സൽമാന്റെ ഓർമകളിൽ ഇന്നുമുണ്ട്, ഡൽഹിയിലെ തെരുവുകളിൽ ടാക്‌സി ഓടിച്ചിരുന്ന ആ 18-കാരൻ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/isiddheshRkadam/
Photo: x.com/isiddheshRkadam/

ഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയിരിക്കുകയാണ് സത്നാം സിങ്-സൽമാൻ ഖാൻ ജോഡി. നഗരഗാവ ഇന്റർനാഷണൽ റെഗാട്ട കോഴ്സിൽ നടന്ന മത്സരത്തിൽ 6:13.25 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് ഇന്ത്യൻ ജോഡി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡലാണിത്.

ഉത്തർപ്രദേശിലെ അമേഠി പ്യൂർ ദിംഗ സ്വദേശിയായ സൽമാൻ ഖാന് ഈ നേട്ടം ഇരട്ടി അഭിമാനമാണ്. ജീവിതത്തിലേറ്റ തിരിച്ചടികൾ കാരണം ഡൽഹിയിൽ ഒരു ഉബർ ഡ്രൈവറായി ജോലി ചെയ്തിരുന്ന സൽമാൻ ഇന്ന് കാണുന്ന ഉയരങ്ങളിലേക്കെത്തിയതിനു പിന്നിൽ നിശ്ചയദാർഢ്യം ഒന്ന് മാത്രമാണ്.

നാല് സഹോദരന്മാരും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകനാണ് സൽമാൻ. ഹരിയാനയിലെ തൗരുവിൽ ട്രക്ക് ബോഡി നിർമാണ തൊഴിലാളിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കാസിം ഖാൻ.

എന്നാൽ സൽമാന് 18 വയസുള്ളപ്പോൾ പിതാവ് ഡെങ്കി ബാധിച്ച് മരണപ്പെട്ടതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ചെറുപ്പക്കാരനായ സൽമാന്റെ ചുമലിലായി. തന്റെ സ്വപ്നമായിരുന്ന സൈനിക സേവനം മാറ്റിവെച്ച്, അനുജന്മാരെയും സഹോദരിമാരെയും പോറ്റാനായി സൽമാൻ ഡൽഹിയിലേക്ക് വണ്ടി കയറി. അവിടെ ഉബർ ടാക്‌സി ഡ്രൈവറായി രാപ്പകലില്ലാതെ ജോലി ചെയ്ത് കുടുംബത്തെ താങ്ങിനിർത്തി.

ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഒരു സുഹൃത്താണ് സൽമാന്റെ കായികശേഷിയും ഉയരവും സൈന്യത്തിന് അനുയോജ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് ടാക്‌സി മറ്റൊരാളെ ഏൽപ്പിച്ച്, നാല് മാസത്തെ കഠിന പരിശീലനത്തിന് ശേഷം സൽമാൻ റിക്രൂട്ട്‌മെന്റ് റാലി, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവ വിജയിച്ചു. 2018 സെപ്റ്റംബർ 25-ന് പുണെയിലെ ബോംബെ എഞ്ചിനീയർ ഗ്രൂപ്പിൽ പ്രവേശിച്ചു.

സൈന്യത്തിൽ ചേർന്ന ശേഷമാണ് സൽമാൻ തുഴച്ചിലിലേക്കെത്തുന്നത്. പരിശീലകരായ സത്യവാൻ, സതീഷ് സിറാത്ത്, പ്രഭാത് മിശ്ര എന്നിവരാണ് സൽമാനിലെ കായികതാരത്തെ തിരിച്ചറിഞ്ഞ് തുഴച്ചിലിലേക്ക് ക്ഷണിച്ചത്. ആദ്യം മടിച്ചെങ്കിലും പരിശീലകരുടെ നിർബന്ധത്താൽ തുഴച്ചിൽ തുടങ്ങിയ സൽമാൻ, തന്റെ ആദ്യ ഇന്റർ സെന്റർ മത്സരത്തിൽ തന്നെ വെള്ളി മെഡൽ നേടി ആത്മവിശ്വാസം നേടി.

2021-ൽ ആർമി റോവിങ് നോഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലപ്പോഴും കളി നിർത്തിപ്പോകാൻ തോന്നിയെങ്കിലും പരിശീലകരായ കുദ്രത് അലിയുടെയും മേജർ നാഗേന്ദ്ര ഹൂഡയുടെയും കൃത്യമായ മാർഗനിർദേശം സൽമാന് തുണയായി. കായികതാരങ്ങൾക്ക് ഉന്നതതല പരിശീലനവും കായിക സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള താരംകൂടിയാണ് സൽമാൻ. ഏഷ്യൻ റോവിങ് കപ്പിലെ മെഡൽ നേട്ടത്തിന് പിന്നാലെ അദ്ദേഹത്തിന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

പഞ്ചാബിലെ മാൻസയിൽ നിന്നുള്ള സത്‌നാം സിങ്ങാണ് സൽമാന്റെ ടീം പങ്കാളി. മുൻ ദേശീയ ഹാൻഡ്‌ബോൾ താരമായിരുന്ന സത്‌നാം 2018-ലാണ് റോവിങ്ങിലേക്ക് വരുന്നത്. 2023 ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും സത്‌നാം വെങ്കലം നേടിയിരുന്നു.

2026 ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തി സൽമാനെയും സത്‌നാമിനെയും ഡബിൾ സ്‌കൾസ് സഖ്യമാക്കിയത്. തുടക്കത്തിൽ ആശങ്കകളുണ്ടായെങ്കിലും വളരെ വേഗം ഇരുവരും പുതിയ കൂട്ടുകെട്ടുമായി പൊരുത്തപ്പെട്ടു. ഫൈനൽ മത്സരത്തിൽ 500 മീറ്റർ, 1000 മീറ്റർ, 1500 മീറ്റർ പോയിന്റുകളിൽ രണ്ടാം സ്ഥാനത്ത് തുടർന്ന ഇരുവരും അവസാനഘട്ടത്തിൽ മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കല മെഡൽ കഴുത്തിലണിഞ്ഞു.

ഡൽഹിയിലെ തെരുവിൽ ടാക്‌സി ഓടിച്ചിരുന്ന പഴയ 18-കാരനിൽ നിന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവിലേക്കുള്ള സൽമാൻ ഖാന്റെ യാത്ര ഇന്ത്യൻ കായികലോകത്തിന് തന്നെ വലിയ പ്രചോദനമാണ്.

പ്രധാന നേട്ടങ്ങൾ

  • 2022-ൽ ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിലും ഇൻഡോർ നാഷണൽ ചാമ്പ്യൻഷിപ്പിലും സ്വർണ്ണം.
  • 2023-ൽ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഓപ്പൺ സ്പ്രിന്റ് നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും. സ്വിറ്റ്‌സർലൻഡിലെ ലൂസേണിൽ നടന്ന വേൾഡ് റോവിങ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായവും ലഭിച്ചു.
  • 2024-ൽ ഗോവ ദേശീയ ഗെയിംസിലും ഏഷ്യൻ റോവിങ് കപ്പിലും സ്വർണം. ഈ നേട്ടങ്ങളെ തുടർന്ന് ഇന്ത്യൻ സൈന്യത്തിൽ നായിബ് സുബേദാർ ആയി സ്ഥാനക്കയറ്റം നൽകി ആദരിച്ചു.
  • 2025-ൽ ഓസ്‌ട്രേലിയൻ റോവിങ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും (വിയറ്റ്‌നാം) വെള്ളി മെഡലുകൾ.

Content Highlights: Salman Khan and Satnam Singh won bronze in the men's double sculls at the Asian Games., Salman overcame severe personal hardship, working as a Delhi taxi driver after his father's death., He joined the Indian Army in 2018 and transitioned into professional rowing, later being promoted to Naib Subedar., The duo was paired just days before the 2026 Asian Games, securing a historic medal for India.