വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ഓപ്പറേറ്ററില്‍ നിന്ന് ലോക ചെസ്സിന്റെ അമരത്തേയ്ക്ക്

കോഴിക്കോട് സര്‍വകലാശാലയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ വെറുമൊരു ഓപ്പറേറ്ററില്‍ നിന്ന് ചെസ്സ് ലോകത്ത് ഇന്ത്യയുടെ മുഖമായി വളര്‍ന്നയാളാണ് ചൊവ്വാഴ്ച അന്തരിച്ച പി.ടി. ഉമ്മര്‍ കോയ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ വെറുമൊരു ഓപ്പറേറ്ററില്‍ നിന്ന് ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഉമ്മര്‍കോയയുടെ വളര്‍ച്ച സമാനതകളില്ലാത്തതായിരുന്നു. ഒരു ചെസ് കളിക്കാരനാകണമെന്ന് ആഗ്രഹിച്ച അദ്ദേഹം പിന്നീട് ലോക ചെസ്സിന്റെ തന്നെ ചുക്കാന്‍ പിടിച്ചത് ചരിത്രം.
കോമണ്‍വെല്‍ത്ത് ചെസ് ഫെഡറേഷന്‍ സെക്രട്ടറി, ലോക ചെസ് ഫെഡറേഷന്‍ ഏഷ്യന്‍ മേഖലാ പ്രസിഡന്റ്, അഖിലേന്ത്യാ ചെസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, താല്‍ ചെസ് അക്കാദമിയുടെ സെക്രട്ടറി, കോഴിക്കോട് സര്‍വകലാശാല ചെസ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി ഉമ്മര്‍കോയ വഹിച്ച പദവികള്‍ക്ക് കണക്കില്ല. ഒരു കാലത്ത് ഇന്ത്യന്‍ ചെസ്സിന്റെയും കേരള ചെസ്സിന്റെയും ജീവനാഡിയായിരുന്നു ഈ മനുഷ്യന്‍.
മൂന്നു പതിറ്റാണ്ടിലേറെ കാലം ചെസ് രംഗത്ത് സജീവമായിരുന്ന ഉമ്മര്‍കോയ 1994-ല്‍ മോസ്‌കോയിലും 1996-ല്‍ അര്‍മേനിയയുടെ തലസ്ഥാനമായ യേരാവാനിലും നടന്ന ചെസ് ഒളിമ്പ്യാഡുകളില്‍ സീനിയര്‍ ആര്‍ബിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് സര്‍വകലാശാലയിലെ എഞ്ചിനീയറിങ് വിഭാഗത്തില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ഓപ്പറേറ്ററായിരുന്നു ഉമ്മര്‍കോയ. 1975-76 കാലഘട്ടത്തില്‍ സര്‍വകലാശാലയില്‍ എം.ഫില്‍ കോഴ്‌സുകള്‍ ആരംഭിച്ചതോടെ ബുദ്ധിജീവികളായ പല അധ്യാപകരും വിദ്യാര്‍ഥികളും ക്യാമ്പസിലേക്ക് ചേക്കേറി. ഇവരില്‍ ചിലരുമായുള്ള സൗഹൃദമാണ് കോയക്ക് ചെസ്സില്‍ കമ്പംകയറ്റിയത്.
ഇതിനിടെ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന സുപ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതന്‍ പ്രൊഫസര്‍. സി.എ ഷെപ്പേര്‍ഡുമായുള്ള സൗഹൃദം കോയയുടെ പിന്നീടുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായി. പ്രാഫസര്‍. സി.എ ഷെപ്പേര്‍ഡിന് കോയയുടെ ചെസ് കമ്പം നന്നേ ബോധിച്ചു. ചെസ്സിലെ ഒരോ പദങ്ങളുടെയും കരുക്കളുടെയും അര്‍ഥം ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി നോക്കി കോയക്ക് വവിശദീകരിച്ചു നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു.
പിന്നീട് കോഴിക്കോട് സര്‍വകലാശാലയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനത്തില്‍ കോയ സെക്രട്ടറിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെസ്സ് ക്ലബ്ബ് രൂപീകരിച്ചു. 1979-ല്‍ കോയ മലപ്പുറം ജില്ലാ ചെസ് അസോസിയേഷന്റെ സെക്രട്ടറിയായി. പിന്നീട് 1981-ല്‍ അഖിലകേരള ചെസ്സ് അസോസിയേഷന്റെ സെക്രട്ടറിയായി. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിര്‍ജീവമായിക്കിടന്ന പല ജില്ലാ അസോസിയേഷനുകളും പുനരുജ്ജീവിപ്പിച്ചത്.
1984-ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. 1985-ലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിക്കുന്നത്. ആ വര്‍ഷം അദ്ദേഹം അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1989-ല്‍ കോഴിക്കോട്ട് വെച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ കോയ അഖിലേന്ത്യാ സെക്രട്ടറിയായി. 1994-ല്‍ ഫിഡെയുടെ ഏഷ്യന്‍ സോണ്‍ പ്രസിഡന്റായ അദ്ദേഹം ആ വര്‍ഷം തന്നെ കോമണ്‍വെല്‍ത്ത് ചെസ്സ് അസോസിയേഷന്റെ സെക്രട്ടറിയുമായി.
ടൂര്‍ണമെന്റുകളുടെ അഭാവമാണ് ചെസ്സിന്റെ പ്രചാരണത്തിന് തടസം സൃഷ്ടിക്കുന്നതെന്നു തിരിച്ചറിഞ്ഞ അദ്ദേഹം കോഴിക്കോട് കേന്ദ്രമാക്കി ടൂര്‍ണമെന്റുകളുടെ ഒരു പരമ്പര തന്നെ സംഘടിപ്പിച്ചു. 1980-ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ പ്രൊഫസര്‍. സി.എ ഷെപ്പേര്‍ഡ് സ്മാരക ടൂര്‍ണമെന്റ് നടത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് 1985-ല്‍ ദേശീയ ജൂനിയര്‍ ചെസ്സ് ചമ്പ്യന്‍ഷിപ്പ് കോഴിക്കോട് സംഘടിപ്പിച്ചു. ആ മത്സരത്തില്‍ വിശ്വനാഥന്‍ ആനന്ദ് രണ്ടാം സ്ഥാനം നേടിയിരുന്നു.
കോയയുടെ നേതൃത്വത്തില്‍ കോഴിക്കോട്, ഇന്ത്യന്‍ ചെസ്സിന്റെ മെക്കയായി മാറുന്നതാണ് പിന്നീട് കണ്ടത്. 1988-ല്‍ കോയെന്‍കോ ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ചെസ്സ് ടൂര്‍ണമെന്റ്, 1994-ല്‍ ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്, 1996-ല്‍ ദേശീയ ചില്‍ഡ്രന്‍സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ കോഴിക്കോട് നടന്നു.
വിശ്വനാഥന്‍ ആനന്ദ് ആദ്യം ലോക ചാമ്പ്യനായപ്പോള്‍ ഉമ്മര്‍ കോയ പുറത്തിറക്കിയ 'വിശ്വനാഥന്‍ ആനന്ദ് ഫിഫ്റ്റീന്‍ത്ത് വേള്‍ഡ് ചാമ്പ്യന്‍' എന്ന പുസ്തകം ചെസ് ലോകത്തെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്.
കോയ സിസ്റ്റം
റൗണ്ട് റോബിന്‍ ചെസ് ടൂര്‍ണമെന്റുകളിലെ ടൈബ്രേക്കര്‍ നിയമത്തില്‍ ഉമ്മര്‍കോയ കൊണ്ടുവന്ന ഭേദഗതി ഫിഡെ അംഗീകരിച്ചിരുന്നു. 'കോയ സിസ്റ്റം' എന്നറിയപ്പെട്ടിരുന്ന ഈ രീതി ഫിഡെ റൂള്‍സ് കമ്മീഷന്‍ തന്നെയാണ് അംഗീകരിച്ചത്. മത്സരത്തിനിടെ കളിക്കാര്‍ക്കിടയില്‍ ടൈ വരുമ്പോള്‍ അന്‍പതോ അധിലധികമോ ശതമാനം പോയന്റ് നേടിയിട്ടുള്ള എതിരാളികളുടെ പോയന്റ് കണക്കിലെടുക്കുന്നതായിരുന്നു ഈ പരിഷ്‌കാരം. നേരത്തെ പോയന്റ് കുറഞ്ഞ എതിരാളികളുടെ പോയന്റ്‌നില കൂടി കണക്കിലെടുത്തിരുന്നു. ചെസ്സ് ഒളിമ്പ്യാഡിലെ ചീഫ് ആര്‍ബിറ്ററായ ഗുയെര്‍ട്ട് ഗിജ്‌സെന്‍ കോയ സിസ്റ്റം മുമ്പുണ്ടായിരുന്ന രീതിയെ അപേക്ഷിച്ച് മെച്ചമുള്ളതാണെന്ന് അഭിപ്രായം പറയുകയും ചെയ്തിരുന്നു.
Content Highlights: Ummer Koya the man who popularised chess in India
Content Highlights: