ഓസീസ് ബൗളര്‍മാരുടെ ആ പ്രലോഭനത്തില്‍ വീഴരുത്, സച്ചിനെ കോലി കണ്ടുപഠിക്കണം

#ടി.ജെ ശ്രീജിത്ത്
സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും | Photo: ANI
സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും | Photo: ANI

ഏറ്റവുമിഷ്ടമുള്ള ഒന്നിനെ തിരിഞ്ഞുനോക്കാതിരിക്കുക... അസാധ്യമെന്നു തോന്നും... പക്ഷേ, രണ്ടുപതിറ്റാണ്ടുമുന്‍പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചെയ്തത് അതാണ്. അന്നും ഒരു ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയാണ്. ബ്രിസ്‌ബെയ്‌നിലും അഡ്ലെയ്ഡിലും മെല്‍ബണിലും സച്ചിന് കാര്യമായി സ്‌കോര്‍ (0,1,37,0,44) ചെയ്യാനായില്ല. 2002 ഒക്ടോബര്‍ 30-ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സെഞ്ചുറിനേടിയശേഷം ഒരു വര്‍ഷത്തിലേറെ സച്ചിന്‍ സെഞ്ചുറിയില്‍ തൊട്ടിട്ടുണ്ടായിരുന്നില്ല.

പരമ്പരയിലെ അവസാന ടെസ്റ്റ് 2004 ജനുവരി രണ്ടിന് സിഡ്‌നിയില്‍ തുടങ്ങുന്നു. ആദ്യം ബാറ്റുചെയ്യുന്നത് ഇന്ത്യ. ഓപ്പണര്‍മാരായ ആകാശ് ചോപ്ര, വിരേന്ദര്‍ സേവാഗ് എന്നിവര്‍ ഔട്ടാകുന്നു. മൂന്നാമനായ ദ്രാവിഡും പുറത്ത്. നാലാമനായിറങ്ങിയ സച്ചിനും അഞ്ചാമന്‍ വി.വി.എസ്. ലക്ഷ്മണും ക്രീസില്‍. അപ്പോഴാണ് സച്ചിന്‍ ഒരു കാര്യം തിരച്ചറിഞ്ഞത്. ബ്രെറ്റ്ലിയും ജേസണ്‍ ഗില്ലസ്പിയുമടങ്ങിയ ഓസീസ് പേസര്‍മാര്‍ സച്ചിന്റെ വിക്കറ്റിനുനേരേ പന്തെറിയുന്നില്ല. 

എല്ലാ പന്തുകളും ഓഫ്സ്റ്റമ്പിന് പുറത്തുതന്നെ. തനിക്കിഷ്ടമുള്ള കവര്‍ ഡ്രൈവ് കളിക്കാനുള്ള പ്രലോഭനം... ക്ഷമയെ പരീക്ഷിക്കല്‍..! കഴിഞ്ഞ ഏതാനും ഇന്നിങ്‌സുകളില്‍ ഓഫ്സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകള്‍ കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് സച്ചിന്‍ ഔട്ടായത്. അതോടെ സച്ചിനും ഒന്നുതീരുമാനിച്ചു, ഈ ഇന്നിങ്‌സില്‍ കവര്‍ ഡ്രൈവ് കളിക്കുന്നില്ല. 

ഓഫ്സ്റ്റമ്പിന് പുറത്ത് ഡ്രൈവ് ചെയ്യാന്‍പറ്റിയ ലെങ്ത്തില്‍ വന്ന ഒരുപന്തുപോലും ആ ഇന്നിങ്‌സില്‍ സച്ചിന്‍ കളിച്ചില്ല. സച്ചിന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സായിരുന്നു അത്. ക്ഷമയുടെ നെല്ലിപ്പലകയില്‍ ചവിട്ടി ക്രീസില്‍ നിന്നത് 10 മണിക്കൂറും 21 മിനിറ്റും. നേരിട്ടത് 436 പന്തുകള്‍... ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ സച്ചിന്‍ 241 റണ്‍സുനേടി പുറത്താവാതെ നില്‍ക്കുകയായിരുന്നു. അന്ന് ക്ഷമനശിച്ചത് ഓസീസ് ബൗളര്‍മാര്‍ക്കായിരുന്നു. 

ഓഫ്സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളില്‍ സച്ചിന്‍ ബാറ്റ് വെക്കുന്നില്ലെന്നുകണ്ടതോടെ അവര്‍ സ്റ്റമ്പിനുനേരേ എറിയാന്‍ തുടങ്ങി. അതോടെ സച്ചിന്‍ സ്‌ട്രൈറ്റ് ഡ്രൈവിലൂടെയും ഓണ്‍ഡ്രൈവിലൂടെയും ലെഗ് ഗ്ലാന്‍സിലൂടെയും റണ്‍സ് നേടാന്‍ തുടങ്ങി. ഓസീസിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 705 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സമനിലയിലായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലും സച്ചിന്‍ 60 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അന്ന് സച്ചിന്‍ നേരിട്ട അതേപ്രശ്‌നമാണ് ഇന്ന് വിരാട് കോലിയും നേരിടുന്നത്. ഓഫ്സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളില്‍ ബാറ്റുവെക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാനാകുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് ഔട്ടായിരിക്കുന്നതെല്ലാം ഏതാണ്ട് ഒരേ രീതിയിലാണ്. ടീം ഇന്ത്യയിലെ ഏറ്റവും പരിചയമ്പന്നനായ കളിക്കാരനാണ് വിരാട്. ടെസ്റ്റ് ഇന്നിങ്‌സില്‍ നാലാമന്‍ നന്നായില്ലെങ്കില്‍ ബാറ്റിങ് തകര്‍ച്ച ഉറപ്പാണ്. പെര്‍ത്തിലെ സെഞ്ചുറി ഒഴിച്ചുനിര്‍ത്തിയാല്‍ വിരാടിന്റെ റണ്‍സുകള്‍ ഇങ്ങനെയാണ്, 5,7,11,36...

ഈ പരമ്പരയിലെ സെഞ്ചുറി വിരാടിന്റെ തിരിച്ചുവരവാകുമെന്ന് കരുതി. പക്ഷേ, വീണ്ടും അബദ്ധങ്ങളില്‍ വീണുപോകുന്നു വിരാട്. മെല്‍ബണില്‍ വെള്ളിയാഴ്ച ക്ഷമയോടെയുള്ള വിരാടിന്റെ ഇന്നിങ്‌സ് വരുമെന്ന സൂചനകളുണ്ടായിരുന്നു. ഓഫ്സ്റ്റമ്പിന് പുറത്തുപോയ പന്തുകളില്‍ ബാറ്റുവെക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. 

പക്ഷേ, അതിഗംഭീരമായി കളിച്ചുവന്ന യശ്വസി ജയ്‌സ്വാള്‍ റണ്ണൗട്ടാകാന്‍ കാരണക്കാരനായതോടെ വിരാടിന്റെ ഏകാഗ്രത നഷ്ടമായി. അപൂര്‍വമായിമാത്രം സ്റ്റമ്പിനുനേരേ എറിയുന്ന ബൗളറാണ് സ്‌കോട് ബോളണ്ട്. അയാളുടെ നിരുപദ്രവകരമെന്നുതോന്നിക്കുന്ന പന്ത് ഓഫ്സ്റ്റമ്പിന് പുറത്തുകൂടി പോകവേ അതില്‍ ബാറ്റുവെച്ച് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ചുനല്‍കി മടങ്ങി.
 

Content Highlights: sachin tendulkar lesson to struggling virat kohli