ചരിത്രത്തിലേയ്ക്ക് യാത്രപോവാൻ ബസ് മുതൽ ബുള്ളറ്റ് ട്രെയിൻ വരെ

ആദ്യകാലത്ത് ജപ്പാൻ റെയിൽവേ വകുപ്പ് ഓടിച്ചിരുന്ന ബസ്സു മുതൽ ആധുനിക ബുള്ളറ്റ് ട്രെയിനുകൾവരെ... തീവണ്ടികളുടെ യന്ത്രഭാഗങ്ങൾ മുതൽ തീവണ്ടിപ്പാളം ഒരുക്കുന്ന മെറ്റൽവരെ... ജപ്പാന്റെ തീവണ്ടിചരിത്രം പറയുന്ന മ്യൂസിയമാണ് നഗോയയിലെ 'മാഗ്ലെവ് ആൻഡ് റെയിൽവേ പാർക്ക്'. കുട്ടികൾമുതൽ പ്രായമായവർക്കുവരെ കൗതുകംതോന്നിക്കുന്ന കാഴ്ചകളാണ് നഗോയ തുറമുഖത്തിനടുത്തുള്ള പാർക്കിൽ കാണാനാവുക.
വിവിധ കാലഘട്ടങ്ങളിൽ ജപ്പാനിൽ നിർമിച്ച മുപ്പതോളം തീവണ്ടികളുടെ ഓരോ ബോഗികൾ വീതമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവ കണ്ടുനടക്കുക മാത്രമല്ല, ഓരോന്നിന്റെയും ഉള്ളിൽക്കയറാൻ പ്ലാറ്റ്ഫോമടക്കം നിർമിച്ചാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. തീവണ്ടികൾക്കു മുന്നിൽനിന്നും വശങ്ങളിൽനിന്നും ഉള്ളിൽക്കയറിയുമൊക്കെ ചിത്രങ്ങൾ പകർക്കാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അത്യാവേശം.
1930-കളിൽ ജപ്പാനിൽ റെയിൽവേ വകുപ്പ് ഓടിച്ചിരുന്ന ബസ്സാണ് കൂട്ടത്തിൽ വ്യത്യസ്തം. 6.27 മീറ്റർ നീളവും 1.93 മീറ്റർ വീതിയുമുള്ള വണ്ടി 4730 സി.സി.യാണ്. ആധുനിക ബുള്ളറ്റ് ട്രെയിനുകളുടെ യഥാർഥഭാഗങ്ങളും ഇവിടെയുണ്ട്. മണിക്കൂറിൽ 581 കിലോമീറ്റർ വേഗത്തിലോടി റെക്കോഡിട്ട 'എം.എൽ.എക്‌സ്.01-1' എന്ന തീവണ്ടിയുടെ ഭാഗവുമുണ്ട്. പാർക്കിനുള്ളിലെ ഒരു മിനി തിയേറ്ററിൽ ജപ്പാനിലെ റെയിൽവേ ചരിത്രം വീഡിയോകളിലൂടെ വിശദീകരിക്കുന്നു.
മറ്റൊരിടത്ത്, എൻജിൻ ഡ്രൈവർ ഓടിക്കുന്ന ഒരു ഭാഗം തീവണ്ടിയുടെ മുൻഭാഗവും ചേർത്ത് സീറ്റോടെ സ്ഥാപിച്ചിരിക്കുന്നു. ഇതിനുമുന്നിലുള്ള സ്‌ക്രീനിൽ റെയിൽവേ സ്റ്റേഷൻ പ്രദർശിപ്പിച്ചിരിക്കുന്നു. എൻജിൻ ഡ്രൈവറുടെ സീറ്റിലിരുന്നാൽ വണ്ടി ശരിക്കും റെയിൽവേ സ്റ്റേഷനിൽ എത്തിയതുപോലെ. വിവിധ റെയിൽവേ സോണുകളിൽ വണ്ടികൾ എങ്ങനെ സർവീസ് നടത്തുന്നുവെന്ന് ഓടുന്ന ചെറുമാതൃകാ തീവണ്ടികളടക്കം ഒരു വലിയ മുറിയിൽ ഒരുക്കിവെച്ചിരിക്കുന്നു. കെട്ടിടങ്ങൾക്കിടയിലെ പാലത്തിലൂടെ വണ്ടി ഓടുന്നതും റെയിൽവേ സ്റ്റേഷനിലെത്തി നിൽക്കുന്നതും കണ്ടാൽ യഥാർഥത്തിലുള്ളതു തന്നെയെന്നുതോന്നും. അസാമാന്യമായ പ്രയത്‌നമുണ്ടായിരിക്കണം ഇതൊരുക്കാൻ. കാന്തികപ്രഭാവത്തിൽ തീവണ്ടി അതിവേഗം എങ്ങനെ സഞ്ചരിക്കുന്നുവെന്നതിന്റെ മാതൃകകളും ഇവിടെക്കാണാം. 1200 യെൻ (741.48 രൂപ) ആണ് ടിക്കറ്റ് നിരക്ക്.
Content Highlights: Displays Japan's railway evolution from early buses to modern bullet trains., Features around 30 historical train carriages visitors can enter., Showcases the record-breaking MLX01-1 maglev train., Offers interactive exhibits including train simulator seats., Affordable ticket pricing at 1200 Yen.