28 വർഷത്തെ കാത്തിരിപ്പിന് അവസാനം; ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മീരാബായ് ചാനു ചരിത്രത്തിലേക്ക്

നഗോയ: ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിനാണ് ബുധനാഴ്ച മീരാബായ് ചാനു അറുതിവരുത്തിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലായിരുന്നു ചാനുവിന്റെ വെള്ളിനേട്ടം. 1998-ൽ കർണം മല്ലേശ്വരി വെങ്കലം നേടിയ ശേഷം ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
മത്സരത്തിൽ ആകെ 198 കിലോഗ്രാം ഉയർത്തിയാണ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്‌നാച്ചിൽ ആദ്യ ശ്രമത്തിൽ 83 കിലോഗ്രാം ഉയർത്തിയ താരം, തുടർന്ന് 85 കിലോഗ്രാമും പിന്നീട് 88 കിലോഗ്രാമും വിജയകരമായി ഉയർത്തി മത്സരത്തിന്റെ ആദ്യ പകുതിയിൽ മൂന്നാം സ്ഥാനത്തെത്തി. ശേഷം ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാം ഉയർത്തി മികച്ച പ്രകടനത്തോടെ താരം വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു.
ഈ ചരിത്രവിജയത്തോടെ ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെല്ലാം മെഡൽ തികയ്ക്കാൻ ചാനുവിന് സാധിച്ചു. കൂടാതെ കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് എന്നീ പ്രധാന അന്താരാഷ്ട്ര പോരാട്ടങ്ങളിലെല്ലാം മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഭാരോദ്വഹന താരമെന്ന നേട്ടവും ചാനുവിന് സ്വന്തമായി.
ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ, ലോക ചാമ്പ്യൻഷിപ്പിലെ ഒരു സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ, കോമൺവെൽത്ത് ഗെയിംസിലെ മൂന്ന് സ്വർണ്ണമടക്കമുള്ള മെഡലുകൾ, ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കലം എന്നിവയാണ് മീരാബായുടെ മുൻകാല നേട്ടങ്ങൾ.
ഈ ഇനത്തിൽ 215 കിലോഗ്രാം (സ്‌നാച്ച് 94 കിലോ + ക്ലീൻ ആൻഡ് ജെർക്ക് 121 കിലോ) ഉയർത്തിയ ഉത്തര കൊറിയയുടെ ലോക ചാമ്പ്യൻ റി സോങ് ഗും റെക്കോഡ് പ്രകടനത്തോടെ സ്വർണം നേടി.
Content Highlights: Mirabai Chanu won the silver medal in the women's 49kg weightlifting category at the Asian Games., This ended India's 28-year wait for a weightlifting medal in the Asian Games since Karnam Malleswari in 1998., Chanu lifted a total of 198 kg (88 kg snatch + 111 kg clean and jerk)., With this win, she completed her medal sweep across the Olympics, Asian Games, and Commonwealth Games.