുഖ്യാതിഥിയായി ക്ഷണിക്കുമായിരുന്നു. അന്ന് ബേദിക്കൊപ്പം സേതു അടക്കമുള്ള സുഹൃത്തുക്കളും അവിടങ്ങളിലേക്ക് പോകും. ബേദിയുടെ കൂടെ നില്‍ക്കുന്നതിനാല്‍ തന്നെ ചെറിയൊരു ഗ്ലാമര്‍ പരിവേഷം തങ്ങള്‍ക്കും കൈവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാട്ടുകള്‍, പ്രത്യേകിച്ച് പഞ്ചാബി നാടന്‍ പാട്ടുകള്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു ബേദി. അതിനാല്‍ തന്നെ പാട്ടുപാടുന്നവരോടും അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു. സര്‍ദാര്‍ജി തമാശകളുടെ ഒരു അക്ഷയഖനി തന്നെയായിരുന്നു ബേദിയെന്നും സേതു പറഞ്ഞു. വൈകീട്ട് ഭക്ഷണം കഴിഞ്ഞ് എല്ലാവരും കൂടിയിരിക്കുമ്പോള്‍ സര്‍ദാര്‍ജി തമാശകള്‍ പറഞ്ഞ് രസിപ്പിക്കാറുള്ള ബേദി തന്നെയാണ് പില്‍ക്കാലത്ത് ഉറച്ച ശബ്ദത്തോടെയും നിലപാടുകളോടോയും ക്രിക്കറ്റില്‍ നിറഞ്ഞുനിന്നതെന്നും പറയുന്നു സേതു.
അന്ന് ഓസീസ് പരമ്പര കഴിഞ്ഞെത്തിയ ബേദിക്ക് അവിടെ ഒരു കാമുകിയുണ്ടായിരുന്നു. അന്ന് എയറോഗ്രാമില്‍ ബേദിക്ക് അവരുടെ എഴുത്തുകള്‍ വരാറുണ്ടായിരുന്നു. എഴുത്ത് കിട്ടിയാല്‍ തന്നെ തങ്ങളെല്ലാവരും അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങും. ബേദി മൂലയ്ക്ക് പോയിരുന്ന് എഴുത്ത് വായിക്കും. ഓസ്‌ട്രേലിയന്‍ പര്യടനവേളയില്‍ പരിചയപ്പെട്ട ഗ്ലെനിത് മൈല്‍സിനെ ബേദി വിവാഹം ചെയ്തിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്നായിരുന്നു അഞ്ജു ബേദിയുമായുള്ള വിവാഹം.
ബേദിയുടെ കൈക്കുഴയുടെ കരുത്ത് അക്കാലത്ത് അദ്ദേഹത്തിനൊപ്പം ടേബിള്‍ ടെന്നീസും ബാഡ്മിന്റണും കളിച്ച തങ്ങള്‍ക്ക് ശരിക്കും അറിയാമായിരുന്നുവെന്നും സേതു പറയുന്നു. ടിടിയില്‍ 11 ആണ് സെറ്റ് പോയന്റ്. ബേദിയുടെ എതിരാളിക്ക് 0-10 എന്ന നിലയില്‍ വേണമെങ്കില്‍ കളിയാരംഭിക്കാം. പക്ഷേ അപ്പോഴും ജയിക്കുക ബേദി തന്നെയായിരിക്കുമെന്നും അദ്ദേഹം ഓര്‍ക്കുന്നു. ബേദിയുടെ കൈക്കുഴ 360 ഡിഗ്രി പോലും തിരിയുമോ എന്ന് അക്കാലത്ത് തങ്ങള്‍ സംശയിച്ചിരുന്നു.
ബേദിയുടെ ഭക്ഷണമാണ് മറ്റൊരു ഓര്‍മ. കോച്ചിന്റെ നിര്‍ദേശത്തിന് അനുസരിച്ചുള്ള ഭക്ഷണം മാത്രമായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്. എംഡിയുടെ പ്രത്യേക നിര്‍ദേശവുമുണ്ടായിരുന്നു. അങ്ങനെ തങ്ങളെല്ലാം സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍ ബേദി മാത്രം കൃത്യമായ ഭക്ഷണക്രമം പാലിച്ചിരുന്നു. സാധാരണ ഭക്ഷണം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പലപ്പോഴും അദ്ദേഹത്തിന് അത് സാധിച്ചിരുന്നില്ലെന്നും സേതു ഓര്‍ത്തു.
ബേദിയെ കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന 'അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍' എന്ന തന്റെ ആത്മകഥയില്‍ സേതു പരാമര്‍ശിച്ചിട്ടുമുണ്ട്.
Content Highlights: writer sethu remembering Former India captain and legendary spinner Bishan Singh Bedi