ടിൻ കുപ്പികൾ വെടിവെച്ചിട്ട് തുടങ്ങിയ പെൺകുട്ടി, ആശുപത്രിയിൽ നിന്നെത്തി സ്വന്തമാക്കിയത് ഇരട്ടസ്വർണം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ഹരിയാണയിലെ ജിന്ദ് ജില്ലയിലെ സംഗത്പുര ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച പെൺകുട്ടി. ചെറുപ്പത്തിൽ കബഡിയായിരുന്നു അവളുടെ ഇഷ്ടവിനോദം. സ്‌കൂൾ കാലത്ത് തുടങ്ങി സംസ്ഥാനതലം വരെ കബഡി കളിച്ചെങ്കിലും പിന്നീട് ജീവിതത്തിന്റെ ദിശ മാറി. 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ബന്ധു ലക്ഷയ് ഷെറോണിന്റെ നേട്ടമാണ് അവളെ ഷൂട്ടിങ്ങിന്റെ ലോകത്തെത്തിക്കുന്നത്. ടിൻ കുപ്പികളും ലോഹക്കഷണങ്ങളും ലക്ഷ്യമാക്കി വെടിയുതിർത്ത് പഠിച്ച ആ പെൺകുട്ടി വർഷങ്ങൾക്കിപ്പുറം ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത് ഒന്നല്ല, രണ്ട് സ്വർണ മെഡലുകളാണ്. കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ചും ഇന്ത്യൻ ഷൂട്ടിങ് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചിരിക്കുകയാണ് നീരു ദണ്ഡ എന്ന ഹരിയാണക്കാരി.

ജപ്പാനിലെ ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഷൂട്ടിങ്ങിൽ വനിതകളുടെ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീം ഇനത്തിലുമാണ് 26-കാരിയായ നീരു ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്. ഏഷ്യൻ ഗെയിംസ് വ്യക്തിഗത ട്രാപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് നീരു. 1978-ൽ രൺധീർ സിംഗ് സ്വർണം നേടിയ ശേഷം ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം അണിയുന്ന ആദ്യത്തെ ഇന്ത്യൻ താരവും. ഹാങ്ചൗവിലെ കഴിഞ്ഞ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഏഴ് സ്വർണ മെഡലുകൾ നേടിയ ഇന്ത്യയ്ക്ക് നഗോയയിലെ പ്രതിസന്ധികൾ നിറഞ്ഞ ഷൂട്ടിങ് ക്യാമ്പയിനിലെ ആദ്യ സ്വർണനേട്ടം കൂടിയായിരുന്നു നീരുവിന്റേത്.

ചൊവ്വാഴ്ച രാവിലെ ഹരിയാണയിലെ സംഗത്പുര ഗ്രാമത്തിൽ, 48 കാരിയായ സുദേഷ് ദേവി ബിപിഎൽ കാർഡും പിടിച്ച് റേഷൻ കടയിലേക്ക് നടക്കുമ്പോഴാണ് ആ ഫോൺ കോൾ എത്തുന്നത്. വീട്ടിൽ ടിവിയോ സ്മാർട്ട്ഫോണോ ഇല്ലാത്തതിനാൽ മത്സരത്തിന്റെ വിവരങ്ങൾ തത്സമയം അറിയാൻ അവർക്ക് സാധിച്ചിരുന്നില്ല. മകൾ സ്വർണം നേടിയെന്ന വാർത്ത റേഷൻ വാങ്ങി വീട്ടിലെത്തിയ ശേഷവും സുദേഷ് ദേവിക്ക് പൂർണമായി വിശ്വസിക്കാൻ കഴിഞ്ഞില്ല.

മത്സരത്തിന് രണ്ട് ആഴ്ച മാത്രം ബാക്കിനിൽക്കെ കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയാണ് നീരു കടന്നുപോയത്. ഭോപ്പാലിലെ ദേശീയ ക്യാമ്പിനിടെ എച്ച്1എൻ1 പനി സംശയിച്ച് മൂന്ന് ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്ന നീരു, അഞ്ച് ദിവസം ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചത്. മൂന്നര ആഴ്ചയോളം പരിശീലനം നടത്താൻ അവർക്ക് സാധിച്ചതുമില്ല. തുടർന്ന്, ആവശ്യത്തിന് പരിശീലനമില്ലാതെയാണ് നീരു നഗോയയിൽ എത്തിയത്. മത്സരദിവസം ഷൂട്ടിങ് റേഞ്ചിൽ കനത്ത മഴ പെയ്‌തെങ്കിലും, 'ഇന്ന് കൊടുങ്കാറ്റ് വന്നാലും താഴേക്ക് നോക്കരുത്' എന്ന് സ്വയം ഓർമിപ്പിച്ചുകൊണ്ട് നീരു ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ടീം ട്രാപ്പിൽ മൂന്ന് തവണ വെള്ളി മെഡൽ നേടിയ വ്യക്തിഗത പരിശീലകൻ മാൻഷർ സിങ്ങും ദേശീയ പരിശീലകൻ പീറ്റർ വിൽസണും നീരുവിന് വലിയ പിന്തുണ നൽകി.

നാട്ടിലെ കുളത്തിന് സമീപത്തുവെച്ച് അമ്മാവൻ ഒരു ചെറിയ ടിൻ ഷീറ്റിലേക്ക് വെടിവെക്കാൻ ആവശ്യപ്പെട്ടതോടെയാണ് നീരുവിന്റെ ഷൂട്ടിങ് യാത്ര ആരംഭിക്കുന്നത്. 2018-ലെ ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഷൂട്ടിങ്ങിൽ വെള്ളി നേടിയ കസിൻ ലക്ഷയ് ഷെറോൺ ആണ് നീരുവിന് പ്രചോദനമായത്. സൗജന്യമായി തോക്കുകൾ നൽകുന്നുണ്ടെന്നറിഞ്ഞ് 2019-ൽ മധ്യപ്രദേശ് ഷൂട്ടിങ് അക്കാദമിയിലേക്ക് നീരു മാറി. മുൻ ദേശീയ ഗുസ്തി ചാമ്പ്യനായ അമ്മാവൻ സോംവീർ ഒരു പഴയ കൺട്രി ഡബിൾ ബാരൽ തോക്ക് നൽകിയാണ് നീരുവിന്റെ കഴിവ് ആദ്യമായി പരിശോധിച്ചത്. വീടിനടുത്തുള്ള ഒരു കുളത്തിന് സമീപം ടിൻ കപ്പുകൾ ലക്ഷ്യമാക്കി വെടിവെച്ചായിരുന്നു ആ പെൺകുട്ടിയുടെ ആദ്യ പരിശീലനം. പിന്നീട് ലക്ഷയ്‌യുടെ മാതാപിതാക്കളാണ് നീരുവിനെ മധ്യപ്രദേശ് സ്റ്റേറ്റ് ഷൂട്ടിങ് അക്കാദമിയിലെത്തിക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് ലക്ഷയ് ആണ് ഷൂട്ടിങ് ഉപകരണങ്ങൾ ക്രമീകരിച്ചു നൽകിയതും തന്റെ റൈഫിൾ പരിശീലനത്തിനായി നൽകിയതും.

കൂടുതൽ സ്പോർട്സ് വാർത്തകൾ തത്സമയം വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സ്​ാപ്പ് ഗ്രൂപ്പിൽ ചേരുക.https://chat.whatsapp.com/ECaGHUcffX96qzTuF5ureh

താരതമ്യേന നല്ല ചെലവ് വരുന്ന കായിക ഇനമാണ് ഷൂട്ടിങ്. തോക്കിനും ജാക്കറ്റിനും മറ്റ് ഉപകരണങ്ങൾക്കുമെല്ലാമായി ലക്ഷങ്ങൾ വരും. ഇത്ര ചെലവേറിയ ഒരു കായികവിഭാഗത്തെ പിന്തുണയ്ക്കാനുള്ള സാമ്പത്തികശേഷി നീരുവിന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഹരിയാനയിലെ ഖാപ് മേഖലയിലുള്ള സംഗത്പുരയിലെ ഒരു ഒറ്റമുറി വീട്ടിലാണ് നീരുവിന്റെ കുടുംബം താമസിച്ചിരുന്നത്. മകളുടെ കായിക സ്വപ്നങ്ങൾക്കായി അമ്മ സുദേഷ് ദേവി എരുമപ്പാൽ വിറ്റാണ് പണം കണ്ടെത്തിയിരുന്നത്. 56-കാരനായ പിതാവ് സുരേഷ് ദണ്ഡയും കുടുംബവും കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും മകളെ തുടർച്ചയായി പിന്തുണച്ചു. ലോകം എന്തുപറഞ്ഞാലും തന്നിൽ വിശ്വാസമർപ്പിക്കാൻ നീരു അമ്മയോട് പറയുമായിരുന്നു. കുടുംബത്തിനായി ഒരു നല്ല വീട് നിർമിച്ച ശേഷവും, സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തിയ ശേഷവും മാത്രമേ വിവാഹം കഴിക്കൂ എന്ന് നീരു വാക്കുനൽകിയിരുന്നു.

നാഗോയയിൽ നടന്ന മത്സരത്തിൽ കനത്ത മഴയും കടുത്ത തണുപ്പും നീരുവിന് വലിയ പരീക്ഷണം തീർത്തു. മഴ കാരണം തോക്കിന്റെ ഗ്രിപ്പ് നഷ്ടപ്പെടാതിരിക്കാൻ സ്വയം സംസാരിച്ച് മനസാന്നിധ്യം നിലനിർത്താൻ നീരു ശ്രദ്ധിച്ചു. യോഗ്യതാ റൗണ്ടിൽ 95 എന്ന സ്‌കോറോടെ ഒന്നാമതെത്തിയ നീരു, നാഗോയയിലെ ഒരു ബംഗ്ലാദേശി റെസ്റ്റോറന്റിൽ നിന്ന് ദാലും റൊട്ടിയും കഴിച്ച് ലളിതമായ ദിനചര്യകൾ പിന്തുടർന്നാണ് ചരിത്രവിജയം സ്വന്തമാക്കിയത്.

ഈ വർഷം ആദ്യം ഇറ്റലിയിലെ ലോനാറ്റോയിൽ നടന്ന ലോകക്കപ്പിൽ മെഡൽ നേടിയ നീരു, ഇന്ത്യൻ ആർമിയെയാണ് പ്രതിനിധീകരിക്കുന്നത്. തന്റെ ഈ ചരിത്രപരമായ സ്വർണ മെഡൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികർക്കും, 1978-ൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യനാവുകയും ഈ വർഷം അന്തരിക്കുകയും ചെയ്ത മുൻ ചാമ്പ്യൻ രാജാ രഞ്ജിത് സിങ്ങിനും നീരു സമർപ്പിച്ചു.

Content Highlights: Neeru Dhanda won two gold medals in trap shooting (individual and mixed team) at the Aichi Nagoya Asian Games., She became the first Indian woman to win an individual trap gold at the Asian Games., Hailing from a humble farmer's family in Haryana, she overcame severe financial struggles and a health crisis before the tournament., Her journey started by shooting at tin cans, inspired by her cousin Lakshay Sheoran.