ആ രാത്രി ഫെഡറർ മറക്കില്ല, കായികലോകവും;പുല്‍കോര്‍ട്ട് കീഴടക്കിയ നദാലിനെ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂര്‍ണമെന്റായ വിംബിൾഡണിലെ അതികായനാണ് റോജർ ഫെഡറർ. ഫെഡറര്‍ പുല്‍കോര്‍ട്ടില്‍ നടത്തിയ കുതിപ്പിന് സമാനതകളില്ല. 2003 മുതല്‍ 2007 വരെ സെന്റര്‍കോര്‍ട്ടില്‍ ആ സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ നിറഞ്ഞാടിയപ്പോള്‍ കായികലോകമൊന്നടങ്കം അത്ഭുതത്തോടെ നിന്നു. ആ കുതിപ്പിന് ആര് തടയിടുമെന്ന ചോദ്യം. ഒരു വര്‍ഷത്തിനിപ്പുറം 2008 ല്‍ അതിന് മറുപടിയെത്തി. ഒരു സ്പാനിഷുകാരനിലൂടെ. കളിമണ്‍കോര്‍ട്ടില്‍ ചരിത്രം കുറിച്ചുതുടങ്ങിയ റാഫേല്‍ നദാല്‍ പുല്‍കോര്‍ട്ടില്‍ ഫെഡററെ ഞെട്ടിച്ചു. കേവലം അഞ്ച് സെറ്റ് നീണ്ട പോരാട്ടം മാത്രമായിരുന്നില്ല അത്. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നുകൂടിയായി അത് രേഖപ്പെടുത്തപ്പെട്ടു. ഫെഡററെ വീഴ്ത്തി കണ്ണുപൊത്തി കിടന്ന നദാലിനെ ടെന്നീസ് ലോകത്തിന് മറക്കാനാവില്ല.
2001-ലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിൽ സാംപ്രസിനെ ഞെട്ടിച്ചാണ് ഫെഡററിന്റെ അത്ഭുതയാത്ര തുടങ്ങുന്നത്. ഭാവിയിലെ മികച്ചവനാകുമെന്ന് അന്നേ കായികപ്രേമികള്‍ പറഞ്ഞുവെച്ചിരുന്നു. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന പ്രകടനമായിരുന്നു ഫെഡററിന്റേത്. മുന്നോട്ടുളള കുതിപ്പില്‍ അയാള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പോലും ആര്‍ക്കുമായില്ല. വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ ഫെഡറർ പലതവണ ചരിത്രം കുറിച്ചു. 2003-മുതൽ 2007 വരെ ആ കുതിപ്പ് തുടർന്നു.ഫൈനലിലെ എതിരാളികള്‍ക്ക് മാത്രമായിരുന്നു മാറ്റം. 2004-ലും 2005-ലും ആന്‍ഡി റോഡിക്കായിരുന്നു എതിരാളി. പിന്നീടുളള രണ്ട് വര്‍ഷങ്ങളില്‍ റാഫേല്‍ നദാലും. വിജയം ഒരേ ഒരാള്‍ക്ക് മാത്രം.
2008-ലും വിബിംള്‍ഡണിലെ കലാശപ്പോരാട്ടത്തില്‍ മാറ്റമുണ്ടായിരുന്നില്ല. റാഫേല്‍ നദാല്‍ തന്നെയായിരുന്നു എതിരാളി. തുടര്‍ച്ചയായ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഫെഡറര്‍ കളിക്കാനിറങ്ങിയത്. പച്ചപ്പുല്‍കോര്‍ട്ടിന്റെ ചരിത്രപുസ്തകത്തില്‍ അപ്പോഴേക്കും റോജര്‍ ഫെഡറര്‍ എന്ന പേര് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അയാളുടെ സര്‍വുകളിലും ഡ്രോപ്പ് ഷോട്ടുകളിലുമെല്ലാം ലോകം മതിമറന്ന നിമിഷങ്ങള്‍. സകലമാന റെക്കോഡുകളും ഫെഡറര്‍ തകര്‍ത്തെറിയുമെന്ന് കായികലോകം ആശങ്കകളേതുമില്ലാതെ ഉറപ്പിച്ചു.
തുടര്‍ച്ചയായ മൂന്നാം തവണയും റോജര്‍ ഫെഡററും റാഫേല്‍ നദാലും വിംബിള്‍ഡണിലെ സെന്റര്‍കോര്‍ട്ടില്‍ കിരീടത്തിനായി റാക്കറ്റേന്തുമ്പോള്‍ ആരാധകര്‍ ആവേശക്കൊടുമുടിയിലേക്ക് വലിച്ചെറിയപ്പെട്ടു. എല്ലാവരും സാധ്യത കല്‍പ്പിച്ചത് ഫെഡററിനു തന്നെയാണ്. പച്ചപ്പുല്‍ക്കോര്‍ട്ടിലെ ആ അത്ഭുതയാത്രക്ക് തടയിടാന്‍ കഴിയണമെങ്കില്‍ അവിടെ മറ്റൊരു അതികായന്‍ പിറവിയെടുത്തിരിക്കണം.
കളിമണ്‍കോര്‍ട്ടില്‍ അപരാജിത കുതിപ്പ് നടത്തിക്കൊണ്ട് നില്‍ക്കുകയാണ് നദാല്‍. പക്ഷേ തുടര്‍ച്ചയായ രണ്ട് വട്ടവും പച്ചപ്പുല്‍കോര്‍ട്ടില്‍ അദ്ദേഹത്തിന് പിഴച്ചു. 2005-മുതല്‍ 2008-വരെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയാണ് കളിമണ്‍ കോര്‍ട്ടിലെ യാത്ര തുടങ്ങുന്നത്. അവിടെ വിജയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വിംബിള്‍ഡണിലെത്തുന്നത്. ഇവിടെയും വിജയിക്കാനായാല്‍ ചരിത്രമാകും. അത് പക്ഷേ അത്ര എളുപ്പമല്ല.
2008-ജൂലായ് ആറിന് വിംബിള്‍ഡണ്‍ ഫൈനലിനായി മൈതാനമൊരുങ്ങിക്കഴിഞ്ഞു. പച്ചപ്പുല്ലില്‍ വെള്ളയും വെളളയും നിറം ചാലിച്ച രണ്ട് താരങ്ങള്‍. ലോകമൊന്നടങ്കം ആ പോരാട്ടത്തിനായി ഇമചിമ്മാതെ കാത്തിരുന്നു. ഗാലറികളിലെ നിലയ്ക്കാത്ത ആരവങ്ങള്‍ക്കിടയിലൂടെ അവര്‍ റാക്കറ്റേന്തിത്തുടങ്ങി. ആദ്യ സെറ്റുകളില്‍ തന്നെ നദാല്‍ മികച്ച പ്രകടനം പുറത്തെടുത്തു. 6-4 എന്ന സ്‌കോറിന് ആദ്യ രണ്ട് സെറ്റും നദാല്‍ സ്വന്തമാക്കി. അനായാസം കിരീടത്തിലേക്കടുത്തുകൊണ്ടിരുന്നു. പക്ഷേ ഫെഡറര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ആവേശപ്പോരാട്ടത്തിനൊടുക്കം മൂന്നാം സെറ്റ് 6-6 എന്ന സ്‌കോറിലായി. മത്സരം ടൈ-ബ്രേക്കറിലേക്ക് നീണ്ടു. അവിടെ 5-7 ന് മുന്നേറി ഫെഡറര്‍ മൂന്നാം സെറ്റ് കരസ്ഥമാക്കി. ആവര്‍ത്തനമെന്നപോലെ നാലാം സെറ്റും ടൈ-ബ്രേക്കറിലേക്ക് നീണ്ടു. അവിടെയും വിജയിച്ച് നാലാം സെറ്റും ഫെഡറര്‍ തന്നെ നേടി. രണ്ട് താരങ്ങളും രണ്ട് സെറ്റ് വീതം നേടിയതോടെ വിജയിയെ നിര്‍ണയിക്കാന്‍ അഞ്ചാം സെറ്റ് പോരാട്ടം.
ആകാംക്ഷയോടെ കായികപ്രേമികളൊന്നടങ്കം അഞ്ചാം സെറ്റിലേക്ക് കണ്ണും നട്ടിരുന്നു. പരാജയം വിട്ടുകൊടുക്കാന്‍ സമ്മതിക്കാത്ത പോരാളികളെപ്പോലെ ഇരുവരും മൈതാനത്ത് പോരാടിക്കൊണ്ടേയിരുന്നു. സ്വാഭാവകമായി കളി പര്യവസാനിക്കുന്ന ആദ്യത്തെ പന്ത്രണ്ട് ഗെയിമുകള്‍ക്കപ്പുറവും വിജയിയെ നിര്‍ണയിക്കാനാവാതെ വന്നു. ഇഞ്ചോടിഞ്ച് പോരാട്ടം. 5-5, 6-6,7-7,എന്നിങ്ങനെ പോരാട്ടം അതിന്റെ പാരമ്യത്തിലേക്ക് കുതിച്ചു. അപ്പോഴും വിജയിയെ നിര്‍ണയിക്കാനാവാതെ വന്നു. അവര്‍ പോരാടിക്കൊണ്ടേയിരിക്കുന്നു. കാണികള്‍ അപ്രസക്തമായതുപോലെ തോന്നി. തൂവെളള നിറം ചാലിച്ചുവെച്ച മാലാഖമാരെപ്പോലെ അവിടെ അവര്‍ മാത്രം. അവരുടെ ലോകത്ത് മറ്റാര്‍ക്കാണ് പ്രസക്തിയെന്ന് ഒരു നിമിഷം അവിടെ കൂടിയവര്‍ ആശ്ചര്യപ്പെട്ടുകാണണം. അതിന് മുമ്പ് ലോകം അങ്ങനെയൊരു പോരാട്ടം കണ്ടിട്ടില്ലല്ലോ.
അഞ്ചാം സെറ്റിലെ 7-7 എന്ന സ്‌കോറിന് ശേഷം മത്സരത്തിന്റെ ഗതി മാറി. കടുത്ത പോരാട്ടത്തില്‍ ഫെഡററിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് നദാല്‍ ലീഡ് നേടി. നാല് മണിക്കൂറും നാല്‍പ്പെത്തിയെട്ടുമണിക്കൂറിനൊടുക്കം റഫാല്‍ നദാല്‍ മൈതാനത്ത് കണ്ണുപ്പൊത്തിക്കിടന്നു. അപ്പോഴേക്കും അവിടെ ചരിത്രം പിറവിയെടുത്തിരിന്നു. നദാല്‍ തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. നിറഞ്ഞ കണ്ണുകളോടെ ഗാലറി മുഴുവന്‍ കയ്യടിച്ചു. ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരം കാണാനായതിന്റെ ചാരിതാര്‍ഥ്യത്തില്‍ കളിയാരാധകര്‍ മുഴുവന്‍ തിരിഞ്ഞുനടന്നു.
Content Highlights: Nadal ends Federers Wimbledon run 2008