വന്‍ നഗരങ്ങള്‍ മാത്രം ആതിഥ്യം വഹിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പിനെ കോഴിക്കോടന്‍ തീരത്തെത്തിച്ച ഉമ്മര്‍കോയ

പി.ടി. ഉമ്മര്‍കോയയുടെ വിയോഗത്തിലൂടെ ചെസിന് നഷ്ടപ്പെടുന്നത് താരതമ്യംചെയ്യാനാവാത്ത സംഘാടകമികവാണ്. ഇരുപത് വയസ്സിന് താഴെയുള്ള കളിക്കാര്‍ക്കായുള്ള ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ഒന്നല്ല, രണ്ടുതവണ (1993-ലും 1998-ലും) കോഴിക്കോട്ട് എത്തിച്ചത് ഉമ്മര്‍കോയയുടെ സ്വാധീനവും കഴിവും ഒന്നുകൊണ്ടുമാത്രമായിരുന്നു.
ചെറിയ കാര്യമൊന്നുമല്ല ഇത്. നാല്‍പ്പതോ നാല്‍പ്പത്തിയഞ്ചോ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ ഇതില്‍ പങ്കെടുക്കുക പതിവാണ്. അതും ഭാവിയില്‍ ലോകചാമ്പ്യന്മാരാവാന്‍ സാധ്യതയുള്ള കളിക്കാര്‍. ലോകചാമ്പ്യന്മാരായ ബോറിസ് സ്പാസ്‌കി, അനറ്റോളി കാര്‍പോവ്, ഗാരി കാസ്പറോവ്, വിശ്വനാഥന്‍ ആനന്ദ് എന്നിവര്‍ ഈ ചാമ്പ്യന്‍ഷിപ്പ് ജയിച്ചവരാണ് എന്നറിയുമ്പോളാണ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യം മനസ്സിലാവുക. കോപ്പന്‍ ഹേഗന്‍, ബര്‍മിങ്ങാം, ഹേഗ്, ബാഴ്‌സലോണ, ആതന്‍സ് തുടങ്ങിയ ലോകത്തിലെ വന്‍നഗരങ്ങള്‍ മാത്രം ആതിഥ്യം വഹിച്ച ചാമ്പ്യന്‍ഷിപ്പായിരുന്നു രണ്ടുവട്ടം കോഴിക്കോടന്‍ തീരത്തെത്തിയത്.
1993-ലും 1998-ലും ആകാശവാണിക്കുവേണ്ടി ഞാനാണ് ഈ ചാമ്പ്യന്‍ഷിപ്പ് കവര്‍ ചെയ്തത്. അക്കാലത്താണ് ഉമ്മര്‍കോയയെ ആദ്യമായി പരിചയപ്പെട്ടത്. ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ ആകാശവാണിയില്‍വെച്ച് ഒരു ചെസ് മത്സരം നടത്തി കമന്ററി തത്സമയം പ്രക്ഷേപണം ചെയ്യണമെന്ന ആശയം തോന്നി. 1993-ല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഉമ്മര്‍കോയയെ കണ്ടു. നേരെ കയറിച്ചെന്ന്, ജീവിതത്തില്‍ ആദ്യമായി കണ്ട ഉമ്മര്‍കോയയോട് ഒറ്റശ്വാസത്തില്‍ കാര്യങ്ങള്‍ പറഞ്ഞു. എത്രയോ കാലമായി ഞാനുമായി പരിചയമുള്ളപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ബ്രിട്ടീഷ് ഗ്രാന്റ് മാസ്റ്റര്‍ മാത്യു സാഡ്ലറായിരുന്നു ഒന്നാം സീഡ്. അദ്ദേഹവും അക്കാലത്തെ കേരള ചാമ്പ്യന്‍ ഒ.ടി. അനില്‍കുമാറുമായി ഒരു മത്സരം ആകാശവാണിയില്‍വെച്ച് നടത്താന്‍ മുന്‍കൈ എടുക്കാം എന്ന് ഉമ്മര്‍കോയ സമ്മതിച്ചു. മാത്രമല്ല ഈ മത്സരത്തിന്റെ കമന്ററി നടത്താന്‍ കഴിവുള്ള ചെസ് പണ്ഡിതന്മാരെയും ഞങ്ങള്‍ക്ക് വേണ്ടുന്ന, ചുമരില്‍ തൂക്കാവുന്ന തരത്തിലുള്ള മാഗ്‌നറ്റിക് ചെസ് ബോര്‍ഡ് പോലുള്ള ഉപകരണങ്ങളും സൗജന്യമായി തരാമെന്നേറ്റു. വാസ്തവത്തില്‍ ആകാശവാണിയും ഇന്ത്യന്‍ ചെസ് സംഘടനയും തമ്മില്‍ മാസങ്ങള്‍ സമയമെടുക്കുന്ന കത്തിടപാടിലൂടെമാത്രം നടക്കുമായിരുന്ന ഒരു കാര്യമാണ് ഉമ്മര്‍കോയയുമായിനടന്ന അരമണിക്കൂര്‍ സംഭാഷണത്തില്‍ തീരുമാനമായത്.
അതിഗംഭീരമായിത്തന്നെ ലോകചാമ്പ്യന്‍ഷിപ്പ് നടന്നു. വിശ്വനാഥന്‍ ആനന്ദാണ് മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയത്. ചെസ് ബോര്‍ഡില്‍ അനുവദനീയമല്ലാത്ത ഒരു നീക്കം വെളുത്ത നൈറ്റുകൊണ്ട് നടത്തി ചെസ് ഒട്ടും അറിയാത്ത മുഖ്യമന്ത്രി കെ. കരുണാകരന്‍ കളി തുടങ്ങി. തെറ്റായ അതേ നീക്കം കറുത്ത നൈറ്റ് കൊണ്ട് ആനന്ദും നടത്തി. കണ്ടുനിന്നവരും ആനന്ദും മുഖ്യമന്ത്രിയും പൊട്ടിച്ചിരിച്ചുകൊണ്ട് ഉദ്ഘാടനം.
ഉമ്മര്‍കോയയുടെ ഭരണസാരഥ്യത്തിന്റെ അവസാനകാലത്ത് ഏറെ വിവാദങ്ങളും ഉണ്ടായി എന്നും വിസ്മരിക്കുന്നില്ല. പക്ഷേ, ഒന്ന് സത്യമാണ്. ഇത്ര സംഘാടകമികവും കളിയെക്കുറിച്ച് അറിവുമുള്ള നേതൃത്വം പിന്നീട് കോഴിക്കോടിന് കിട്ടിയിട്ടില്ല. ഇത്ര വലിയ ചെസ് ചാമ്പ്യന്‍ഷിപ്പുകള്‍ പിന്നീട് കോഴിക്കോട്ട് നടന്നിട്ടുമില്ല.
Content Highlights: PT Ummerkoya, who hosted the big cities only championship on the Kozhikode coast
Content Highlights: