ശ്രീനിവാസ ഗൗഡയേയും നിഷാന്ത് ഷെട്ടിയേയും ആഘോഷിക്കുന്നവര്‍ക്ക് ഓര്‍മയുണ്ടോ രാമേശ്വര്‍ ഗുര്‍ജാറിനെ?

ശ്രീനിവാസ ഗൗഡയും രാമേശ്വര്‍ ഗുര്‍ജാറും | Image Courtesy: Twitter
ശ്രീനിവാസ ഗൗഡയും രാമേശ്വര്‍ ഗുര്‍ജാറും | Image Courtesy: Twitter

ഈ അടുത്ത ദിവസങ്ങളില്‍ കമ്പളപ്പാടമാണ് ഇന്ത്യന്‍ കായിക ലോകത്തിന്റെ പ്രധാന ചര്‍ച്ചകളിലൊന്ന്. സോഷ്യല്‍ മീഡിയ നോക്കിയാല്‍ കമ്പള, കമ്പള റേസ് (പോത്തോട്ടം) എന്നീ വാക്കുകള്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതും കാണാം.

കര്‍ണാടക മൂഡബദ്രി സ്വദേശി ശ്രീനിവാസ ഗൗഡയാണ് കായികലോകത്തിന്റെ ശ്രദ്ധമുഴുവന്‍ കമ്പളപ്പാടത്തേക്ക് ക്ഷണിച്ചത്. ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള (പോത്തോട്ടം) മത്സരത്തില്‍ ഗൗഡ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയെന്നാണ് സംഘാടകരുടെ അവകാശവാദം. 

പിന്നാലെ ദേശീയമാധ്യമങ്ങളടക്കം ഇതേറ്റെടുത്തു. ശ്രീനിവാസ ഗൗഡ സോഷ്യല്‍ മീഡിയയില്‍ താരമായി. ഐയ്ക്കള ഗ്രാമത്തില്‍ നടന്ന കമ്പള മത്സരത്തില്‍ അദ്ദേഹം പോത്തുകള്‍ക്കൊപ്പം 145 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 13.62 സെക്കന്‍ഡിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് വെറും 9.55 സെക്കന്‍ഡാണെന്നും. 100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റ് ആണെന്നിരിക്കെ ഗൗഡയെ സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു.

ഇതുകണ്ട് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു നേരിട്ടിടപെട്ട് ഗൗഡയ്ക്ക് സായിയില്‍ ട്രയല്‍സിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കുകവരെ ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഗൗഡയെ തന്റെ ഓഫീസിലേക്ക് ക്ഷണിച്ച് കൂടിക്കാഴ്ചയും നടത്തി.

തനിക്ക് ലഭിച്ച താരപരിവേഷം കണ്ട് ശ്രീനിവാസ ഗൗഡ തന്നെ അന്തംവിട്ടിരിപ്പാണ്. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു. ട്രയല്‍സില്‍ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹം നിരസിച്ചിരുന്നു. 

ഇതിനു പിന്നാലെ ഞായറാഴ്ച മറ്റൊരു കമ്പള മത്സരത്തില്‍ ബോള്‍ട്ടിനെ വേഗം കൊണ്ട് തോല്‍പ്പിച്ച ശ്രീനിവാസ ഗൗഡയെ മറ്റൊരു കമ്പള ജോക്കി (പോത്തോട്ടക്കാരന്‍) മറികടന്നെന്ന റിപ്പോര്‍ട്ടു പുറത്തുവന്നു. ഭജഗോലി ജോഗിബെട്ടു സ്വദേശി നിഷാന്ത് ഷെട്ടിയാണ് കമ്പളപ്പാടത്തു നിന്ന് കായികലോകത്തിന്റെ ശ്രദ്ധ നേടിയ മറ്റൊരു താരം.

ഞായറാഴ്ച വേനൂരില്‍ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തില്‍ 143 മീറ്റര്‍ ദൂരം 13.68 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ നിഷാന്ത് ഇതില്‍ 100 മീറ്റര്‍ പിന്നിടാനെടുത്തത് വെറും 9.51 സെക്കന്‍ഡുകള്‍ മാത്രമാണെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

നിഷാന്ത് ഷെട്ടി

ഇരുവര്‍ക്കും മികച്ച കായിക ഭാവിയുണ്ടെന്നും മികച്ച പരിശീലനം കൊടുക്കണമെന്നുവരെയെത്തി നിര്‍ദേശങ്ങള്‍. എന്നാല്‍ ശ്രീനിവാസ ഗൗഡ നിഷാന്ത് ഷെട്ടിയേയും ഇത്രകണ്ട് ആഘോഷിക്കുന്ന ആളുകള്‍ക്ക് രാമേശ്വര്‍ ഗുര്‍ജാര്‍ എന്ന മധ്യപ്രദേശ് സ്വദേശിയെ ഓര്‍മയുണ്ടോ? എഴു മാസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയ ഇതേപോലെ ആഘോഷിച്ച ആ 24-കാരനെ? 

റോഡിലൂടെ നഗ്നപാദനായി ഓടി 11 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ ദൂരം മറികടക്കുന്ന രാമേശ്വര്‍ ഗുര്‍ജാറിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇന്നത്തെപോലെ സോഷ്യല്‍ മീഡിയ അദ്ദേഹത്തെയും താരമാക്കിയത്. ദേശീയമാധ്യമങ്ങളടക്കം അന്നും ഇത് വലിയ വാര്‍ത്തയാക്കി. 'നഗ്നപാദനായ ബോള്‍ട്ട്' എന്നുവരെ അദ്ദേഹത്തിന് പേര് ലഭിച്ചു. ഇന്നത്തെപോലെ അന്നും കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു തന്നെ ഗുര്‍ജാറിനെ വളര്‍ത്തിക്കൊണ്ടുവരുമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ തന്നെ ഗുര്‍ജാറിന്റെ ഓട്ടത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

അങ്ങനെ ഇപ്പോള്‍ ശ്രീനിവാസ ഗൗഡയെ സായിയില്‍ ട്രയല്‍സിന് ക്ഷണിച്ച പോലെ അന്ന് രാമേശ്വര്‍ ഗുര്‍ജാറിനെയും ക്ഷണിച്ചു. ട്രയല്‍സും നടത്തി. ഭോപ്പാലിലെ ടി.ടി സ്റ്റേഡിയത്തിലായിരുന്നു ട്രയല്‍സ്. എന്നാല്‍ അന്ന് ഗുര്‍ജാര്‍ നേരിട്ട തോല്‍വി ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്രയല്‍സില്‍ ഏറ്റവും അവസാനമായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ഫിനിഷ് ചെയ്യാനെടുത്ത് 12.9 സെക്കന്‍ഡും. തുടര്‍ന്ന് ഗുര്‍ജാറിന് മറ്റൊരു ദിവസം കൂടി ട്രയല്‍സ് നടത്തി അന്ന് 13-14 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

ബോള്‍ട്ടിന് വെല്ലുവിളിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഇവരെല്ലാം അവരുടേതായ സ്വാഭാവിക സാഹചര്യത്തില്‍ ആ പ്രകടനം നടത്തുന്നവരാണ്. സ്‌പൈക്ക് ധരിച്ച് വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നടത്തുന്നവരാണ് സ്പ്രിന്റര്‍മാര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞതു തന്നെ ഒന്നകൂടി ഓര്‍മപ്പെടുത്തുന്നു 'ബോള്‍ട്ട് ട്രാക്കില്‍ ഓടുന്നയാളാണ്, ഞാന്‍ ചെളിയിലും'.

Content Highlights: those who were celebrating Srinivasa Gowda and Nishant Shetty remember Rameshwar Gurjar

Content Highlights: