സ്വപ്നങ്ങൾക്ക് നിറംപകർന്ന് മിറാ ആന്‍ഡ്രീവ

റഷ്യന്‍ പെണ്‍കൊടികള്‍ വനിതാ ടെന്നീസിനെ തീപ്പിടിപ്പിച്ച വര്‍ഷമാണ് 2004. അതുവരെ റഷ്യന്‍ വനിതകള്‍ക്ക് കിട്ടാക്കനിയായിരുന്ന ഗ്രാന്‍ഡ് സ്ലാം കിരീടം ഒന്നല്ല, മൂന്നെണ്ണമാണ് ആ വര്‍ഷം അവര്‍ നാട്ടിലെത്തിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ അനസ്താസിയ മിസ്‌കിനയിലൂടെ തുടങ്ങി വിംബിള്‍ഡണില്‍ മരിയ ഷറപ്പോവയും തുടര്‍ന്ന് യു.എസ്.ഓപ്പണില്‍ സ്വെറ്റ്‌ലാന കുസ്‌നോട്‌സോവയും ജേതാക്കളായതോടെ വനിതാ ടെന്നീസിലെ റഷ്യന്‍ വിപ്ലവം ലോകം കണ്ടു.
മിസ്‌കിന പാതിവഴിയില്‍ വീണു പോയെങ്കിലും ഷറപ്പോവയും കുസ്‌നട്‌സോവയും വീണ്ടും ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുയര്‍ത്തി രാജ്യത്തിന്റെ അഭിമാനമായി. ഷറപ്പോവ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കൂടി നേടിയപ്പോള്‍ (ഫ്രഞ്ച് ഓപ്പണ്‍ രണ്ടു തവണയും ഓസ്‌ട്രേലിയന്‍ ഓപ്പണും യു.എസ്.ഓപ്പണും ഓരോ തവണ കൂടിയും) കുസ്‌നട്‌സോവ ഒരു തവണകൂടി (ഫ്രഞ്ച് ഓപ്പണ്‍ ) ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായി. പ്രതിഭയുടെ ധാരാളിത്തമുണ്ടായിരുന്നിട്ടും ഷറപ്പോവയുടെ ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടങ്ങള്‍ അഞ്ചിലൊതുങ്ങിയെന്ന യാഥാര്‍ഥ്യവുമുണ്ട്. 2014-ല്‍ ഷറപ്പോവ കരിയറിലെ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം ഇതുവരെ ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിടാന്‍ മറ്റൊരു റഷ്യന്‍ വനിതയ്ക്കായിട്ടില്ല. വനിതാ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍മാരുടെ എണ്ണമാകട്ടെ മൂന്നില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നു. മിറാ ആന്‍ഡ്രീവയെന്ന ടീനേജ് സെന്‍സേഷന്‍ ഈ കാത്തിരിപ്പിന് വിരമാമിടുമെന്ന പ്രതീക്ഷ ഇപ്പോള്‍ കായികപ്രേമികളില്‍ ഉയര്‍ന്നു കഴിഞ്ഞു. അവരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന പ്രകടനങ്ങളാണ് 2025 സീസണിന്റെ തുടക്കത്തില്‍ തന്നെ താരം കാഴ്ച വയ്ക്കുന്നത്.
Content Highlights: Mira Andreeva tennis WTA 1000 Grand Slam Russian tennis Aryna Sabalenka Iga Swiatek teen tennis star