പന്ത്രണ്ടാം വയസ്സിൽ പൂവാലന്മാരെ നേരിടാൻ ജൂഡോ പഠനം; ഇന്ന് രാജ്യത്തിന് അഭിമാനം, മെഡൽ ജേതാവ്

പന്ത്രണ്ടാം വയസ്സിൽ ജൂഡോ പഠിക്കാൻ ഇറങ്ങുമ്പോൾ വിജയങ്ങളോ മെഡലുകളോ ആയിരുന്നില്ല സുചിക തര്യാലിന്റെ മനസ്സിൽ. ക്ലാസ് കഴിഞ്ഞ് വരുംവഴി കാത്തിരിക്കുന്ന പൂവാലന്മാരിൽ നിന്ന് രക്ഷപ്പെടണം. പൂവാലന്മാരെ പേടിച്ച് സ്‌കൂളിൽ പോകാൻ തന്നെ പേടിച്ച കാലമായിരുന്നു അത്. ഒടുവിൽ സുചിക കണ്ട വഴിയായിരുന്നു ജൂഡോ പരിശീലനം. പരിശീലനം പക്ഷേ, വെറുതെയായില്ല. ജൂഡോക്കാരിയെ തോടാൻ പോയിട്ട് ഒന്ന് കണ്ണിറുക്കി കാണിക്കാൻ പോലും പിന്നെ രോത്തക്കിലെ ഒരു പൂവാലനും തന്റേടമുണ്ടായില്ല. പക്ഷേ, അന്നത്തെ ആ പരിശീലത്തിന്റെ യഥാർഥ ഗുണം സുചികയ്ക്കുണ്ടായത് പിന്നെയും കാലങ്ങൾ ഏറെക്കഴിഞ്ഞാണ്. പിന്നീട് പലവട്ടം ദേശീയ ചാമ്പ്യനായി. ലോകചാമ്പ്യനായി. ഏഷ്യൻ ചാമ്പ്യനായി. ഇപ്പോഴിതാ മുപ്പത്തിയാറാം വയസ്സിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും. നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യമായി മെഡൽ ഉറപ്പിച്ചത് സുചികയുടെ അന്നത്തെ ആ തീരുമാനമാണ്. മിക്‌സഡ് മാർഷ്യൽ ആർട്‌സിന്റെ സെമിഫൈനലിൽ പ്രവേശിച്ചാണ് സുചിക മെഡൽ ഉറപ്പിച്ചത്. വനിതകളുടെ പരമ്പരാഗത 60 കിലോഗ്രാം വിഭാഗം ക്വാർട്ടറിൽ മംഗോളിയയുടെ അൽറ്റാൻചിമെഗ് ബൈഗാൽമയെയാണ് സുചിക തോൽപിച്ചത്.
സ്വയരക്ഷയ്ക്കുവേണ്ടിയാണ് ജൂഡോ പഠിച്ചു തുടങ്ങിയതെങ്കിലും വൈകാതെ സുചിക മത്സരരംഗത്തേയ്ക്കും കാലെടുത്തുവെച്ചു. എന്നാൽ, അതത്ര എളുപ്പമായിരുന്നില്ല. മകൾ തനിച്ച് മത്സരങ്ങൾക്കുവേണ്ടി നാട് ചുറ്റുന്നിനോട് വീട്ടുകാർക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. കുറേ കാലമെടുത്തു അവരുടെ മനസ്സലിയാൻ. മത്സരംഗത്ത് ഇറങ്ങിയതോടെ പിന്നൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല സുചികയ്ക്ക്. എട്ട് വർഷം ദേശീയ ജൂഡോ ചാമ്പ്യനായി. 2019 കോമൺവെൽത്ത് ഗെയിംസിലും സാഫ് ഗെയിംസിലും സ്വർണം നേടി. 2018 കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളിയും. ഇതിനിടെ ജൂഡോയ്ക്ക് പുറമെ ജു-ജിറ്റ്‌സുവിലും ഒരു കൈനോക്കാൻ സുചിക തയ്യാറായി. അതും വെറുതെയായില്ല. 2024ൽ ലോകചാമ്പ്യൻഷിപ്പിന്റെ 63 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി. അങ്ങനെയാണ് പതുക്കെ ഇതെല്ലാം ചേരുന്ന മിക്‌സഡ് മാർഷ്യൽ ആർട്‌സിലേയ്ക്ക് ചുവടുമാറുന്നത്. ഇന്ന് ഇന്ത്യയുടെ റോണ്ട റൗസി എന്നൊരു വിളിപ്പേരുണ്ട് സുചികയ്ക്ക്. മിക്സഡ് മാർഷ്യൽ ആർട്സിലെ ഇതിഹാസമാണ് ചലച്ചിത്രതാരവും ഒളിമ്പിക് മെഡൽ ജേതാവുമൊക്കെയായ, റിങ്ങിലെ റൗഡിയെന്ന വിളിപ്പേരുള്ള റൗസി.
സ്‌ട്രൈക്കിങ്ങിൽ ബോക്‌സിങ്, കിക്ക് ബോക്‌സിങ്, മുവ് തായ് എന്നിവയും ഗ്രാപ്ലിങ്ങിൽ ഗുസ്തി, ജു-ജിറ്റ്‌സു, ജൂഡോ എന്നിവയും അടങ്ങുന്നതാണ് മിക്‌സഡ് മാർഷ്യൽ ആർട്‌സ്.
2017ലാണ് സുചിക മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, ക്രമേണ അതിൽ നിന്ന് പിൻവാങ്ങി ജൂഡോയിലും ജു-ജിറ്റ്‌സുവിലും മാത്രമായി ശ്രദ്ധ. പിന്നീട് രണ്ട് വർഷം കഴിഞ്ഞാണ് എംഎംഎയിൽ തിരിച്ചെത്തുന്നത്. വനിതകളുടെ സ്‌ട്രോവെയ്റ്റ് വിഭാഗത്തിൽ ബ്രേവ് കോമ്പാറ്റ് ഫെഡറേഷനുമായി ധാരണയിലെത്തുകയും ചെയ്തു. 2024 ഡിസംബറിൽ ബെഹ്‌റൈനിൽ നടന്ന ബ്രേവ് സിഎഫ് 92 വിലായിരുന്നു ഉജ്വല ജയത്തോടെയുള്ള തിരിച്ചുവരവ്. എന്നാൽ, തിരിച്ചുവരവിലും സുചികയെ കാത്തിരുന്നത് തിരിച്ചടിയായിരുന്നു. മുട്ടിനേറ്റ പരിക്കിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് ഏതാണ്ട് പൂർണമായി തന്നെ പിൻവാങ്ങേണ്ട അവസ്ഥയായി. എന്നാൽ, ഹിമാൻഷു കൗശിക്കിന്റെയും പൂജ തോമറിന്റെയുമൊക്കെ പ്രേരണയിലും പിന്തുണയിലും വീണ്ടും തിരിച്ചെത്തി.
2022 കോമൺവെൽത്ത് ഗെയിസിൽ ജൂഡോയിലും 2022ൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ കുറാഷിലും 2024 ജി-ജിറ്റ്‌സു ലോകചാമ്പ്യൻഷിപ്പിലും സുചിക മാറ്റുരച്ചിരുന്നു. ഇത്തവണ ഏഷ്യൻ ഗെയിംസിൽ ജു-ജിറ്റ്‌സുവിൽ മാറ്റുരയ്ക്കാനുള്ള ആലോചനിലായിരുന്നു സുചിക. എന്നാൽ, റാങ്കിങ്ങിന്റെ പേരിൽ ജി-ജിറ്റ്‌സു ടീമിന് ജപ്പാനിലേയ്ക്ക് പോകാൻ യാത്രാനുമതി ലഭിച്ചില്ല. എന്നാൽ, സുചിക മനസ് മടുത്ത് പിൻമാറിയില്ല. പകരം എംഎംഎയുടെ ട്രയലിൽ പങ്കെടുത്തു. ഏഷ്യയിലെ ആദ്യ ആറ് റാങ്കിൽ ഉൾപ്പെട്ടെങ്കിലും മാത്രമേ സർക്കാർ ധനസഹായം ലഭിക്കൂ. എന്നിട്ടും സുചിക തളർന്നിണ സ്വന്തം കൈയിൽ നിന്ന് കാശെടുത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആ നീക്കം പിഴച്ചില്ല. രണ്ട് വെങ്കല മെഡലുമായിട്ടായിരുന്നു മടക്കം. ഇതിന്റെ ബലത്തിലാണ് ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെടാനായത്. ഇതുവഴി ഫെഡറേഷന്റെ സഹായത്തിനും യോഗ്യത നേടി. അങ്ങനെയാണ് ജപ്പാനിലെ നഗോയയിലെത്തിയത്. ഇവിടെ നിന്ന് ഏഷ്യൻ ഗെയിംസ് മെഡലുമായാണ് മടക്കം. സി.ഐ.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന സുചിക ഇപ്പോൾ ഹരിയാണ കായിക വകുപ്പിൽ ഉദ്യോഗസ്ഥയാണ്.
Content Highlights: Suchika Tariyal started learning judo at age 12 for self-defense against eve-teasers., Transitioned to professional martial arts, winning medals in Commonwealth, SAF, and Ju-Jitsu World Championships., Overcame knee injuries and financial hurdles to secure a historic medal at the Nagoya Asian Games.